ഇന്നു ഞാൻ ശ്രദ്ധിച്ചു പാതയരികത്തേ
ഒന്നു ചെരിഞ്ഞൊരാ പടുവൃക്ഷത്തേ !
എന്നാണതു വീഴുമെന്നുമറിയില്ല
ഒന്നു നിനച്ചാലോയെന്നെപ്പോലേ !
മുന്നേ ഞാൻ കാണുമ്പോളെത്രയോ
ശക്തനായ്
നിന്നു വിരാജിച്ച ഉന്നതനാ !
ഇന്നിതാ പല്ലും നഖവും കൊഴിഞ്ഞൊരു
ഖിന്നനാം സിംഹത്തെപ്പോലെയായി !
ഇന്നു ഞാനോർക്കുന്നുയെന്നുടെ
ഭൂതവും
അന്നൊക്കെ ചെയ്തൊരു
കാര്യങ്ങളും !
ഇന്നിതാ ജീവിത സായാഹ്നം തന്നിലായ്
നിന്നു കിതക്കുന്നു ശ്വാസം വിടാൻ !
വെന്നി നടന്നൊരാ
കാലത്തിന്നോർമ്മയിൽ
ഒന്നു ചിരിക്കുവാൻ ഞാനശക്യൻ !
പിന്നോക്കം നോക്കിയാലിന്നുമറിയില്ല
എന്നുടെ ജീവിതം സാർത്ഥകമോ?
ഒന്നോർത്താൽ നിന്നുടെ ദുസ്ഥിതി
തന്നെയാ
എന്നുടെയെന്നും.. അറിക കൂട്ടേ !
ഇന്നല്ലേൽ നാളെയായ് നൂനം
ഗമിക്കണം
മന്നിലെ വാസവും തീർത്തു നമ്മൾ !
ഇന്നുവരേക്കും നാം ചെയ്തുള്ള
കർമ്മങ്ങൾ
ഒന്നുമേയോർക്കില്ല നാളെ ലോകം !
എന്നാലുമൊട്ടില്ല ദുഃഖമെനിക്കിന്നു
എന്നുടെ ജന്മമോ പുണ്യജന്മം !! ഈ..
മാനവ ജന്മമോ… പുണ്യജന്മം !!!
✍പേരാമംഗലം ഗോപി