17.1 C
New York
Sunday, November 27, 2022
Home Literature ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

✍ഡോളി തോമസ്, കണ്ണൂർ

Bootstrap Example

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്.

‘പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു തള്ളിയതല്ല. എന്തോരം ചോരയാ ചിന്നുക്കുട്ടിയുടെ തലയിൽ നിന്നും പോയത്. അച്ഛച്ഛൻ ഇടയിൽ കയറിയില്ലായിരുന്നെങ്കിൽ അമ്മ അടിച്ചു കൊന്നേനെ.’ അവന് അതേപ്പറ്റി ഓർക്കുന്തോറും സങ്കടം വന്നു.

ഗിരിമാമൻ വരുന്നെന്നു കേട്ടപ്പോൾ പ്രത്യേകം പറഞ്ഞു കൊണ്ടുവന്നതാണ് യെല്ലോ കാർ . ചിന്നുക്കുട്ടിക്ക് അറിയാല്ലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാറാണ് ഇതെന്ന്. പിന്നെന്തിനാ അവൾ കാറെടുത്ത് മുറ്റത്തേയ്ക്കേറിഞ്ഞു പൊട്ടിക്കാൻ നോക്കിയത്. ആരെക്കൊണ്ടും തൊടുവിക്കാതെ പൊന്നുപോലെ സൂക്ഷിച്ചു വെച്ചതാണ്. ഇന്ന് സ്കൂളിൽ പോയിട്ട് വരുമ്പോൾ കണ്ട കാഴ്ച്ച ചിന്നുക്കുട്ടി കാറെടുത്തു തട്ടിക്കളിക്കുന്നതാണ്. അച്ഛാച്ഛൻ അവളുടെ കളി കണ്ടു വെറുതെ നോക്കിയിരിക്കുന്നു. ദേഷ്യം വരാതിരിക്കുമോ? അച്ഛാച്ഛന് അത് അവളുടെ കയ്യിന്നു വാങ്ങി വെച്ചാലെന്താ?.

ബാഗ് മുറ്റത്തേയ്ക്കിട്ടിട്ട് ഓടിച്ചെന്നു പിടിച്ചുവാങ്ങാൻ നോക്കിയപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു അവൾ, കാർ മുറ്റത്തേക്ക് ഒറ്റ ഏറ്. അതിന്റെ മുന്നിലെ ചെമന്ന ലൈറ്റ് ഇളകിപ്പോയത് കൂടി കണ്ടപ്പോൾ ദേഷ്യം വന്നു. ചിന്നുക്കുട്ടിയെ തള്ളി മാറ്റി. എന്നിട്ട് മുറ്റത്തേയ്ക്കിറങ്ങി. കാർ കയ്യിലെടുത്തു. ഇളകിപ്പോയ ലൈറ്റ് ഫിറ്റ് ചെയ്യുമ്പോൾ ചിന്നുക്കുട്ടിയുടെ നിലവിളി കേട്ടു.

‘ഓ.. ഞാനൊന്ന് തള്ളി എന്നു വെച്ചു ഇത്രമാത്രം നിലവിളിക്കാൻ എന്തിരിക്കുന്നു. അല്ലെങ്കിലും അവൾക്ക് പതിവാണ്. വെറുതെ ഇങ്ങനെ നിലവിളിച്ചുകൊണ്ടിരിക്കുക.
നിലവിളിച്ചാലല്ലേ അച്ഛമ്മയും അച്ഛച്ഛനുമൊക്കെ തോളിലേറ്റി നടക്കൂ.

അച്ഛച്ഛന്റെ വിളികേട്ട് അച്ഛമ്മയും, അമ്മയും അകത്തുനിന്ന് ഓടി വന്നു. അച്ഛാച്ഛന്റെ കയ്യിൽ തലയിൽ നിന്നും ചോരയൊലിപ്പിച്ചു കൊണ്ട് ചിന്നുക്കുട്ടി. അച്ഛമ്മ വേഗം ചിന്നുക്കുട്ടിയെ വാങ്ങി. പൈപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി മുറിവ് കഴുകി.

” ചോര നിൽക്കുന്നില്ലല്ലോ ഈശ്വരാ..” അച്ഛമ്മയുടെ സങ്കടം.

“യ്യോ..എന്താടാ കിച്ചു നീയി കാട്ടിയെ? കുഞ്ഞിന്റെ തല പൊട്ടിയല്ലോ.”. കരഞ്ഞു കൊണ്ട് അമ്മ തന്നെ അടിക്കാൻ ആഞ്ഞപ്പോൾ അച്ഛച്ഛൻ ഇടയിൽ കയറി.

“പോട്ടെ ലക്ഷ്മി അവൻ അറിയാതെ പറ്റിയതല്ലേ. നീ വേഗം സതീശനെ വിളിക്ക്. വേഗം വരാൻ പറയ്. എന്നിട്ട് കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോ.”

അപ്പോഴേയ്ക്കും അച്ഛന്റെ കാർ മുറ്റത്തേയ്ക് കയറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ കാർ റെഡ് ആണ്. തനിക്ക് യെല്ലോ കാറാണ് ഇഷ്ടം. പഴയ കാർ ബ്ളാക് ആയിരുന്നു. അത് മാറ്റി വാങ്ങാൻ പോയപ്പോൾ അച്ഛനോട് പറഞ്ഞതാ യെല്ലോ കാർ വാങ്ങാന്ന്. അപ്പൊ അമ്മയ്ക്ക് റെഡ് ആണിഷ്‌ടം. അച്ഛൻ അമ്മയുടെ ഇഷ്ടം മാത്രേ നോക്കു. കിച്ചുവിന് അല്പം നീരസം തോന്നി.

“മോനെ കിച്ചുട്ടാ.. വാ..വന്നു വല്ലതും കഴിക്ക്..”

അച്ഛമ്മയാണ്. അവൻ വിളി കേൾക്കാത്ത മട്ടിൽ നിന്നു. വിശക്കുന്നില്ല. കുറച്ചു കഴിഞ്ഞു പോകാം. ചിന്നുക്കുട്ടി വരട്ടെ. പാവം ചിന്നുക്കുട്ടി. അവൾക്ക് വേദനിച്ചിട്ടുണ്ടാവില്ലേ..

“കുട്ടനിവിടെ എന്തെടുക്കുവാ..വാ..വന്നേ..” അച്ഛമ്മ ഇറയത്തേയ്ക്കിറങ്ങി വന്നു. അച്ഛമ്മയ്ക്ക് സ്നേഹം കൂടുമ്പോൾ കുട്ടാന്നാ വിളിക്യാ..

“ഇപ്പൊ വേണ്ട..അച്ഛമ്മാ…ചിന്നുക്കുട്ടി വന്നിട്ട്‌ കഴിക്കാം..”

“അവർ വരാൻ വൈകും. മോന് വിശക്കുന്നില്ലേ. സ്‌കൂളിൽ പോയ ഡ്രസ് പോലും മാറ്റിയില്ല.”

അച്ഛമ്മ ബലമായി പിടിച്ചു വലിച്ചു മുറിയിൽ കൊണ്ടുപോയി ഡ്രെസ് മാറ്റിച്ചു. കയ്യും മുഖവും കഴുകിച്ചു. ടേബിളിൽ ആവി പറക്കുന്ന പഴം നുറുക്ക്. അത് ഓരോ പീസ് ആയി സ്പൂണിലെടുത്ത് ഊതിയാറ്റി വായിലേയ്ക്കിട്ടു. എത്ര കഴിച്ചാലും മതിയാവില്ല അത്രയ്ക്കിഷ്ടമാണ് പഴം നറുക്ക്. അതുകൊണ്ട് മിക്കവാറും വൈകുന്നേരം അച്ഛമ്മ പഴം നുറുക്ക് ഉണ്ടാക്കിത്തരും.

“എന്റെ കുട്ടാ ആ കുന്ത്രാണ്ടം എങ്ങോട്ടലും മാറ്റി വയ്ക്ക്.” കയ്യിൽ പിടിച്ചിരുന്ന കാർ നിലത്തു വീഴുന്ന ശബ്ദം കേട്ടപ്പോൾ അച്ഛമ്മ പറഞ്ഞു.

കസേരയിൽ നിന്നും നിരങ്ങിയിറങ്ങി ടേബിളിന്റെ അടിയിൽ നിന്നും കാറുമെടുത്ത് നിവർന്നപ്പോൾ തല മുട്ടി.

‘ഹാവൂ’..ശബ്ദം കേട്ട് അച്ഛമ്മ വന്നു. “എന്താ കുട്ടാ..ചിന്നുമോളേം കൊണ്ടു വരുമ്പോളേക്കും നിന്റെ തലയും പൊട്ടിക്കുമോ?.”

അച്ഛമ്മ തല തിരുമ്മിത്തന്നു. ഹോ….ഇതിപ്പോ മുട്ടിയതിനെക്കാൾ വേദനയാണല്ലോ. എന്നാലും അച്ഛമ്മയുടെ വയറിൽ ചാരി ഇങ്ങനെ ഇരിക്കാൻ എന്തു സുഖാ.. ഇളം ചൂടാണ് അച്ഛമ്മയുടെ വയറിന്. ആ ചൂടേറ്റ് അച്ഛമ്മയുടെ മടിയിൽ കിടക്കുന്നതും ഇരിക്കുന്നതും തനിക്കിഷ്ടാണ്. നിഖിലിന്റെയും മാത്തപ്പന്റെയും അച്ഛമ്മമാർക്കും നല്ല ഇളം ചൂടുള്ള വയറുണ്ടാകുമോ.? അച്ഛമ്മയുടെ മടിയിൽ കിടന്ന് വയറ്റത്തേയ്ക്ക് മുഖം പൂഴ്ത്തി കിടക്കുമ്പോളാണ് വേഗം ഉറക്കം വരിക.

കാർ ടേബിളിന്റെ പുറത്തു വെച്ചു. ബാക്കി പഴം കൂടി കഴിച്ചു. പാകത്തിന് ആറ്റി വെച്ച പാലും എടുത്തു കുടിച്ചു. വീണ്ടും വരാന്തയിൽ പോയി നിന്നു.

അച്ഛച്ഛൻ തൊഴുത്തിലാണ്. കഴിഞ്ഞയാഴ്‌ചയാണ് പാറുവിനു കുട്ടിയുണ്ടായത്. ചെമപ്പ് നിറമുള്ള ഒരു കുഞ്ഞി പശുക്കുട്ടി. താൻ സ്കൂളിൽ പോയിട്ട് വരുമ്പോൾ ദാ മുറ്റത്തൂടെ വേച്ചു വേച്ചു നടക്കുന്നു ഒരു പശുക്കുട്ടി.
പാറുവിനെ മുറ്റത്തെ പ്ലാവിൻ ചുവട്ടിൽ കെട്ടിയിരിക്കുന്നു.

“ഇതേതാ അച്ഛച്ചാ ഈ പശുക്കുട്ടി?” .അച്ഛച്ഛനോട് ചോദിച്ചു

“അത് നമ്മുടെ പാറുവിന് ഉണ്ടായതാ”.

അത്ഭുതം തോന്നി. ചിന്നുമോൾ ഉണ്ടായിട്ട് എത്ര കാലം കഴിഞ്ഞാ എണീറ്റ് ഇരിക്കാനും നടക്കാനും തുടങ്ങിയെ. എത്ര പെട്ടെന്നാ പാറുന്റെ കുട്ടി എണീറ്റ് നടക്കുന്നേ…

അന്ന് തന്നെ അതിന് പേരുമിട്ടു. ‘അമിണിക്കുട്ടി’. അമിണിക്കുട്ടിഏതുനേരവും പോയി പാൽ കുടിക്കും. നല്ല രസാ അത് നോക്കിയിരിക്കാൻ. അമ്മിണിക്കുട്ടിയുടെ വായയുടെ വശങ്ങളിലൂടെ നല്ല വെളുത്ത പാൽപ്പത പുറത്തേയ്ക്ക് വരും. കൊതിച്ചി എത്ര ആർത്തിയാ അവൾക്ക്. വയർ നിറഞ്ഞു കഴിയുമ്പോൾ അവൾ മുറ്റത്തു കൂടെ തുള്ളിക്കളിക്കും. തന്നെക്കണ്ടാൽ പിന്നാലെ ഓടിവരും. എന്നിട്ട് ചന്തിയിൽ ഇടിക്കും. ചിന്നുക്കുട്ടിയും അമ്മിണിക്കുട്ടിയും ചിലപ്പോൾ ഒരുപോലെയാണെന്ന് തോന്നും. എന്തൊരു വികൃതിയാ രണ്ടിനും.

കിച്ചു മുറ്റത്തേക്കിറങ്ങി. തൊഴുത്തിലേയ്ക്ക് ചെന്നു. പതിവ് പോലെ അമ്മിണിക്കുട്ടി പാൽ കുടിക്കുന്നു. അച്ഛച്ഛൻ പുല്ലു വാരി പുൽത്തൊട്ടിയിൽ ഇട്ടുകൊടുക്കുന്നതും നോക്കി നിൽക്കുമ്പോളാണ് അച്ഛന്റെ കാറിന്റെ ശബ്ദം കേട്ടത്.

തിരിഞ്ഞു നോക്കുമ്പോളേയ്ക്കും കാർ പോർച്ചിൽ എത്തിയിരുന്നു. അച്ഛൻ ഡോർ തുറന്നു പുറത്തിറങ്ങി. മറുവശത്തു വന്ന് അമ്മയുടെ കയ്യിൽ നിന്നും ചിന്നുമോളെ എടുത്തു. പിന്നാലെ അമ്മയും ഇറങ്ങി.

ചിന്നുക്കുട്ടിയുടെ നെറ്റിയിൽ ബാൻഡേജ്‌. അവൾ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നു. കരഞ്ഞു ചുവന്നു തുടുത്ത കവിളുകൾ. പാവം. അവന് കരച്ചിൽ വന്നു. കിച്ചു ചിന്നുവിന്റെ അടുത്തേയ്ക്ക് ചെന്നു. കാർ അവളുടെ നേരെ നീട്ടി.

“ഇന്നാ…ഇത് ചിന്നുമോളെടുത്തോ.”

✍ഡോളി തോമസ്, കണ്ണൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര തിളക്കത്തിൽ നിരവധി മലയാളികൾ.

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു. 2019, 2020, 2021 വർഷങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019 ൽ പാല സി.കെ രാമചന്ദ്രൻ ( കർണാടക സംഗീതം), ട്രിവാൻഡ്രം...

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

പാലക്കാട്: വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. നക്കുവിനെ വീട്ടുകാർ...

തൊഴിലുറപ്പ് പദ്ധതി: കൂലി 15 ദിവസത്തിനകം, വൈകിയാല്‍ നഷ്ടപരിഹാരം: മന്ത്രി എം ബി രാജേഷ്.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നല്‍കാനും കൂലി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള ചട്ടങ്ങള്‍ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത സമഗ്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: