17.1 C
New York
Sunday, November 27, 2022
Home Literature സമയം (കഥ) ✍സുനിത സുകുമാരൻ അടാട്ട്

സമയം (കഥ) ✍സുനിത സുകുമാരൻ അടാട്ട്

✍സുനിത സുകുമാരൻ അടാട്ട്

Bootstrap Example

ഇന്ന് ഉണർന്നതേ മഴയിലേക്കാണ്. ജനലഴികളിൽ തട്ടിത്തെറിച്ച മഴത്തുള്ളികളാണ് ഉണർത്തിയത് എന്ന് പറയുന്നതാവും ശരി. അതോ മഴയെ സ്നേഹിച്ച മാലതിയുടെ ഈറൻ വിരലുകളോ?

പുറത്ത് മഴ താളം നിർത്തി, പതിയെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ്.

കാലം നൽകിയ, സ്നേഹവും നൊമ്പരവും ഇടകലർന്ന മഴ…

സമയം പോയതറിഞ്ഞില്ല..

ആദ്യമായുള്ള വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോൾ മാലതി ഇല്ലല്ലോ കൂടെ എന്ന സങ്കടം ഹരിദാസിനെ വല്ലാതെ വീർപ്പുമുട്ടിച്ചു. മാലതിയുള്ളപ്പോൾ ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനെയൊരു യാത്ര പോകാൻ. പ്രാരാബ്ധങ്ങൾ ഒഴിഞ്ഞ് ഇരുവർക്കും സമയം കിട്ടിയില്ല. മോന്റെ വിദേശപഠനവും യാത്രകളുമൊക്കെയായി ബാദ്ധ്യതകൾ ഏറെ ഉണ്ടായിരുന്നു.

“നമുക്ക് രണ്ടാൾക്കുമൊന്നിച്ച് ഒരു ഭാരതപര്യടനം നടത്തണം ട്ടോ ഹര്യേട്ടാ. എന്നിട്ട് മതി വിദേശ യാത്ര!” മാലതിക്ക് യാത്രകൾ സ്വപ്നമായിരുന്നു.

വിരമിച്ചപ്പോൾ കുറച്ച് സ്ഥലം വിറ്റ്, ചില ബാദ്ധ്യതകൾ തീർത്ത്, യാത്രകൾക്ക് ഒരുങ്ങുകയായിരുന്നു മാലതിയും ഹരിദാസും.

“കുട്ടാ… എനിക്ക് വിമാനത്തിൽ കയറി കുറേ ദൂരം യാത്ര ചെയ്യണം. നിന്റടുത്തേക്കാവട്ടെ എന്റേം ഹര്യേട്ടന്റേം ആദ്യ വിമാനയാത്ര. നീ ഞങ്ങൾക്ക് വിസ ശരിയാക്കണം ട്ടോ.” മാലതിയൊരിക്കൽ മോനോട് പറഞ്ഞത് ഓർക്കുന്നു.

മോനന്ന് വെറുതെ ചിരിച്ചു.

കുട്ടന്റെ കല്യാണം കഴിഞ്ഞ് അവൻ ഭാര്യയെയും കൊണ്ട് വിദേശത്ത് പോയപ്പോൾ തീരുമാനിച്ചിരുന്നു, രാജ്യത്തിനകത്തും പുറത്തുമായി മാലതിയേയും കൂട്ടി സ്വസ്ഥമായി യാത്രപോകണമെന്ന്. കൂട്ടത്തിൽ കുറച്ച് ദിവസം വിദേശത്ത് മോന്റടുത്തും പോയി നിൽക്കാമെന്ന് മോഹിച്ചിരുന്നു.

അപ്പോഴാണ് നാട്ടിൽ അവന്റെ വീടുപണി. അത് അച്ഛന്റെ മേൽനോട്ടത്തിൽത്തന്നെ വേണമെന്ന് നിർബന്ധം. രണ്ട് വർഷമെടുത്തു അതൊന്ന് തീരാൻ. സമയം എപ്പോഴും ആഗ്രഹങ്ങളെ പിന്നിലാക്കി അതിന്റെ വഴിക്ക് പോകും.

മോനും കുടുംബവും ഗൃഹപ്രവേശനത്തിനായി നാട്ടിൽ എത്തിയിരുന്ന ദിവസങ്ങളിലൊന്നിൽ, മാലതി ഉണരാതുറങ്ങി. ഹരിദാസിനെ തനിച്ചാക്കി അവൾ പോയി. വിമാനയാത്ര പോയിട്ട്, മാലതി ആഗ്രഹിച്ച, രണ്ടാളും കൂടിയുള്ള നാട്ടിലെ യാത്രകൾ പോലും സാധിക്കാതെ! ഹൃദയസ്തംഭനമായിരുന്നെന്ന് മരണം സ്ഥിരീകരിച്ച ഡോക്ടർ പറഞ്ഞു.

കോരിച്ചൊരിയുന്ന മഴ ഉമ്മറത്തിണ്ണയിലിരുന്ന് ആസ്വദിച്ച്, അന്നുറങ്ങാൻ പോകുമ്പോൾ വൈകിയിരുന്നു. പതിവുപോലെ അവളുടെ തല, തന്റെ തോളിനുതാഴെ നെഞ്ചിലേയ്ക്ക് ചേർത്തുവച്ച് കെട്ടിപ്പിടിച്ചാണ് ഉറങ്ങിയത്. എന്നിട്ടുമെന്തേ ആ ഹൃദയതാളത്തിന്റെ ഏറ്റക്കുറച്ചിൽ താനറിയാതെപോയി? പതിവുവിളി കേൾക്കാതെ അന്നുണർന്നപ്പോൾ, അരികിൽ പതിവിലും തണുപ്പോടെ മാലതി ഉറങ്ങുന്നു.

ഇത്രനേരം ഉറങ്ങുന്നത് പതിവില്ലല്ലോ. പകൽ മുഴുവൻ പണിയും എല്ലാരേയും ഊട്ടലുമൊക്കെയായിരുന്നല്ലോ. ഉറങ്ങിക്കോട്ടേയെന്ന് കരുതി ഒന്ന് പുതപ്പിച്ച് നെറ്റിയിൽ ഉമ്മവച്ചു. തന്റെ ചുണ്ടുകളിൽ പതിവുള്ള ചൂടല്ല, വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടല്ലോ! കുലുക്കി വിളിച്ചു. ഉണർന്നില്ല…

കത്തുന്ന നിലവിളക്കിനു കീഴെ വെറും നിലത്ത്, നാളികേരമുറികളിലെ തിരിവെളിച്ചത്താൽ ചുറ്റപ്പെട്ട് വെള്ളപുതപ്പിച്ചു കിടത്തിയപ്പോഴും, തന്റെ ചുണ്ടിലെ തണുപ്പിൽ, മാലതിയുടെ നെറ്റിയിലേക്ക് പടർന്നിരുന്ന കുങ്കുമത്തിന്റെ മണം ഉണ്ടായിരുന്നതായി ഹരിദാസിന് തോന്നി. ജീവിതയാത്രയിൽ തന്നെ പാതിവഴിയിലാക്കി മാലതി പോയെന്ന സത്യം മനസ്സ് അംഗീകരിച്ചതേയില്ല.

ഒരുമാസം കഴിഞ്ഞ് മോനും കുടുംബവും തിരിച്ചുപോയി. മാലതിയുടെ ഹര്യേട്ടാ.. എന്ന വിളി നിലച്ചിട്ടും ആ വിളികൾ ഊണിലും ഉറക്കത്തിലും ഹരിദാസിന് അനുഭവപ്പെടാറുണ്ട്. രണ്ട് വർഷം തികച്ചും ഒറ്റയ്ക്കായിരുന്നു. ഉറക്കത്തിൽ കട്ടിലിൽ ബാക്കിവന്ന സ്ഥലം എന്നും നൊമ്പരമായി.

ഇപ്പോൾ മോൻ വിസയുമായി വന്നിരിക്കുന്നു, അച്ഛനെ കൊണ്ടുപോവാൻ.

അച്ഛാ… “കുട്ടികൾ നല്ല അടക്കവും ചിട്ടയുമായി വളരാൻ മുത്തച്ഛനോ അമ്മൂമ്മയോ ഒക്കെ കൂടെ ഉണ്ടാവുന്നതാ നല്ലതെന്ന് ശ്രീജ പറയാൻ തുടങ്ങീട്ട് കാലം കുറേയായി. എനിക്കും അത് ശരിയാന്ന് തോന്നുന്നു. അച്ഛൻ ഇവിടെ എത്ര കാലാ ഇങ്ങനെ ഒറ്റയ്ക്ക്? ഞങ്ങളോടൊപ്പം പോരൂ”.

ശ്രീജ കുട്ടന്റെ ഭാര്യയാണ്. ശ്രീജയ്ക്ക് നല്ലൊരു ജോലി കിട്ടിയിട്ടുണ്ട്, കുട്ടന്റെ ഓഫീസിനടുത്ത്തന്നെ . ഇരട്ടക്കുട്ടികളാണ് അവർക്ക്. അവർ സ്കൂളിൽ പോവാൻ തുടങ്ങിയിരിക്കുന്നു. അവരെ നോക്കാൻ ഒരാളെ നിർത്തുന്നതിലും ഭേദമല്ലേ അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടാവുന്നത് എന്ന് വ്യംഗ്യം. നാട്ടിലെ വീടിന് വാടകക്കാരെപ്പോലും ഏർപ്പാടാക്കിയാണ് വന്നിരിക്കുന്നത്.

മുറ്റത്തെ മാവിനെ ചാരിനിന്ന് വളർന്ന മുല്ല, മൊട്ടിട്ട് ചുറ്റിപ്പടർന്നു നിൽക്കുന്നു. അങ്ങിങ്ങായി ചില മൊട്ടുകൾ വിരിഞ്ഞിട്ടുമുണ്ട്. കിണറ്റിൻകരയിൽ മാലതി മരിക്കുവോളം കുട്ടിത്തം വിടാതെ നിന്ന കറിവേപ്പിന് കുഞ്ഞിശ്ശാഖകൾ വന്നിരിക്കുന്നു. എല്ലാം മാലതി നട്ടു നനച്ച് വളർത്തിയവ. അവയെയെല്ലാം വിട്ടു പോകാൻ മനസ്സ് വരുന്നില്ല.

കോണിയകത്ത് മിന്നുപ്പൂച്ച പ്രസവിച്ചുകിടക്കുന്നുണ്ട്. മൂന്ന് കുറിഞ്ഞിക്കുട്ടികൾ. കോണിയിറങ്ങി നടക്കവേ, മിന്നു വാലുയർത്തിപ്പിടിച്ച് ശരീരം ഹരിദാസിന്റെ കാലിൽ ഉരസിയുരസി സ്നേഹപ്രകടനം നടത്തി.

“ഇവരിവിടെ അകത്ത് പെടണ്ട. തള്ളേം പിള്ളേരേം പുറത്ത് കൊണ്ടുവയ്ക്കാം.” കുട്ടൻ പൂച്ചക്കുട്ടികളെ വാരിയെടുത്ത് പുറത്തേക്ക് നടന്നപ്പോൾ മിന്നുപ്പൂച്ച വാവിട്ട് കരഞ്ഞ് പിന്നാലെ ഓടി.

പെൻഷനാവുന്ന സമയത്ത് ഊട്ടിയിൽ കുറച്ചുദിവസം സർവീസിൽ ഉണ്ടായിരുന്നപ്പോൾ, അവിടെ വന്നുനിന്നകാലത്ത് മാലതി ഉപയോഗിച്ച സ്വെറ്ററും ഷാളുമെടുത്ത് നെഞ്ചോട്‌ ചേർത്തുപിടിച്ചു. അതിലിപ്പഴും മാലതിയുടെ ശരീരത്തിന്റെ ഗന്ധം ഹരിദാസിന് അനുഭവിക്കാനായി. വരും യാത്രകളിലേക്ക് മാലതി കരുതിവച്ചതായിരുന്ന അതും ഹരിദാസിന്റെ ബാഗിൽ ഇടംപിടിച്ചു.

എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി വന്നുനിന്നപ്പോൾ, മാലതി വളർത്തിയ പൂച്ച ദയനീയമായി തന്നെ നോക്കി, കുറച്ചുദൂരം വണ്ടിക്കുചുറ്റും നടക്കുന്നത് കണ്ടു.
ഹരിദാസ് വീടിനകത്ത് ഒന്നുകൂടി കയറി. ഒരിക്കൽകൂടി തങ്ങൾ ഒന്നിച്ചുറങ്ങിയ കട്ടിലിൽ കിടക്കാൻ തോന്നി. ഇനിയൊരു തിരിച്ചുവരവ് എന്ന്, എങ്ങിനെ എന്നാർക്കറിയാം?

കുട്ടനും ശ്രീജയും എന്തൊക്കെയോ യാത്രാനിർദ്ദേശങ്ങൾ തരുന്നുണ്ട്. കൊച്ചുമക്കൾ പാട്ടുപോലെ എന്തൊക്കെയോ പറയുന്നുണ്ട്. നാല് വീടപ്പുറത്തുനിന്ന് ഏട്ടനും ഏട്ടത്തിയമ്മയും പേരക്കുട്ടികളെയുംകൊണ്ട്, തന്നെ യാത്രയാക്കാൻ വന്നിട്ടുണ്ട്. അടുത്ത വീട്ടിലുള്ളവരും യാത്രപറയാൻ വന്നുപോവുന്നുണ്ട്. ഒന്നും ഹരിദാസിന്റെ മനസ്സിലേക്കെത്തുന്നില്ല. താൻ മാലതിയെ ഇവിടെ ഉപേക്ഷിച്ചുപോകുന്നപോലൊരു വിങ്ങലായിരുന്നു മനസ്സിൽ.

“ഇതായിരുന്നു മാലതീ നമ്മുടെ വിദേശയാത്രയുടെ സമയം. നിന്നെ മനസ്സിൽ ചേർത്തിരുത്തി ഞാനിന്ന് വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണ്. നമ്മുടെ മോന്റെ മക്കളെ സമയാസമയങ്ങളിൽ ഭക്ഷണം കൊടുത്ത് വേണ്ടപോലെ നോക്കിവളർത്താൻ ഒറ്റയ്ക്കുള്ള യാത്ര!”
ഹരിദാസിന്റെ കണ്ണുനീർ ഹൃദയത്തിലേക്ക് ഒഴുകി.

മാലതിയുടെ ഫോട്ടോയ്ക്ക് മുന്നിൽ, അവസാനമായി കത്തിച്ചുവച്ച തിരി താഴ്ത്തി, തിരിഞ്ഞൊന്ന് നോക്കാതെ, നടന്ന് എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടിയിൽ കയറി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ മുല്ലപ്പൂമണമുള്ള ഒരിളംകാറ്റ് മുടിയിഴകളെ തഴുകിപ്പോയി. ഹരിദാസ് മാവിനെ പുണർന്നുനിൽക്കുന്ന മുല്ലവള്ളിയിലേക്ക് ദയനീയമായി നോക്കി.

✍സുനിത സുകുമാരൻ അടാട്ട്

Facebook Comments

COMMENTS

- Advertisment -

Most Popular

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: