ഒരു പുഴയുടെ താളമായ്
അലകളിൽ ഒരു കുളിരായ്
മനസിൻ കോണിൽ
ഒരു കൊച്ചു പുഷ്പമായ്
വാടാതെ കനവുകൾ നെയ്യുന്നു
പകലുകൾ.
രാവിന്റെ മാറിൽ മിന്നുന്ന താരങ്ങൾ
തിരയുന്നുവോ പുതിയൊരു ഗാനം.
വീണ മീട്ടുന്നു വരികൾ ചൊല്ലുന്നു
വൈകി വന്ന തെന്നൽ രസമോടെ.
മഴയുടെ താളത്തിനൊപ്പം
നിറയുന്നു തൊടിയും മനവും ഒന്നായ്.
മുള പൊട്ടി വിത്തുകൾ
ഉയരങ്ങളിലേയ്ക്ക്,
നല്കുന്നു പ്രതീക്ഷകൾ
ചുംബിക്കുമോ? അംബരത്തെ.
നോവിന്റെ വഴികൾ ആശ്വാസത്തിൻ
പാദകൾ കടന്നു നടന്നു നീങ്ങവേ
മുന്നിലൊരു ഗർത്തം പിന്നൊരു മലയും
കയറുവാനാകുമോ മല
കാണുവാനാകുമോ ഉദയം.
ഹിമ കണങ്ങളേറ്റു പുതച്ചുറങ്ങിയ ഭൂമി
ഉണരുവാൻ വൈകിയോ
കടമകൾ മറന്നുവോ
മറവി ബാധിച്ചു വിറയാർന്ന മനസുകൾ
ഉണരുവാൻ കൊതിക്കുന്നു
കാത്തിരിക്കുന്നൊരു സ്നേഹ സ്പർശം
സ്നേഹ സ്പർശം (കവിത) ✍രേഷ്മാ രാജ് വട്ടവിള
രേഷ്മാ രാജ് വട്ടവിള✍