മധുരമിഠായി വലിച്ചെറിഞ്ഞു
കളിത്തോക്കിനുവേണ്ടിക്കരയുന്ന
കുട്ടിയിൽ നിന്ന്
ഒരു കവിതയുടെ ബീജം മുളക്കുന്നു
എഴുത്ത് മേശയുടെ
അതിർത്തിക്കപ്പുറം
സ്ക്രീനിൽ ഇളയമകൻ ആരെയോ
വെടിവെച്ചു വീഴ്ത്തുന്നു
ഞാനെന്റെ പൂർവ്വകവികളുടെ
കവിതകൾ വായിച്ചു
അവരെഴുതിയ പൂവിൽ നിന്ന് മധു
ഒഴുകുന്നു,
ശലഭങ്ങളതിൽ ചിറകുകൾ
വിരിച്ചിരിക്കുന്നു
അന്ന്
പ്രണയത്തിന്
വിട്ട് വീഴ്ചയുടെ നനവും, നാണവും
സ്നേഹത്തിന് അതിരുകൾ മായ്ച്ചു
കളഞ്ഞവന്റെ ഭാവം
ഞാൻ എഴുതിയ
കവിതകളിലെ
പ്രണയത്തിന് കാമത്തിന്റെ ഉദ്ധാരണം,
സ്നേഹത്തിനും, പ്രണയത്തിനുമൊരേ
ഭയമാണ് ഭാവം
പൂവുകളിൽ മധുവിന് പകരം
രക്തഛവി
ശലഭങ്ങൾ ചിറകുകൾ നഷ്ടമായ
പുഴുക്കൾ
എന്റെ കവിതകൾക്ക് നിലവിളിയുടെ
ഈണം
ഭാഷക്ക്
യുദ്ധഭൂമിയിലുള്ളവരുടെ ആശങ്ക
നിരാശയുടെ ചുളിവ് വീണ ഭാവന
അരാജകത്വത്തിന്റെ
തടവറയിലിരുന്ന്
കഴുമരത്തിലേക്ക് തുറിച്ചു നോക്കുന്നു.
✍ബഷീർ മുളിവയൽ