പ്രണയത്തിൻ്റെ
വിശുദ്ധഫലകത്തിന്
മേലെ മഞ്ഞുവീണു,
കിളിയതിൻ മുഖമുന
കൊണ്ട് തൊട്ടു
നോക്കിയതെല്ലാം
പൂക്കളായി ,
നോക്കൂ,,
നടത്തത്തിൻ്റെ
അനക്കങ്ങൾ
വേരായതിനെ,
കൊഴിഞ്ഞു വീണ
തൂവലുകൾ
ഇലയായതിനെ
പൂക്കളിൻ്റെ ഉള്ളിൽ
ബാക്കിയായ
ഒരു തുള്ളിയെ,
അത്രമേൽ
മധുരിക്കുമെന്ന്
ഓർത്തോർത്ത്
കിടക്കുന്ന അതിൻ്റെ
ചെറുമയക്കത്തെ
II
ഇടവഴിയിൽ എപ്പോഴോ
പിഴുതെടുത്ത കല്ല്
അതിൻ്റെ ഇനിയും
വായിക്കപ്പെടാത്ത
ശിരോലിഖിതങ്ങൾ,
ബാക്കിയായ
വേരുകളിലെന്നപോലെ
പിഴുതെടുത്തതിന്
ചുറ്റിലും ചെടി മുളച്ചു,
പൂക്കൾക്കും ഇലകൾക്കും
നാഗരികതയുടെ വട്ടെഴുത്ത് ,
ഇലകൊഴിഞ്ഞ്
പൂവ് കൊഴിഞ്ഞ്
കല്ലിനെ മൂടിക്കൊണ്ടിരുന്നു,
വായിക്കാൻ
ശ്രമിച്ചവരൊക്കെ
ശിലയെത്തൊട്ട്
ഇലകളെത്തൊട്ട്
പൂക്കളെത്തൊട്ട്
പുതിയഭാഷയുടെ
സ്വകാര്യമറിഞ്ഞു,
പ്രണയമറിഞ്ഞു,
III
തടഞ്ഞതിൻ
കല്ലെടുത്ത്
കൈവെള്ളയിൽ
മുറുക്കെപ്പിടിച്ചു,
കല്ല് നിറയെ
പൂക്കളുടെ
രേഖാചിത്രങ്ങൾ,
ഒന്ന് ചെവിയോട് ചേർത്തു
കാടിളക്കത്തിൻ്റെ
അനക്കങ്ങൾ ,
ചുറ്റിലും സുഗന്ധം നിറച്ചു,
കിളികളപ്പോൾ
പൂക്കളുടെ ഭാഷയെ
കാട് കയറ്റത്തിൻ്റെ
ശ്വാസഗതിയിൽ
മേഘങ്ങളോട്
പങ്കുവെക്കുന്ന
തിരക്കിലാണ്
സുജേഷ് പി. പി