ഇലകൾ കൊഴിയുമാ
ശിശിരസന്ധ്യയിൽ
പേരറിയാ മരങ്ങൾക്കിടയിലൂടയാ
ചില്ലുജാലകത്തിനപ്പുറം
പ്രഹേളികപോൽ ഒളിച്ചിറങ്ങുന്നു
മഞ്ഞുതുള്ളികൾ..!
നനുത്ത മാരുതൻ കുളിരുകോരുന്നു
തരുവിൻ ശാഖതൻ നഗ്നമേനിയിൽ
പുതുനാമ്പുകൾക്ക് ജന്മമേകുവാൻ
ഹിമകണങ്ങൾ വീണലിയുന്നു
ബീജമായ്.!
പുതു വസന്തത്തിന്നു കാത്തിരിക്കവേ
കൊഴിഞ്ഞിലകൾ തൻ ചില്ലയിൽ
പ്രണയമൂറുന്ന മൃദു മന്ത്രണങ്ങളായ്
തളിരിലകളും പുനർജ്ജനിക്കുന്നു..!
ഗ്രീഷ്മകാലത്തിൻ കടുത്ത ചൂടിലും
വർഷർത്തുവിൻ തകർത്ത
പെയ്ത്തിലും
ശരത്ഹേമന്തങ്ങൾ തഴുകിയൊഴുകവേ
മണ്ണടിയുന്നു കൊഴിഞ്ഞിലകളും..!
വസന്തകാലത്തിൻ പരിലാളനങ്ങളാൽ
വീണ്ടും ജനിക്കണമൊരു പൂക്കാലമായ്
നിന്റ മേനിയിൽ നിന്നടരാൻ മടിക്കുന്ന
ഒരു കുഞ്ഞു പൂവായ് വരും
ജന്മത്തിലും.!
രത്ന രാജു✍
കവിത മനോഹരം 🌹