പറന്നുയരാൻ കൊതിക്കവേ,
ചിറകുകൾ തളർന്ന് വീഴുന്ന പെണ്ണായ്
ജനിച്ചു ഞാൻ ഭൂവിൽ.
നൂറായിരംതാഴിട്ടുപൂട്ടി,
അകത്തളത്തിലൊളിച്ചിരിക്കാനെന്നെ
പഠിപ്പിച്ചതാര് ? ശബ്ദം പുറത്തേക്ക്
കേൾക്കരുതെന്ന് പഠിപ്പിച്ചൊരെൻ
അമ്മയോ?
താലിച്ചരടിൽ തളച്ചൊരെൻ പാതിയോ?
നിനക്കൊന്നുമാ വില്ലെന്നുറപ്പിച്ച
ലോകമോ?
ഉറക്കെ ശബ്ദിച്ചാലവൾ അഹങ്കാരി.
ശബ്ദമുയർത്തിയാൽ ധിക്കാരി.
മനസ്സ് തുറന്നെന്നുറക്കെ ചിരിച്ചാലവൾ
ശ്യംഗാരി.
ഇന്നു ഞാനറിയുന്നു.. ഞാൻ
തന്നെയാണെന്നെ ചങ്ങലക്കിട്ടതെന്ന്.
എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു
കൊണ്ട്, എന്റെ ശക്തിയാലിന്ന് ഞാൻ
സ്വതന്ത്രയാവുന്നു.
സ്വാതന്ത്ര്യമില്ലെനിക്കെന്നു പറഞ്ഞു
കരയുന്ന പെണ്ണല്ല ഞാനിന്ന്.
സ്വാതന്ത്ര്യം കൊതിക്കുന്ന ഓരോ
മനസ്സിന്റേയും പേരാണ് പെണ്ണ്.
മായാത്ത സുഗന്ധമായ്, എങ്ങും
നിറയുന്ന പദമായ് മാറട്ടെ പെണ്ണ്.
പെണ്ണ് (കവിത) ബീനാസത്യൻ
-ബീനാസത്യൻ✍