അന്തിപ്പറവതന്നാരവം മായുന്നു
ചെമ്പട്ടുചേലയഴിക്കുന്നിതംബരം
പകൽവെയിൽതിന്ന,ന്തിക്കണഞ്ഞൊ
രു
പതിതതൻ രോദനമാരു കേൾക്കാൻ .
വിരൽകുടിച്ചുറങ്ങിയ കുഞ്ഞിനെ
പുണരാതെ
അത്താഴമൊരുക്കാനടുക്കള പൂകവേ
മുടിക്കുത്തിൽപ്പിടിച്ച്
മഴയിലേയ്ക്കുന്തുന്ന
മഴപ്പാറ്റ ജന്മമോ ഭാരതസ്ത്രീ .
രാവെളുക്കോളം ചുഴലിയായലയുന്ന
ഉഴറും മിഴിയുള്ള, നീൾമിഴിനീരാലും
രാമഴനീരാലും വിങ്ങുന്നെഞ്ചകം
ആറ്റിത്തണുപ്പിക്കും അബലയാണീ മഴ.
കൂട്ടിവച്ച വാക്കുകൾ
ഹൃത്തിലേയ്ക്കെയ്യുവാൻ
കാത്തുനില്ക്കുംമാരനായ്
മാരിക്കാറണയവെ
പ്രത്യാശയുടെ മിന്നൽപ്പിണരിൽ
മനസ്സിന്റെ
മലരണിക്കാവുകൾ
പൂക്കുന്നതെന്താവും?
ആത്മാർത്ഥതയുടെ
കണ്ണുനീർത്തുള്ളിയും
സങ്കടത്തിന്റെ ചരൽക്കല്ലെറിയലും
നിരാശയുടെ ഏങ്ങലടികളിൽ
മുങ്ങിയും
വൈരാഗ്യത്തിന്റെ പുലഭ്യം പറച്ചിലായും
തീരാപ്പകയുടെ പ്രളയമായ് മാറിയും
ജനലഴികളിൽ ജല്പനങ്ങളായും
പ്രണയത്തിന്റെ ചാറ്റൽ മഴയായും
എന്നുമിവിടെയുണ്ടീ രാത്രിമഴകൾ.