സിലിഗുരി എന്ന സ്ഥലനാമം ഞാൻ ആദ്യമായി കേൾക്കുന്നത് മഞ്ജു വാര്യരുടെ ഒരു സിനിമയിലാണ്. ആ സിനിമയിൽ കൂടി ഞാൻ അറിഞ്ഞ ആ സ്ഥലത്തേക്കുറിച്ച് അതിനു മുൻപ് ഞാൻ ഒരിക്കലും കേട്ടിരുന്നില്ല. പക്ഷേ തികച്ചും യാദൃശ്ചികമായി കൽക്കട്ടയിലേക്ക് പോകേണ്ടി വന്നപ്പോൾ എന്റെ ബംഗാളി സ്നേഹിതൻ ബിമൽ ചക്രവർത്തിയുടെ വീട്ടിലേക്ക് പോകുവാൻ ഞാൻ തീരുമാനിച്ചത് ശരിക്കും ഞാൻ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്.
മാൽഡാ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെയുള്ള മെയിൻ സ്റ്റേഷൻ സിലിഗുരിയാണ്. ഗംഗാ നദിയുടെ തീരത്തെ സമതല പ്രദേശങ്ങളിൽ നിറയെ മാവുകൾ. അവ ചെറുതും വലുതും ഉണ്ട്. ഏപ്രിൽ മാസം ആയതിനാൽ മാവുകൾ എല്ലാം കായ്ച്ചിരുന്നു. മാവുകളിൽ നിറയെ മാങ്ങാ തൂങ്ങിയാടുന്നു. പശ്ചിമ ബംഗാളിൽ മാൽഡാ മാങ്ങക്ക് പ്രിയമേറെയാണ്. മാൽഡായിലെ മാമ്പഴം വലുപ്പം കൂടിയതും മാധുര്യം നിറഞ്ഞതുമാണ്.
ഗംഗാനദി സമൃദ്ധമായി മാൽഡായിലെ മണ്ണിനെ തണുപ്പിക്കുന്നതിനാൽ ഇടതൂർന്ന മാവിൻ തോട്ടങ്ങൾ മാൽഡായിൽ ധാരാളം ഉണ്ട്. ട്രെയിനിലെ ജനൽകാഴ്ചകൾ കണ്ട് മതിമറന്നു ഞാനിരുന്നു.
സിലിഗുരി സ്റ്റേഷൻ അടുക്കാറായപ്പോൾ മാവിൻ തോട്ടങ്ങൾ അപ്രത്യക്ഷമായി. പകരം പരന്നു കിടക്കുന്ന തേയിലതോട്ടങ്ങൾ കാഴ്ചയെ മനോഹരമാക്കി. ദൂരെ ഉയർന്നു കാണുന്ന ഡാർജലിംഗ് മലകളിൽ നിന്നും ഒഴുകിയിറങ്ങി വരുന്ന കാറ്റിന് നേരിയ തണുപ്പ്. പച്ച പരവതാനിയുടെ ഇടയിൽ അങ്ങിങ് ഉയർന്നു നിൽക്കുന്ന കാറ്റാടി മരങ്ങൾ. നോക്കെത്താദൂരത്തോളം പടർന്നു കിടക്കുന്ന തേയില തോട്ടങ്ങൾ.
സിലിഗുരി ഇത്ര മനോഹരമായ സ്ഥലമാണ് എന്നെനിക്ക് അറിയില്ലായിരുന്നു. ബിമൽ ചക്രവർത്തി ഒരിക്കലും എന്നോട് സിലിഗുരിയുടെ കുളിരു നിറഞ്ഞ മാസ്മര ഭംഗിയെക്കുറിച്ച് പറഞിട്ടേ ഉണ്ടായിരുന്നില്ല. ഒരുപക്ഷെ സിലിഗുരിക്ക് അപ്പുറമുള്ള ജൽപ്പഗുഡി എന്ന സ്ഥലത്ത് താമസിക്കുന്നതിനാൽ ആയിരിക്കണം ഈ സിലിഗുരി എന്ന പേരും അതിന്റെ വിശേഷങ്ങളും ബിമൽ എന്നോട് പറയാതിരുന്നത്.
ഉച്ചതിരിഞ്ഞു ഏകദേശം മൂന്നുമണിയോടടുത്ത സമയം ഞാൻ സഞ്ചരിച്ച ട്രയിൻ കിതപ്പോടെ സിലിഗുരി സ്റ്റേഷനിൽ എത്തി. ഏപ്രിൽ മാസത്തെ ചൂടിന് നേരിയ കുളിരലകൾ സമ്മാനിക്കുന്ന സിലിഗുരിയുടെ നേർത്ത കാറ്റ് എന്നിൽ ഒരു സഞ്ചാരിയുടെ കൗതുകവും, സന്തോഷവും നിറച്ചിരുന്നു.
“സുഹാന സഫർ ആജ് മോസം ഹസി ”
ഞാൻ സന്ദര്ഭത്തിനു ചേരുന്ന എനിക്കറിയാവുന്ന പഴയ ഹിന്ദിപ്പാട്ട് മൂളിയത് തികച്ചും സന്തോഷം കൊണ്ടു മാത്രമായിരുന്നു.
വൃത്തിയുള്ള സ്റ്റേഷൻ പരിസരം. റെയിൽവേ സ്റ്റേഷന് പുറത്ത് ഇടതു വശത്ത് ഐ ലവ് സിലിഗുരി എന്ന് ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിരിക്കുന്നു. ആ ലവ് എന്ന ചുവന്ന ഹൃദയത്തിനു മുന്നിൽനിന്നുകൊണ്ട് ഞാൻ ഒരു ഫോട്ടോ എടുത്ത് കൃഥാർത്ഥനായി നിൽക്കവേ തൊട്ടടുത്ത് ഒരു ശബ്ദം കേട്ടു. ആരോ ആക്രോശിക്കുന്നു. ഒരു കുഞ്ഞ് ഉറക്കെ കരയുന്നു. സിലിഗുരിയുടെ ഹൃദയം ഉപേക്ഷിച്ച് ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.
ഉറക്കെയുറക്കെ ഒരു ചെറിയ ആൺകുഞ്ഞു നിലവിളിക്കുന്നു. റയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ചില്ലു ഭിത്തികളുള്ള മുന്തിയ ഹോട്ടലിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടുവയസ്സുള്ള മുഷിഞ്ഞ ഉടുപ്പിട്ട, മുഖത്തു ചെളി പുരണ്ട എന്നാൽ വളരെ ഓമനത്തം നിറഞ്ഞ ആ കൊച്ചു പയ്യനെ ഹോട്ടലിന്റെ കവാടത്തിൽ നിലയുറപ്പിച്ച കാവൽക്കാരൻ തള്ളിതാഴെയിട്ടപ്പോൾ ആ കുഞ്ഞു വലിയ വായിൽ നിലവിളിച്ചതാണ്.
അവന്റെ അമ്മ, അൽപ്പം കീറിയ, മുഷിഞ്ഞ വസ്ത്രം ധരിച്ച, തടിച്ച ശരീരമുള്ള, എന്നാൽ ക്ഷീണിച്ച അവശതയാർന്ന കണ്ണുകളുള്ള ഒരു സ്ത്രീ ആയിരുന്നു. അവർ ആ ഹോട്ടലിന് മുന്നിൽ കാവൽ നിൽക്കുന്ന കാവൽക്കാരൻ തൻറെ കുഞ്ഞിനെ താഴേക്ക് തള്ളിയിട്ടതിൽ ക്രൂദ്ധയായി, അയാളോട് ദേഷ്യപ്പെട്ടുകൊണ്ട് ആ ഹോട്ടലിന്റെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കവേ അവരെയും ആ കാക്കി നിറമുള്ള ഉടുപ്പണിഞ്ഞ കാവൽക്കാരൻ കഴുത്തിൽ പിടിച്ചു തള്ളി നിഷ്‌ക്കരുണം ചവിട്ടുവാൻ കാലുയർത്തി.
വിശപ്പിലും, അപമാനത്തിലും ശിരസു കുനിച്ച് തൻറെ കുഞ്ഞിനെ വാരിയെടുത്ത് ആ അമ്മ റെയിൽവേ സ്റ്റേഷന് സമീപത്ത് വിരിച്ച ഒരു കീറിയ പുതപ്പിലേക്ക്, അതിന്റെ ഒരു വശത്ത് കെട്ടിവച്ചിരിക്കുന്ന രണ്ടു ഭാണ്ഡങ്ങളുടെ മറവിലേക്ക് ചെരിഞ്ഞു കിടന്ന് ആ കരയുന്ന, വിശക്കുന്ന തൻറെ കുഞ്ഞിന് മുലയൂട്ടാൻ ശ്രമിച്ചു.
ആ കുഞ്ഞ് ഉറക്കയും ആ അമ്മ നിശബ്ദമായും കരയുകയായിരുന്നു. അമ്മയുടെ മുലഞെട്ടുകൾ അവന്റെ കരച്ചിലിനെ, വിശപ്പിനെ ചെറുതായെങ്കിലും ആശ്വസിപ്പിച്ചിട്ടുണ്ടാകണം അവന്റ തേങ്ങൽ നേർത്തു നേർത്തു വന്നു.
അൽപ്പമകലെ ഇതൊക്കെ വീക്ഷിച്ചുകൊണ്ടു നിന്ന എനിക്ക് ആകെ സങ്കടം തോന്നി. അൽപ്പം മുൻപ് സിലിഗുരിയിലെ കുളിരിൽ പാട്ടു പാടി സന്തോഷിച്ചു ട്രെയിനിൽ നിന്നിറങ്ങിയ എന്റെ ഹൃദയത്തിൽ വിശന്നു കരഞ്ഞ ആ കുഞ്ഞിന്റെ കരച്ചിലും, അപമാനത്താലും, സങ്കടത്താലും നിശബ്ദം കരഞ്ഞ ആ അമ്മയുടെ കണ്ണുനീരും ചിതറിയൊഴുകി.
ഞാൻ ആ ഹോട്ടലിലെ ചില്ലു ഭിത്തിയുടെ അകത്തേക്കു നോക്കി. അവിടെ നിരനിരയായി കുറേ ആളുകൾ കറുത്ത വലിയ കുഷ്യൻ കസേരകളിൽ ഇരുന്ന് ഐസ്ക്രീം നുണയുന്നു. അപ്പോഴാണ് എനിക്ക് ആ കുഞ്ഞു കരഞ്ഞ കാര്യം മനസ്സിലായത്. ആളുകൾ ഐസ് ക്രീം കഴിക്കുന്നത് കണ്ട് കൊതി തോന്നി അവൻ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ്, അപ്പോഴാണ് കാവൽക്കാരൻ അവനെ പുറത്തേക്ക് തള്ളിയത്. മകന് ഒരു ഐസ് ക്രീം വാങ്ങി നൽകാൻ ആ അമ്മ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ അവർ ഒരു ദാരിദ്രയും, ഭിക്ഷക്കാരിയും ആയതിനാൽ അവരെയും ആ കാവൽക്കാരൻ അസഭ്യം പറഞ്ഞു കഴുത്തിനു പിടിച്ചു പുറം തള്ളി. പണം കൊടുത്താലും ദാരിദ്രർക്ക് ഭക്ഷണം നൽകാത്ത മുതലാളിത്ത സംസ്ക്കാരം.
അകത്ത് എ സി യുടെ കുളിരിൽ, ഐസ് ക്രീമിന്റെയും, മുന്തിയ ഭക്ഷണങ്ങളുടെയും രുചിയിൽ മനം നിറഞ്ഞു, മതിമറന്നു ഇരിക്കുന്നവർക്ക് കാവൽക്കാരൻ ചെയ്ത പ്രവർത്തി നന്നേ രസിച്ച മട്ടാണ്. അവർ പുറത്തേക്ക് നോക്കി അവജ്ഞനിറഞ്ഞ മുഖഭാവത്തോടെ ആ അമ്മയെയും കുഞ്ഞിനേയും കുറിച്ചു സംസാരിക്കുന്നത് ആ മുന്തിയ ഹോട്ടലിന്റെ ഉള്ളിൽ കയറിയ ഞാൻ കേൾക്കാനിടയായി.
ഞാൻ ആ കുഞ്ഞിനെ നോക്കി. അതാ അവൻ വീണ്ടും ഹോട്ടലിന്റെ അടുത്തേക്ക് നടന്നു വരുന്നു. അവന്റെ അമ്മ കുഞ്ഞിന് പാലുകൊടുത്തുകൊണ്ട് ഉറങ്ങിപ്പോയി, ആ കീറിയ പുതപ്പിനുള്ളിലെ ഭാണ്ടത്തിന്റെ മറവ് അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വിശപ്പും ക്ഷീണവും കൊണ്ട് അവർ നേരെ കിടന്നുറങ്ങിപ്പോയി.
മറവില്ലാത്ത മാതൃത്ത്വത്തിന്റെ മാറിലെ നഗ്നതയുടെ കാഴ്ചകാണാൻ രണ്ടുമൂന്നു തെരുവിലെ കാഴ്ചക്കാർ, അതുകൂടാതെ ഭിക്ഷക്കാരായ രണ്ടു വൃദ്ധൻമാരും കൊതിയോടെ, തെല്ലും ജാള്യതയില്ലാതെ നിർനിമേഷം അവരെ നോക്കി നിൽക്കുന്നു. സ്റ്റേഷന്റെ പുറത്തെ തിണ്ണയിൽ കിടക്കുന്ന അവരെ നോക്കി മാന്യമായി വസ്ത്രം ധരിച്ച സ്ത്രീകൾ നടന്ന് അവരുടെ മുന്നിൽകൂടി പോകുന്നു. ഇവരൊക്കെ എങ്ങനെ സ്ത്രീകളായി എന്നോർത്തു ഞാൻ ആശ്ചര്യപ്പെട്ടു. തൊട്ടു മുന്നിൽ ഒരു സ്ത്രീ, ഒരമ്മ കുഞ്ഞിന് പാലൂട്ടി തളർന്നു മയങ്ങിപ്പോയി, അവരറിയാതെ അവർ ഒന്നു തിരിഞ്ഞു കിടന്നു പോയി, അതു കണ്ടിട്ടും ആ സ്ത്രീകൾ മയങ്ങിപ്പോയ അവരെ ഒന്നു വിളിക്കുകയോ, അവരുടെ തുറന്ന മാറിലേക്ക് ആ വൃത്തികുറഞ്ഞ തുണിക്കക്ഷണം എടുത്തിടുകയോ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു
വീണ്ടും ഹോട്ടലിന്റെ ചില്ലു വാതിൽക്കൽ വന്ന കുട്ടിയെ കോപത്തോടെ കാവൽക്കാരൻ തൂക്കി ഏറിയും മുൻപ് ഞാൻ അവനെ എടുത്ത് മാറോടു ചേർത്തു. എന്നിട്ട് ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു.
അവൻ ആ രണ്ടു വയസുകാരൻ അത്ഭുതത്തോടെ എന്നെ നോക്കി, എന്നിട്ട് നിഷ്കളങ്കമായി ചിരിച്ചു. എന്നിൽ അറിയാതെ ഒരു കോരിത്തരിപ്പ്, എന്നിലെ അച്ഛൻ ആർദ്രമായി ഉണർന്നു.
അവനെ അവന്റെ അമ്മയുടെ അടുത്തേക്ക് വിട്ടപ്പോൾ അവൻ വീണ്ടും അമ്മയുടെ മുകളിലേക്ക് കിടന്ന് പാലുകുടിക്കാൻ ശ്രമിച്ചു. ഭാഗ്യം അമ്മ അറിയാതെ അവനെ ചേർത്തു പിടിച്ചുകൊണ്ട് ആ ഭാണ്ടത്തിന്റെ മറവിലേക്ക് വീണ്ടും ചെരിഞ്ഞു കിടന്നു.
ഞാൻ ആ ഹോട്ടലിൽ നിന്ന് ഒരു ബിരിയാണിയും ഒരു ഐസ് ക്രീംമും വാങ്ങി വീണ്ടും അവരുടെ അടുത്തെത്തി
“ബഹൻജി ”
ഞാൻ അവരെ വിളിച്ചു
എന്നെ കണ്ടപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചാടി എഴുനേറ്റു.
ഞാൻ ആ ഐസ് ക്രീം അവനു നേരെ നീട്ടി.
അവൻ ഏറെ സന്തോഷത്തോടെ, കൊതിയോടെ അതു വാങ്ങി.
ബിരിയാണിപ്പൊതി നിലത്തു വച്ച് ഞാൻ തിരിച്ചു നടന്നു.
സ്റ്റേഷന്റെ മുന്നിലെ ടാക്സിയിൽ കയറി ജൽപ്പാഗുടിയിലേക്ക് പോകും മുൻപ് ഞാൻ അവനെ നോക്കി.
അവൻ ആ കുഞ്ഞിക്കൈകൊണ്ട് ഐസ്ക്രീം കോരി തിന്നുന്നു. ആ ബിരിയാണിപ്പൊതി ചേർത്തു പിടിച്ച് അവന്റെ അമ്മ അവനെ സന്തോഷത്തോടെ നോക്കിയിരിക്കുന്നു.
ആ അമ്മയുടെ കണ്ണിൽ തളർന്ന ഒരു താരാട്ട് ഞാൻ കണ്ടു. എന്റെ നെഞ്ചിലും
സുനു വിജയൻ✍
(ഒരു നേരെഴുത്ത്)