”എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു”
”ഹോ ഈ അച്ചായന്‍റെ കാര്യം ..ദേ വരാന്തയില്‍ ചാരുകസേരയിട്ട് ഇരിക്കാനുള്ള കാലമായി അപ്പോഴാണ് ഒരു ശൃംഗാരം …എന്‍റെ സോളമാ..മതി മതി ..മോള് പ്ലസ്‌ടുവിലാ …..”
ജോസഫും ആന്‍സിയും വീഡിയോകോളില്‍ സംസാരിക്കുന്നത് ഞാന്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.രാവിലേയും രാത്രിയിലും.കിടക്കുമ്പോള്‍ പരസ്പ്പരം ഉമ്മകള്‍ പങ്കുവച്ച് …അങ്ങനെ അങ്ങനെ ..
മണലാരണ്യത്തിലെ ചൂടിലും തണുപ്പിലും അവര്‍ അകലങ്ങളില്‍നിന്നും ഹൃദയം കൈമാറും.ഒരുദിവസം അച്ചായന്‍ ഫോണ്‍ ചെയ്തില്ലെങ്കില്‍ മിസ്സ്കാള്‍ അടിച്ചില്ലെങ്കില്‍ ആന്‍സി വിളിക്കുന്നത് എന്നെയാണ് ,കാരണമറിയാന്‍.അല്ലെങ്കില്‍ ആകെ ടെന്‍ഷനാവും.
ഞാനും ജോസഫ്അച്ചായനും ഒരു മുറിയിലായിരുന്നു താമസ്സിച്ചിരുന്നത്. ഞാന്‍ ജോലിക്കുപോകാനുള്ള സൗകര്യത്തിനായി ഇപ്പോള്‍ വേറൊരു സ്ഥലത്ത് മറ്റൊരു ഫ്ലാറ്റില്‍ വേറെരണ്ടു സുഹൃത്തുക്കളുമായി ഒരു’മുറി’ മുറിച്ച് മൂന്നാക്കി താമസം തുടങ്ങി.
ഈ ജോസഫോ ഒറ്റയ്ക്ക് അല്പം അകലെ മറ്റൊരുറൂമില്‍ ‘സോളമനായി, മുന്തിരിത്തോട്ടങ്ങളില്‍ ‘മധുരമില്ലാത്ത നാരങ്ങകള്‍ പൂവിടുന്നതും പുളിക്കുന്നമുന്തിരി തളിര്‍ക്കുന്നതും നോക്കി മൊബൈല്‍ തരംഗങ്ങളിലൂടെ പ്രണയാക്ഷരങ്ങളും ഉമ്മകളും പരസ്പരം കൈമാറി,ഷുഗറിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവുകളുടെ താരതമ്യം പറഞ്ഞും ദിവസങ്ങള്‍ തള്ളിനീക്കി, നാട്ടിലേക്കുപോകാനുള്ള ദിവസങ്ങളുമെണ്ണി,അങ്ങനെ അങ്ങനെ …
ഞാനോ ‘പുതിയ കൂട്ടുകെട്ടുകളില്‍ ഇന്ദ്രലോകംതീര്‍ത്ത് അല്പസ്വല്പം സോമരസം കുടിച്ചും രസിച്ചും
‘ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി ‘
ജോസഫിന് പ്രഷറും ഷുഗറുമൊക്കെയുണ്ടെന്നുമനസ്സിലായില്ലേ.മിക്കപ്പോഴും ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതും മരുന്നുവാങ്ങിക്കൊടുക്കുന്നതും.
ഇതിനിടയില്‍ ആന്‍സി എപ്പോഴോ ഫോണ്‍നമ്പര്‍ മാറ്റി,ഞാനതറിഞ്ഞില്ല.
ഒരുദിവസം രാവിലെ എന്‍റെ മൊബൈലില്‍ നാലഞ്ച് മിസ്സ്ഡ് കാളുകള്‍,നാട്ടിലെനമ്പര്‍.ഞാന്‍ തലേദിവസത്തെ ഹാങ്ങോവറില്‍ ആയിരുന്നു.ബോധം വന്നപ്പോള്‍ ആ നമ്പരില്‍ തിരിച്ചുവിളിച്ചു.ഒരു സ്ത്രീശബ്ദം….അയ്യോ ഇത് ആന്‍സിയാണല്ലോ..
”എന്താ ചേച്ചീ ..വിളിച്ചത് .. ..!”ഞാന്‍ ചോദിച്ചു
”അച്ചായന്‍ ഇന്ന് രാവിലെ വിളിച്ചില്ലാ ..അതാ ”
”ഇന്ന് രാവിലെ ഹോസ്പിറ്റലില്‍ പോകുമെന്നുപറഞ്ഞു.ഒന്നുപോയി നോക്കുമോ ?”
”ഈ ചേച്ചിയുടെ കാര്യം …യെരൂശലേംപുത്രീ ..സോളമന്‍ ഉറക്കത്തിലാകും .. ഞാന്‍ ഇപ്പോള്‍ ഡ്യുട്ടിയിലാ..ഉച്ചയ്ക്കുപോയിനോക്കാം….”
ഞാന്‍ കള്ളം പറഞ്ഞുകൊണ്ട് വീണ്ടും മയക്കത്തിലേക്ക് .
”കാലം ഘനീഭൂതമായ് നില്ക്കുമക്കര-
ക്കാണാക്കയങ്ങളിലൂടെ ..
‘എങ്ങോട്ടുപോയി നീ’
ഉച്ചയ്ക്ക് ജോസഫിനെത്തേടി ഞാന്‍ പോയി
അതേ ജോസഫ് ഉറക്കത്തിലാണ് ..ഉണരാത്ത ഉറക്കത്തില്‍ . മുറിയില്‍ ജോസഫ് മരിച്ചുകിടക്കുന്നു.ആരുമറിഞ്ഞില്ല.ഞാന്‍ എങ്ങനെ ചേച്ചിയെവിളിച്ചുപറയും….ഒടുവില്‍ നമ്മളെല്ലാവരുംകൂടെ ഒരു തിരുമാനം എടുത്തു.
ഫോണ്‍ചെയ്ത് ഇങ്ങനെപറയേണ്ടിവന്നു.
”പ്രഷര്‍ കൂടുതലായി’ഹോസ്പിറ്റലില്‍ കിടക്കുന്നു,മിക്കവാറും ഉടനേ നാട്ടില്‍ വരും ”എന്ന് .
മുഖപുസ്തകത്തില്‍ ആരും പോസ്റ്റ് ഇടരുതേയെന്ന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.ഭാഗ്യം ആരും ഇട്ടില്ല.
വീണ്ടും വീണ്ടും മിസ്സ്ഡ് കാള്‍..ഞാന്‍ പറഞ്ഞു
‘ഇന്ന് ഉച്ചയ്ക്ക് ഇവിടെനിന്നും തിരിക്കും’.
അവര്‍ കാത്തിരുന്നു ..സോളമനെ …
ദിവസങ്ങള്‍ കടന്നുപോയി..
എല്ലാം കഴിഞ്ഞു…വീണ്ടും ഒരു മിസ്സ്ഡ്കാള്‍ ..ഞാന്‍ തിരികെ വിളിച്ചു.
ചേച്ചി എന്നോട് ചോദിക്കുകയാണ് ….
”ഞാന്‍ വിളിച്ചപ്പോള്‍ നീ പോയി നോക്കിയിരുന്നെങ്കില്‍ …അച്ചായന്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ അല്ലേ ?”
എന്‍റെ ഹൃദയം നിശ്ചലമായി ……എന്‍റെ കള്ളുകുടിയെ ഞാന്‍ ഒരുവേള ശപിച്ചു …മിഴികള്‍ അടച്ചു.ഒരശ്ശരീരി പോലെ ഞാന്‍ എന്തോ കേട്ടുവോ
”രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും”
ദീപു ആറ്റിങ്ങല്‍✍