17.1 C
New York
Wednesday, August 17, 2022
Home Literature തലമുറ മാറ്റം (കഥ) ✍ഒ. കെ. ശൈലജ ടീച്ചർ

തലമുറ മാറ്റം (കഥ) ✍ഒ. കെ. ശൈലജ ടീച്ചർ

✍ഒ. കെ. ശൈലജ ടീച്ചർ

പുതിയ കാറ് വാങ്ങിയപ്പോൾ മകൻ പറഞ്ഞു” അമ്മേ നമുക്ക് കന്നിയാത്ര അമ്മയുടെ തറവാട്ടിലേക്കായാലോ”
ഏറെയിഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു.
ഈയ്യിടെയായി മനസ്സിലൊരു പാട് ആഗ്രഹങ്ങൾ മുളപൊട്ടുന്നു. നഷ്ട സ്വപ്നങ്ങളുടെ അവശേഷിപ്പുകൾ. ഒരു പക്ഷേ നാളുകളേറെയായിട്ടനുഭവിക്കുന്ന ഏകാന്തതയുടെ ബാക്കിപത്രമാകാം.. മോന്റെ വാക്കുകൾ കേട്ടപ്പോൾ ഉണങ്ങിയ മരച്ചില്ലകൾ തളിർക്കുന്നത് പോലെയുള്ളൊരു അനുഭൂതി !

പിറന്ന നാട് ! ബാല്യ കൗമാരങ്ങൾ ആടിത്തിമർത്ത ആ മണ്ണിൽ ഒരിക്കൽ കൂടി കാല് കുത്താൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും . എല്ലാം തന്നിൽ തന്നെ ഒതുക്കി വെക്കുകയായിരുന്നല്ലോ
പിന്നെ ഒട്ടും അമാന്തിക്കാതെ പുറപ്പെട്ടു. വീട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര . പുറപ്പെട്ട ശേഷം ഇടവഴികളിൽക്കൂടി മെയിൻ റോഡിലെത്തി.
“മോനേ പതുക്കെ പോകാം. ഞാനിതൊക്കെയൊന്ന് കൺകുളിർക്കെ കാണട്ടെ. നീണ്ട ഇരുപത് വർഷങ്ങൾ !!
അതെ! ആ കാലയളവിനുള്ളിൽ എന്റെ നാട്ടിൽ വന്ന മാറ്റങ്ങൾ ! എല്ലാം കണ്ടാസ്വദിക്കണമെനിക്ക് .
“അമ്മ കണ്ടോളൂ. ഞാൻ പതുക്കെ യേ പോകുന്നുള്ളൂ.”
ഓരോ കാഴ്ചകൾക്കും വല്ലാത്ത മാറ്റമുണ്ടല്ലോ? റോഡരികിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന പൂമരങ്ങൾ, ആൽമരങ്ങൾ, അക്കേഷ്യ ഒന്നും കാണുന്നില്ലല്ലോ?”
“ഇല്ല അമ്മേ നമ്മൾ ഹൈവേയിൽക്കൂടിയാണ് പോകുന്നത്. അമ്മ പേര് കാണുന്നില്ലേ ? ഇതാ…. കൈനാട്ടി എത്താറായി. ഓവർ ബ്രിഡ്ജ് കാണുന്നില്ലേ ?”
“മോനേ നിന്നോട് വഴിമാറിപ്പോയെന്നാ തോന്നുന്നത്. കൈനാട്ടി ബസ് സ്റ്റോപ്പ് കാണുന്നില്ലല്ലോ .. മുൻപ് കോളേജിൽ പോകാൻ വേണ്ടി റോഡ് മുറിച്ചു കടക്കാനാവാതെ ആ ജങ്ഷനിൽ എത്ര നേരം നിന്നിട്ടുണ്ട്. അപ്പോഴായിരിക്കും റെയിൽവേ ഗേറ്റും അടക്കുക. അപ്പോഴേക്കും കോളേജിൽ എത്തുന്നത് വൈകിയായിരിക്കും.
“ഓവർ ബ്രിഡ്ജ് വന്നപ്പോൾ ആ ബുദ്ധിമുട്ട് മാറിയല്ലോ. ആരും ആരേയും കാത്തു നില്ക്കേണ്ട. ട്രെയിനിനു പോകാനും . റോഡ് ഗതാഗതത്തിനും യാതൊരു തടസ്സവുമില്ല.
” അതൊക്കെ ശരിയാണ്. പക്ഷേ അന്നവിടെയുണ്ടായിരുന്ന തണൽ മരങ്ങളൊന്നും തന്നെ ഇല്ല. എത്ര ജീവജാലങ്ങളുടെ വാസസ്ഥലമാണ് നഷ്ടമായത്.
മണ്ണിനേയും മരങ്ങളേയും കശാപ്പ് ചെയ്തു കൊണ്ട് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നു. ആധുനികതയുടെ ക്രൂരത . നഗരവൽക്കരണം. ഗ്രാമത്തിന്റെ ചാരുതയും, കുളിർമയും, പച്ചപ്പും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വികസനങ്ങൾ .
ഇടവഴികളോ, ചെമ്മൺ പാതകളോ കാണ്മാനില്ല. എല്ലാം നാമാവശേഷമായിരിക്കുന്നു. നാലുവരിയും, ആറു വരിയും പാതകളായി. മേല്പാലങ്ങളുമായി.

ഓരോ വികസനത്തിന്റെ പിന്നിലുമുള്ള നെടു വീർപ്പുകൾ, ദീന രോദനങ്ങൾ, ചെവിയിൽ അലയടിക്കുന്നുവോ? മണ്ണിനു മീതെ വിണ്ണിനെയുമ്മവെക്കുന്ന മാമരങ്ങൾ കടപുഴകി വീഴാൻ കാത്തു നില്ക്കുന്നു. ഒപ്പം നീലാകാശത്തിനു കീഴെ മാമര ചില്ലയിൽ ചേക്കേറുന്ന പക്ഷികൾ പ്രാണരക്ഷാർത്ഥം ചിറകടിക്കുന്നു. ജീവന്റെ അവസാന നിമിഷങ്ങളെണ്ണി വിലപിക്കുകയാണവ.
മരങ്ങളുടേയും . പക്ഷികളുടേയും അവസാന ശ്വാസത്തിന് സാക്ഷിയാകാൻ നേരമില്ലാതെ കുതിച്ചു പായുകയാണ് റോഡിൽക്കൂടി വാഹനങ്ങൾ ! എത്രയും വേഗത്തിൽ ! എത്രയും മുന്നിൽ!
വേരുകൾ ദൂരെയാണെങ്കിലും തങ്ങളുടെ ചില്ലകളാൽ തെങ്ങോലകൾ സൗഹൃദം പങ്കിട്ട് ഊഞ്ഞാലാടി സ്വാതന്ത്ര്യം അനുഭവിച്ചവർ.
താവളങ്ങളും തണലുമില്ലാതെ ശ്വാസവായു കിട്ടാതെ പിടയുന്ന ജീവികൾ ! വയ്യ …..എനിക്ക് വയ്യ !! ഈ കാഴ്ച കാണാൻ.

” വണ്ടി നിർത്തൂ മോനേ …” കിതച്ചു കൊണ്ട് മോന്റെ കൈയ്യിൽ പിടിച്ചു.
“അമ്മയെന്താണീ കാണിക്കുന്നത് ? എന്ത് പറ്റി ? വണ്ടി ഓടിക്കുന്നതിനിടയിൽ പെട്ടെന്ന് കൈ പിടിച്ചാൽ അപകടം സംഭവിക്കില്ലേ ? അതും നാഷണൽ ഹൈവേയിൽ !!”
വണ്ടി പെട്ടെന്ന് സൈഡാക്കി നിർത്തിക്കൊണ്ട് മോൻ പറഞ്ഞു.
“നമ്മൾ എവിടെയാണ് എത്തിയത് ? ഒരു വിമ്മിഷ്ടത്തോടെ ഞാനത് ചോദിച്ചപ്പോൾ എന്റെ മുഖത്തെ ജിജ്ഞാസ കണ്ടിട്ട് മോനും അത്ഭുതപ്പെട്ടു.

കാറിൽ നിന്നും ഇറങ്ങി ഞാൻ നാലുപാടും ഉത്ക്കണ്ഠയോടെ ഇരുവശങ്ങളിലുമായി നോക്കി. എന്തൊക്കെയോ പരതുകയായിരുന്നു എന്റെ കണ്ണുകൾ.
പഴയ കാല സിനിമയിലെന്നപോലെ എന്റെ ഗ്രാമവും. വഴിയോരക്കാഴ്ചകളും സ്ക്രീനിൽ തെളിഞ്ഞൂ വന്നു.
നാഷണൽ ഹൈവേയാണെങ്കിലും ഗ്രാമീണത നിറഞ്ഞു നിന്നിരുന്നു എന്റെ റോഡിന്. ഓരോ ബസ് സ്റ്റോപ്പിലുമുള്ള തണൽ മരങ്ങൾ, െചറിയ ചെറിയ കടകൾ, കൊച്ചു കൊച്ചു ഓലമേഞ്ഞതും, ഓട് മേഞ്ഞതുമായ വീടുകൾ. തെങ്ങുകൾ, മാവുകൾ, വയലുകൾ, എല്ലാം കണ്ണിനു കുളിരേകുന്ന കാഴ്ചകൾ. അവയൊക്കെ എവിടെ ? റോഡിനിരുവശവും കോൺക്രീറ്റ് കെട്ടിടങ്ങൾ, മാത്രം.
” ഇതു തന്നെയാണോ എന്റെ ഗ്രാമത്തിലേക്കുള്ള വഴി ?”
“അമ്മക്കെന്താ പറ്റിയത്? എന്തൊക്കെയാ പറയുന്നത് ? വർഷങ്ങളായില്ലേ അമ്മ പുറത്തിറങ്ങിയിട്ട്. നാടിന് വന്ന വികസനങ്ങൾ, മാറ്റങ്ങൾ. ഇനിയുമെന്തൊക്കെ കാണാൻ കിടക്കുന്നു. അമ്മ കാറിൽ കയറു. നമുക്ക് പോകേണ്ടേ …”

പന്തല് പോലെ പടർന്നു നില്ക്കുന്ന ആ പൂമരത്തണലിൽ ബസ് കാത്തുനിന്നതും , ബസ് വരാതായാൽ അവയുടെ വേരിലിരുന്ന് വർത്തമാനം പറഞ്ഞതുമൊക്കെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി.
“ഹായ് അഛമ്മേ അത് നോക്കൂ …. ജെ.സി.ബി. കൂറ്റൻ ബസ് കൊച്ചു മോൻ കൂകി വിളിച്ചു കൈയ്യടിച്ചു കൊണ്ട് പറഞ്ഞു.

സാരിത്തലപ്പുകൊണ്ടു കണ്ണ് തുടക്കുമ്പോൾ കൊച്ചുമകൻ എന്റെ കൈ രണ്ടും തട്ടി മാറ്റിക്കൊണ്ട് റോഡിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓരോ വാഹനത്തിന്റെയും. വലിപ്പവും നിറവും പറഞ്ഞു. കൊച്ചുമോന്റെ സന്തോഷം കണ്ടപ്പോൾ അവനെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുമ്പോൾ മോൻ ചിരിച്ചു കൊണ്ടു പറഞ്ഞു” തലമുറ മാറ്റം”.

✍ഒ. കെ. ശൈലജ ടീച്ചർ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: