നീർ വറ്റിയ മിഴികളിൽ
വിഷധൂമം നിറയുന്നു.
കാണുന്നു മനുഷ്യരെ
ശിഖരങ്ങളറ്റുണങ്ങിയ
മരങ്ങൾ പോലെ.
ആകാശമില്ല ഭൂമിയും
ചേക്കേറുവാൻ ചില്ലയില്ല
ശ്വസിക്കുന്നതും വിഷം,
ഭുജിക്കുന്നതും വിഷം.
ഊന്നുവടികൾ വളഞ്ഞുപോയി
തടഞ്ഞു വീഴുന്നഹോ
കാണാക്കുഴികളിൽ
നുകങ്ങളേല്പിച്ച ഭാരത്താൽ
കൂനിപ്പോയൊരാ മുതുകിൽ.
മുൾച്ചാട്ടകൾ പുളയുന്നു.
പടിവാതിലിൽ കിടക്കുന്നു ലാസർ
നക്കിത്തുടയ്ക്കുവാനെത്തുന്ന
മേദസ്സുറ്റ ശ്വാനർ
അംഗപ്രത്യംഗങ്ങളും
ഭുജിച്ചു തീർക്കുന്നു.
എച്ചിൽക്കൂനയിലുമില്ല
ശിഷ്ടമൊന്നും.
എനിക്കെഴുതുവാനുണ്ട്
എനിക്കെഴുതുവാനുണ്ട്
കണ്ണീർനിറച്ച തൂലിക.
എനിക്കെഴുതുവാനുണ്ട്
എനിക്കെഴുതുവാനുണ്ട്
പുക പിടിച്ചു നിറം കെട്ട
കുറിമാനപ്പുസ്തകം.
വിലാപങ്ങൾ മാറ്റൊലിപോലെ-
യെങ്ങോ പ്രതിധ്വനിക്കുന്നു.
ബധിരകർണ്ണങ്ങളിൽപ്പതിയാതെ
കാറ്റെടുത്തു പോകുന്നു.
മാലിന്യങ്ങളല്ല ഞങ്ങൾ
മാലിന്യങ്ങളല്ല ഞങ്ങൾ
മോന്തായം താങ്ങി നിർത്തും
നെടുംതൂണുകൾ.
ഡോളി തോമസ് ചെമ്പേരി✍