കുളത്തിനാഴങ്ങളിൽ
മുങ്ങിപ്പോയയെൻ അമ്മയ്ക്കായ്
കാത്തിരുന്നുഞാനാ കൽപ്പടവിൽ…
തണുക്കുന്നുണ്ടായിരുന്നു,
കുഞ്ഞുമേനി…
മുടിയിൽ നിന്നിറ്റു വീണിരുന്നു
വെള്ളവും,
ആരും തുവർത്തി തന്നില്ല
ചേട്ടനും ചേച്ചിയും വഴക്കിട്ടു
നീ കാരണമാണമ്മ പോയത്!
കുട്ടിയല്ലേ? വെള്ളം കണ്ടാൽ കാലിട്ടു
പോവില്ലേ?.
പരൽ മീനിനെ പിടിക്കാൻ
തുനിഞ്ഞതല്ലേ
ആരു കേൾക്കാൻ?
ഒന്നു വഴുതിപ്പോയി…
അമ്മ ചാടിയതു കണ്ടില്ല
നാട്ടുകാർ പൊക്കിയെടുത്തതെന്നെ
മാത്രം
മീനുകൾ കൊത്തി വികൃതമാക്കിയ
അമ്മ
പിന്നീട് പച്ചച്ചേലയുടുത്ത അമ്മയുടെ
മുഖം മനസ്സിൽ
ഒരിക്കലും വന്നില്ല..
ഇന്നും നട്ടുച്ചക്കും,
മൂവന്തിക്കും,
രാത്രിയുടെ നിശബ്ദയാമത്തിലും,
അമ്മയെ തേടുകയാണ് ഞാൻ,…..
തലതുവർത്താനല്ല
ഒഴുകിപ്പരക്കുന്ന കണ്ണുനീർ
തുടക്കാനാണ്…..
മൂർദ്ധാവിൽ ഒരുമ്മയ്ക്കാണ് !
✍ഷൈമജശിവറാം