സൂചികൾക്കിടയിലൂടെ
യായിരുന്നു എന്റെ ജീവിതം .
അച്ഛനെ ഓർക്കാനും
അമ്മയെ കാണാനും
ലോകത്തെ കേൾക്കാനും ,
കാലത്തെ അറിയാനും .
സമയമളക്കുന്ന പാത്രമാണ് ,
എന്നു പറഞ്ഞ്,
അച്ഛൻ എനിക്കുതന്ന
പിറന്നാൾസമ്മാനം .
അച്ഛനെന്ന ഘടികാരസൂചി
നിലച്ചെങ്കിലും,
അച്ഛന്റെ ഓർമകൾ
സൂചികളിൽ ചലിച്ചിരുന്നു.
ഇന്നലെകളിലെവിടെയോ
ഞാനാ സമയത്തെ
മറന്ന് വെച്ചു .
അമ്മ വിതുമ്പി ..
എനിക്കാണേൽ
സമയം തികയുന്നില്ല.
ഏട്ടൻ കയർത്തു..
ഞാൻ സമയമുണ്ടാക്കി
വരാൻ നോക്കാം.
പെങ്ങളുടെ ന്യായം..
കൊറച്ചൂടി സമയം
കിട്ടീരുന്നെങ്കിൽ.
അനിയന്റെ ശാഠ്യം..
എനിക്കിപ്പം സമയം ല്ല.
ഭാര്യയുടെ പരാതി..
സമയം കിട്ടുമ്പം വന്നാമതി .
മുത്തശ്ശിയുടെ നെടുവീർപ്പ് ..
സമയാവുമ്പൊ ,
എല്ലാരും പോവും.
മറന്നുവെച്ച ആ വാച്ച്
ഇന്നലെ തിരികെ കിട്ടി ..
ഏകാന്തമായ എന്റെ
ഈ ഒറ്റമുറിയിൽ നിന്ന് .
അതെന്നെത്തന്നെ
തുറിച്ചു നോക്കുന്നു ‘
എനിക്ക് പേടിയായി..
ഞാനതിനെ
കഴുത്തുഞെരിച്ച് കൊന്നു..
എന്തൊരാശ്വാസം !
എനിക്കിപ്പോൾ
സമയം ബാക്കിയാണ്.
സത്യം.!
✍ബാലു പൂക്കാട്