അമ്മയുടെ തറവാട്ടിലെ സാമ്പത്തികശേഷി കുറഞ്ഞ ഒരു വീട്ടിലെ ഒരമ്മായി .
കണ്ണിൽ നെന്മണി തറച്ചു ഒരു കണ്ണ് കാഴ്ചയില്ലാത്ത പാവംസ്ത്രീ . കണ്ണിലെ കൃഷ്ണമണിയുടെ മുകളിൽ ഒരു മഞ്ചാടിക്കുരുവിനേക്കാൾ വലിപ്പത്തിൽ വെള്ളനിറത്തിൽ ദശ പൊങ്ങിനിൽക്കുന്നു .കണ്ണടച്ചാലും അഭംഗി കണ്ണ് തുറന്നാലും അഭംഗി!
അതുകൊണ്ടുതന്നെ അവരെ കല്യാണം കഴിക്കാൻ ആരും തയാറായില്ല .
തറവാട്ടിലെ മറ്റുവീടുകളിൽ എന്തെങ്കിലും സഹായിച്ചുകൊടുത്തു ജീവിക്കുന്നു , അവർക്കു ഇടക്കിടെ ശക്തിയായ വയറുവേദന വരും അപ്പോൾ അമ്മാവനാണ് ഹോസ്പിറ്റലിൽ കൊണ്ടുപോവുക .
അമ്മമ്മയും അമ്മായിയും ആ രോഗത്തിന് ഗുമ്മൻ എന്നാണ് പറയാറുള്ളത്..
ഒരു ശബരിമലക്കാലത്താണ് അമ്മായി ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്
അമ്മാവൻ മലക്ക് മാലയിട്ടിരിക്കുന്നു
അമ്മമ്മ
അശുദ്ധമായി വീട്ടിൽ നിന്നും പോയി . ഉടനെ ചെറിയമ്മ വന്നു. വന്നതിനേക്കാൾ വേഗത്തിൽ ചെറിയമ്മയും പോയി, . ചെറിയമ്മ പോയപ്പേൾ വന്നതാണ് ഈ അമ്മായി .
പിന്നെ അമ്മായി ഞങ്ങളുടെ വീട്ടിൽ തന്നെ സ്ഥിരമായി ..മരണം വരെ .
രാവിലെ നാലുമണിക്ക് റാന്തൽ വിളക്ക് മായി വരും…
മുറ്റമടിയും പാത്രം കഴുകലും..നിലം തുടക്കലും .
.അപ്പോളേക്കും അമ്മമ്മ അടുക്കളയിൽ ചായയും കടിയും തയാറാക്കിയിരിക്കും
അരച്ചുവെച്ചുതന്നു കറിക്കു കഷ്ണം നുറുക്കി അവർ പോകും..പോവുമ്പോൾ വീട്ടിലെ വയസായ അമ്മക്കുള്ളതുകൂടി അമ്മമ്മ കൊടുത്തയക്കും.
ഉച്ചക്ക് വന്നാൽ പിന്നെ വൈകുന്നേരത്തെ ജോലികളും കൂടെ ചെയ്തു വെച്ചേ അവർ പോവൂ . അവർക്ക് വലിയ മുൻകോപമായിരുന്നു , അത് ഈ അസുഖത്തിന്റെ ഒരു ഭാഗമാണെന്നാണ് അമ്മമ്മ പറയാറ് …അത് കണ്ടറിഞ്ഞ് ക്ഷമയോടെ ‘അമ്മമ്മ നിൽക്കും. ദേഷ്യം വന്നാൽ പിന്നെ അവർ അമ്മമ്മയോട് മിണ്ടില്ല. മുഖം വീർപ്പിച്ച് എല്ലാ പണികളും കൃത്യമായി തന്നെ ചെയ്യും.
പക്ഷെ ഞാൻ അങ്ങിനെയല്ല, അവരെ പ്രകോപിക്കുന്നതെന്തെങ്കിലും പറയും. വഴക്കിടും. അപ്പോൾ അവർ പറയും
“നിർമ്മല ഇന്നോട് മുണ്ടാരുത് “…
ഈ ” മുണ്ടാരുത്” എന്ന് കേൾക്കാൻ വേണ്ടിയാണ് ഞാൻ അവരോട് വഴക്കിടാൻ പോവുന്നത്. അത് ഞങ്ങളുടെ സ്നേഹത്തിൻറെ ഒരു ഭാഷയായിരുന്നു.
ഇടക്കൊരു ദിവസം എനിക്കവരുടെ വീട്ടിൽ വിരുന്നുണ്ട്.. അന്ന് അവർ പറയും “നാത്തൂനേ ഇന്ന് നിമ്മല ഇന്റെകൂടെ വീട്ടിലേക്ക് പോന്നോട്ടെ ട്ടാ” എന്ന്. ആ ദിവസം എനിക്ക് വളരെയിഷ്ടമുള്ള ദിവസമാണ്..
വൈകുന്നേരം ഇരുട്ട് പടർന്ന ഇടവഴിയിലൂടെ അവരുടെ കൈ പിടിച്ചു ഞാൻ പോവും .
അവിടെ ചെന്നാൽ അവരുടെ വയസായമ്മക്ക് നല്ല ഇഷ്ടമാണ്..
അന്നവരുടെ വീട്ടിൽ ചോറിനു കറി വെക്കും. അന്നുമാത്രേ അവർ കറി വെക്കൂ. അമ്മായി അരഞ്ഞുതേഞ്ഞ അമ്മിയിൽ അന്ന് മുളകരക്കും .
അതുകഴിഞ്ഞാൽ എന്നെയും കൂട്ടി പപ്പടക്കാരന്റെ വീട്ടിൽ പോയി പപ്പടം വാങ്ങിക്കും . അന്നവരുടെ വീട്ടിൽ പപ്പടം കാച്ചും.. പപ്പടക്കാരന്റെ വീട് അടുത്താണ്..
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അഴക്കയിൽ തെറുത്തു തൂക്കിയ പായ എനിക്ക് വിരിക്കും, അവരുടെ വീട്ടിൽ കിടക്കയില്ല . മണ്ണാത്തി അലക്കികൊണ്ടുവന്ന മുണ്ട് പായയിൽ വിരിക്കും . പുഴുങ്ങി അലക്കിയ ആ മുണ്ടിനു ഒരു സുഗന്ധമുണ്ട്..! പൂളപ്പഞ്ഞി നിറച്ച് എല്ലാ വേനൽക്കാലത്തും പൊളിച്ച് നിറക്കുന്ന അമ്മമ്മയുടെ സുഖമുള്ള കിടക്കയിൽ കിടക്കുന്നതിനേക്കാൾ എന്തോ ഒരു ഇഷ്ടം അവരുടെ കൈതോലപ്പായക്ക് ഉണ്ടായിരുന്നു,.
ഉറങ്ങാൻ കിടക്കുമ്പോളാണ് പാട്ട് .!
..ലാറ്റും മണമ്മേലെ ഉണ്ണിയാർച്ച
.ലൂണും കഴിഞ്ഞു ലുറക്കമായി ………………………………………………….
ലൊന്നുണ്ട് കേൾക്കണം ലച്ചനോട് .
………………………………………………………
ലപ്പോൾ പറയുന്ന ലച്ചനല്ലോ
ലാരെ തുണകൂട്ടി പോവും പെണ്ണേ ..” അങ്ങിനെ പോവുന്നു എന്റെ ഉറക്ക് പാട്ടുകൾ..
തച്ചോളി ഒതേനനനും ആരോമൽച്ചേകവരും തുമ്പോലാർച്ചയും എന്റെ ഉറക്കത്തിന്റെ പടിവാതിൽക്കലോളം കൂടെ വരും ..
ഈ സമയത്ത് അവരുടെ കൈ എന്റെ തലമുടിയിലായിരിക്കും . എ
വിടെ തൊട്ടാലും പേൻ കിട്ടും ..
രാവിലെ എഴുന്നേൽക്കുമ്പോൾ എൻറെ തല സായിബാബയുടെ തല പോലെ ആയിട്ടുണ്ടാവും..ആ മണ്കുടിലിലെ അന്തിയുറക്കം…!
ഒരു ചോറും ഒരുകറിയും പപ്പടവും മാത്രമുള്ള ഊണ്.
ഈ സ്നേഹവിരുന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല..
അവരുടെ ഉറക്കുപാട്ടുകളും.,..!
ഉറക്കത്തിൽ എന്നെ ചേർത്തുപിടിക്കും. അവർക്ക് മക്കളില്ലല്ലോ.
എൻറെ ബാല്യകാലങ്ങളിലെ ഓർമ്മകളിൽ എന്നും തെളിഞ്ഞുനിൽക്കുന്ന വാത്സല്യത്തിൻറെ ഒരു ചിന്ത് ..!
നിർമ്മല അമ്പാട്ട്✍
(മികച്ച രചന: സംസ്കൃതി +ആർഷഭാരതി)