രാഘവൻ മാസ്റ്റരും ഭാര്യ ദേവകിയമ്മയും മൂകാംബികയിൽ ഭജനമിരിക്കാൻ എത്തിയതാണ്. വയസുകാലത്ത് ഊന്നുവടിയാകാൻ ആരുമില്ല. ആരുമില്ലാത്തവർക്ക് ദൈവം തുണ. രണ്ടുപേർക്കും കിട്ടുന്ന പെൻഷൻ ജനോപകാരപ്രദങ്ങളായിതീരണമെന്ന് നിർബന്ധമുള്ളതുപോലെ..
എല്ലാവർക്കും വാരിക്കോരിക്കൊടുക്കും. തങ്ങളുടെ ജീവിതത്തിന് അത്യാവശ്യം മാത്രമുള്ളത് എടുത്തിട്ട് ബാക്കി അനാഥാലയങ്ങൾക്കും പൊതുജനങ്ങൾക്കും.. പ്രളയകാലത്തും കോവിഡ് കാലത്തും ആ മനുഷ്യസ്നേഹികളുടെ സ്നേഹം തൊട്ടറിയാത്ത ആരും ആ നാട്ടിലുണ്ടായിരുന്നില്ല.
കുറച്ചു കാലമായി ദേവകിയമ്മ മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു മൂകാംബികാ ഭജനം. ഇപ്രാവശ്യം അഗതിമന്ദിരത്തിനുള്ള തുക കുറച്ചു. ബാക്കി തുകയും കൊണ്ടാണ് രണ്ടുപേരും ട്രെയിൻ കയറിയത്. പട്ടാമ്പിയിൽ നിന്ന് ഉഡുപ്പി വരെ ട്രെയിൻ. പിന്നീട് ബസ്. ആരോഗ്യം കുറഞ്ഞെങ്കിലും രണ്ടുപേർക്കും ഉഷാറു കുറഞ്ഞിട്ടുണ്ടായില്ല. കുടജാദ്രിയിലും പോയി തൊഴുതു. സർവജ്ഞ പീഠം കാണാൻ പറ്റിയില്ല. നടക്കാനുള്ള പ്രയാസം. തിരികെവന്നു സൗപാർണികയിൽ കുളിച്ചു ശുദ്ധിയായി അമ്മയുടെ തിരുനടയിൽ മുകുളിത കരാംഗുലികളുമായി നിന്നു പ്രാർഥിക്കാൻ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല. എങ്കിലും ആ തിരുനടയിൽ നിൽക്കുമ്പോളുള്ള ആനന്ദം.. അത് അനിർവചനീയം തന്നെ.
ആദ്യ ദിവസം തന്നെ അവരുടെ മനസ്സിനെ ഹഠാദാകർഷിച്ച ഒരു പെൺകുട്ടി. നളിനി…. പൂമാലകളും ദേവിക്കുവേണ്ട പൂജാദ്രവ്യങ്ങളും ഫോട്ടോയും മറ്റും നിരത്തിവെച്ചിരിക്കുന്ന കടയിൽ നിന്ന് തങ്ങളെ തന്നെ നോക്കുന്ന പെൺകുട്ടി. ഒരു പത്തു പതിമൂന്നു വയസുണ്ടാകും. ദേവകിയമ്മയുടെ കാക്കക്കണ്ണുകളാണ് അവളെ തേടിയെടുത്തത്. അവർ പരസ്പരം ഒളിച്ചുകളി നടത്തുന്നതുപോലെ. ഒരാൾ നോക്കുമ്പോൾ അടുത്തയാൾ നോട്ടം പിൻവലിക്കും.
മാസ്റ്റർ അതുകണ്ടുപിടിച്ചു . കാര്യങ്ങൾ മനസിലാക്കാൻ അവളെ സമീപിച്ചു. അവളുടെ പേര്.. നളിനി.. ഇഷ്ടപ്പെട്ടു. ഒരു കൊച്ചുമിടുക്കി. ഇവളെപ്പോലെ ഒരു മകൾ തങ്ങൾക്കില്ലല്ലോ എന്നു മനസ്സിൽ പരിതപിച്ചു.
നളിനിയെപ്പറ്റി കൂടുതൽ അറിയണം. നാളെ തങ്ങൾ തിരിച്ചുപോകും. ഭജനം കഴിഞ്ഞിരിക്കുന്നു. രാവിലെ തന്നെ രണ്ടുപേരും ക്ഷേത്രത്തിലെത്തി തൊഴുതു.. അമ്മേ.. ആ കുഞ്ഞിന്റെ വിശദവിവരങ്ങൾ അറിയാനൊരു വഴി കാട്ടിത്തരണേ… മനമുരുകി പ്രാർത്ഥിച്ചു. തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തുതന്നെ. അത്ഭുതം.. അവളീ സമയത്ത്.. ഇവിടെ.. കയ്യിലിരുന്ന പൂമാല നീട്ടി ചിരിച്ചുകൊണ്ട് അവൾ… ഇന്നു മാല വാങ്ങിയില്ല.. അതാ ഞാൻ കൊണ്ടുവന്നത്.തന്റെ മനോഗതം ഇവൾ വായിച്ചുവോ.. അവളുടെ അടുത്തെത്തി ചോദിച്ചു.. മോളെ നിനക്കാരൊക്കെയുണ്ട്? വീടിവിടെ അടുത്താണോ.. എനിക്കു വീടില്ല. വീടില്ലേ? അമ്മയും അച്ഛനുമൊക്കെ? അവൾ മുഖം കുനിച്ചു നിന്നതേയുള്ളു. അതിനു മറുപടി പറഞ്ഞത് കഴകക്കാരനാണ്. അതിനൊരു കിഴവിത്തള്ള മാത്രേ ഉള്ളു. ആ മുഖം പിടിച്ചുയർത്തി. കണ്ണുനീർ ധാര ചെയ്യുന്നു. തങ്ങളും വല്ലാതെയായി. വരൂ… നിന്റെ മുത്തശ്ശിയെ കാണാം. ഞങ്ങൾ അവളുടെ കടയുടെ പിന്നിലെത്തി. പ്രായാധിക്യത്താൽ അവശയായ , കണ്ണിൽ നിന്നും പീളയും ചലവും ഒഴുകിവരുന്ന, ചെവി കേൾക്കാത്ത ഒരു രൂപം.. മൂകാംബികയുടെ സംരക്ഷണം അവൾക്കുണ്ടെന്നു മനസിലായി. അല്ലെങ്കിൽ ഈ കുരുന്നിനെ… ഈ കാലത്ത്.. അവർ അവളുടെ കഥ പറഞ്ഞു.. പത്തു കൊല്ലങ്ങൾക്കുമുൻപ് സൗപർണികയുടെ പടവിൽ നിന്നു ഒരു തുണിക്കെട്ടിന്റെ അകത്തുനിന്ന് കിട്ടി.. ഇനിയുള്ള കാര്യങ്ങൾ അമ്മ തന്നെ തീരുമാനിക്കും.. അവർ കരയുകയായിരുന്നു.. അവളും. മോളെ.. ഞങ്ങളുടെ കൂടെ കൊണ്ടുപോയ്ക്കോട്ടെ? മാഷ് ചോദിച്ചു.. അവർ ചെവി മുന്നോട്ടു വട്ടം പിടിച്ചു.. അവൾ ചോദ്യം ആവർത്തിച്ചപ്പോൾ ആ മുഖത്ത് ഒരു പ്രകാശം പരക്കുന്നത് കണ്ടു. പിറ്റേന്ന് അവർ നളിനിയെ ഉപേക്ഷിച്ചു സമാധാനത്തോടെ വിഷ്ണു പാദം പൂകി. അവരുടെ ചിതാഭസ്മവുമായി അവർ മൂവരും പട്ടാമ്പിയിലെത്തി..
വീട്ടിലെത്തിയവർ നളിനിയുടെ ആഗമനത്തിലതൃപ്തി ഭാവിച്ചെങ്കിലും അവർ ദൃഡ്ഡമായി തീരുമാനിച്ചു. ഇവൾ തങ്ങളുടെ മകൾ… സാക്ഷാൽ മൂകാംബിക… തങ്ങളുടെ ഊന്നുവടി.. അവളുടെ കൈയിൽ മുറുകെ പിടിച്ചു രണ്ടുപേരുംകൂടെ അകത്തേക്ക് കൊണ്ടുപോയി..
ഇനി അവളുടെ സ്നേഹക്കൂട് ഇതാണ്..