നിങ്ങൾ
പറയാൻ മടിക്കുന്ന,
അത്ര നല്ലതല്ലാത്ത
എന്തോ ഒന്നു
നിങ്ങളുടെ ഉള്ളിലുണ്ട്!
ഭാര്യ-
ഭർത്താവിനോടോ
ഭർത്താവ് –
ഭാര്യയോടോ
മകൻ അമ്മയോടോ,
അമ്മ മകനോടോ
അച്ഛൻ മകളോടോ
മകൾ അച്ഛനോടോ
ഇതുവരെ വെളിപ്പെടുത്താത്ത,
ഇനിയും വെളിപ്പെടുത്താൻ
സാധ്യതയില്ലാത്ത ഒന്നു!
അത്
വളരെ ഗോപ്യമായി
ഓരോ മനസ്സിലും
പൂഴ്ത്തി വെച്ചിട്ടുണ്ട്!
ചിലപ്പോൾ
അപൂർവമായി
ഒരു നോട്ടത്തിൽ,
ഒരു സ്പർശത്തിൽ,
ഒരു ചെറു ചലനത്തിൽ,
അതിന്റെ
അതിസൂക്ഷ്മമായ
ലാഞ്ചന കാണാം!
തുള്ളിതുളുമ്പാൻ നിൽക്കുന്ന
രഹസ്യത്തിന്റെ ഒരു തുള്ളി,
ഒരു സുനാമിയുടെ
അന്തർസംഘർഷം,
ഒരു കൂറ്റൻ തിരമാലയുടെ
പെട്ടെന്നുള്ള തള്ളൽ,!
ഇല്ല, ഇല്ല എന്ന്
മനസ്സു ഉരുവിടുമ്പോഴും
ഉണ്ടു, ഉണ്ടു എന്ന്
അരക്കിട്ടുറപ്പിക്കുന്ന
എന്തോ ഒന്നു!
കടലിന്റെ അടിത്തട്ടിൽ
മണലിൽ പുത്തഞ്ഞു കിടക്കുന്ന
ഒരജ്ഞാത ജീവി,
മാളത്തിലൊളിച്ചിരുന്നു
പുറത്തേക്കു
തലനീട്ടാൻ വിലക്കുള്ള
ഒരു കൂറ്റൻ നീരാളി!
നിങ്ങൾ അതിനെ
ഒളിച്ചുവെയ്ക്കും!
അതേ, ആ രഹസ്യം
അങ്ങനെതന്നെ
മനസ്സിന്റെ ഇരുൾ മുറിയിൽ
പായൽ പിടിച്ചു,
ഇരുണ്ടു ഇരുന്നുകൊള്ളട്ടെ!
അത് പുറത്തിറങ്ങാതെ
ഇരിക്കുന്നിടത്തോളം കാലം
നിങ്ങളും ഞാനും
നല്ലവരാണ്,
തികച്ചും മാന്യർ!!
കിളിമാനൂർ ദിവാകരൻ✍