എടവപാതി കടുത്തു തുടങ്ങിയിരിയ്ക്കുന്നു എങ്ങും ശക്തമായ മഴ അന്തരീക്ഷമാകെ കറുത്ത മേഘങ്ങൾ വലയം ചെയ്തിരിക്കുന്നു മേഘപാളികൾ കൂട്ടിയടച്ച ശബ്ദം വളരെ ഭയം ജനിപ്പിക്കുന്നു പട്ടികൾ കൂട്ടമായ് ഓരിയിടുന്നു കനത്ത മഴയുടെ സാധ്യത അറിയിച്ച് ശക്തമായ കാറ്റ് വീശാൻ തുടങ്ങി വീടിൻ്റെ ജനൽ പാളികൾ തുറന്ന് അടയുന്ന ശബ്ദം കേട്ട് ഉണ്ണി പതി കണ്ണു തുറന്നു നോക്കി
നേരം വെളുത്തിട്ടില്ല
നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്
അവൻ വീണ്ടും മുടി പുതച്ച് കിടന്നു.
നേരം വെളുത്തിട്ടു വേണം മുറ്റത്തെ തേൻമാവിലെ മാമ്പഴം പെറുക്കാൻ എന്തു രസമാണന്നോ
ഉണ്ണി ഇന്നലത്തെ കാര്യം ഓർക്കാൻ തുടങ്ങി ഇന്നലെ അച്ഛനും ഉണ്ണീം കൂടെയാ മുറ്റത്തെ തേൻമാവിലെ മാമ്പഴം പെറുക്കിയത് അച്ഛൻ പെറുക്കി കൊടുത്ത മാമ്പഴത്തിൽ നിന്ന് ഒന്ന് ഉണ്ണിയെടുത്തു ചപ്പി കുടിക്കാൻ തുടങ്ങി എന്നീട്ട് അച്ഛനോട് ചോദിച്ചു
അച്ഛാ ഈ മാമ്പഴത്തിൻ്റെ പേരന്താ??
ഇതിൻ്റെ പേര് ചന്ദ്രകാരൻ എന്നാണ്
നല്ല മധുരമുണ്ടച്ഛാ എന്തു രസമാ..
ആണോ…
ഉണ്ണിയുടെ കിറിയിലൂടെ മാമ്പഴച്ചാറ് ഒലിച്ചിറങ്ങിയത് കണ്ടിട്ട് അച്ചൻ പറഞ്ഞു
നീയെന്തിരു കൊതിയനാടാ.. തിന്നോ അച്ഛൻ ഉണ്ണിയെ പ്രോൽസാഹിപ്പിച്ചു
മുറ്റത്ത് ഇറങ്ങാൻ അച്ഛൻ സമ്മതിച്ചില്ല മഴ ചാറ്റലുണ്ട് പനിയെങ്ങാനും വരും ഉണ്ണി നീ ഉമ്മറ കോലായിൽ തന്നെ നിന്നാമതി
അടുക്കളയിൽ നിന്നും അമ്മ വിളിച്ച് പറഞ്ഞു ഉണ്ണി നീ മഴയത്ത് ഇറങ്ങണ്ടട്ടോ.. പിന്നാലെ അമ്മയുടെ ശകാരവും വന്നു..
ഈ മനുഷ്യൻ അല്ലേലും ഉണ്ണിനെ പനിപ്പിടിപ്പിക്കുമെന്നാ തോന്നണെ മഴ മാറിയിട്ട് പെറുക്കിയാൽ പോരെ മനുഷ്യാ നമ്മുടെ മുറ്റത്തല്ലേ കിടക്കുന്നത് ഉണ്ണിക്ക് ഇപ്പോൾ മാമ്പഴം കൊടുക്കണ്ടട്ടോ …
ഉണ്ണി പല്ല് പോലും തേച്ചിട്ടില്ല..
ഇല്ല കൊടുക്കുന്നില്ല അച്ഛൻ അമ്മയോട് പറഞ്ഞിട്ട് ഉണ്ണിയെ നോക്കി ചിരിച്ചു ഉണ്ണിയും ചിരിച്ചു
ഉവ്വ എനിക്കറിയാംഅച്ഛനും മോനും കൂടി എന്തോ കള്ളത്തരം ഒപ്പിക്കുന്നുണ്ട്
ഇല്ലമ്മേ ഒന്നും ഇല്ല ഉണ്ണി വിളിച്ചു പറഞ്ഞു
അച്ഛൻ പെറുക്കി കൊടുത്ത മാമ്പഴം ഉണ്ണി ഈറ്റ കൊട്ടയിൽ ഇട്ടു വയ്ക്കും.. ഉണ്ണി ഓർമ്മയിൽ നിന്നും ഉണർന്നു
മാമ്പഴത്തിൻ്റെ കാര്യം ഓർത്തപ്പോൾ പെട്ടെന്ന് കണ്ണു തുറന്നു ചാടി എഴുന്നേറ്റു കിടക്കയിൽ അമ്മയില്ല
അമ്മ എവിടെ പോയി … അച്ഛനെയും കാണുന്നില്ലല്ലോ ഇനി അച്ഛൻ എന്നെ കൂട്ടാതെനേരത്തെ മാമ്പഴം പെറുക്കാൻ പോയോ ഉണ്ണിയുടെ കുഞ്ഞു മനസ്സിൽ സംശയങ്ങളായി
ഉണ്ണി അമ്മയെ വിളിക്കാൻ തുടങ്ങി അമ്മേ…. അമ്മേ
വിളി കേൾക്കാതായപ്പോൾ കരയാൻ തുടങ്ങി ഉണ്ണിജനലിലൂടെ പുറത്തേക്ക് നോക്കി നല്ല മഴ തിമർത്തുപെയ്യുന്നു ഉണ്ണി മെല്ലേ ഉമ്മറ കോലായിലേക്ക് നടന്നു മുറ്റത്ത് ഒരു പായ വലിച്ചുകെട്ടിയിരിക്കുന്നു അച്ഛൻ മുറ്റത്ത് ഒരു പായയിൽ കിടന്നുറങ്ങുന്നുണ്ട് അച്ഛൻ്റെ അരികിൽ തന്നെയുണ്ട് അമ്മയും ..അമ്മയുടെ കരച്ചിൽ വല്ലാതെ ഉണ്ണിയെ വേദനിപ്പിച്ചു ഉണ്ണി ചുറ്റിനും കണ്ണോടിച്ചു എന്തുമാത്രം ആളുകളാണ് വന്നിരിക്കുന്നത് ഉണ്ണി അമ്മയോട് ചോദിച്ചു
അമ്മേ എന്തിനാ അച്ഛൻ ഇവിടെ കിടക്കുന്നത് …ഈ ആളുകൾ എന്തിനാ നമ്മുടെ വീട്ടിൽ വന്നിരിക്കുന്നത്.. ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ അമ്മയോട് ചോദിച്ചു കൊണ്ടിരുന്നു…. അമ്മ അവനെ കെട്ടി പുണർന്നു കരഞ്ഞുകൊണ്ടിരുന്നു.
ഉണ്ണികുട്ടൻ അച്ഛനരികിൽ ചെന്ന് പിടിച്ച് വലിയ്ക്കാൻ തുടങ്ങി
എഴുനേൽക്കു അച്ഛാ… എഴുനേൽക്ക് ഉണ്ണിക്കുട്ടനും അച്ഛനും കൂടി മാമ്പഴം പെറുക്കണ്ടെ… എനിക്കച്ഛാ… അവൻ്റെ മുഖത്തെ നിഷ്കളങ്ക ഭാവം കണ്ട് നിന്നവരെല്ലാം പൊട്ടി കരഞ്ഞു അവർ മനസിൽ പറഞ്ഞു ഇന്നലെ വരെ ഉണ്ണിടെകൂടെ കളിച്ചും അവൻ്റെ ഇഷ്ടങ്ങളെ താലോലിച്ചും നടന്ന അവൻ്റെ അച്ഛൻ ഇനി അവൻ്റെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കാൻ ഉണ്ടാവില്ലല്ലോ ദൈവമെ വെളുപ്പിന് അവനെ കൂട്ടാതെ മാമ്പഴം പെറുക്കാൻ വന്ന ഉണ്ണികുട്ടൻ്റെ അച്ഛൻ ഇടിമിന്നലേറ്റാണ് മരിച്ചത് എന്ന് അവനറിയുമോ….
ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല അച്ഛൻ മിണ്ടാതെ ആയപ്പോൾ അവന് ദേഷ്യം വന്നു അവൻ പറഞ്ഞു തുടങ്ങി
നോക്കിക്കോ അച്ഛൻ ഉണ്യോട് മിണ്ടുന്നില്ല എങ്കിൽ ഞാനും മിണ്ടൂല്ല… ഞാൻ അച്ഛനോട് പിണക്കമാ… നോക്കിക്കോ മിണ്ടൂല്ല ഞാൻ.. ഇന്നലെ പറഞ്ഞതല്ലേ മാമ്പഴം പെറുക്കി തരാന്ന് എന്നിട്ട് കിടന്നുറങ്ങാല്ലെ ഞാൻ മിണ്ടൂല്ല…
അവൻ അമ്മയുടെ മടിയിൽ നിന്നും എണീറ്റു മാമ്പഴം പെറുക്കാൻ തേൻമാവിൻ ചുവട്ടിലേക്കോടി അവിടെ കണ്ട കാഴ്ച്ച അവന് സഹിയ്ക്കാൻ കഴിഞ്ഞില്ല അവൻ്റെ തേൻമാവിനെ ആരോ വെട്ടിമാറ്റി കൊണ്ടിരിക്കുന്നു ആ തേൻമാവിൻ്റെ ശിഖിരങ്ങൾ അങ്ങിങ്ങായി കിടക്കുന്നു
ഉണ്ണിയുടെ കരച്ചിൽ കണ്ട് അവൻ്റെ മാമൻ ഓടി അടുത്തുവന്ന് അവനെ എടുത്തു
എന്തിനാ മാമ ഈ തേൻമാവ് വെട്ടിയത്… മോന് മാമ്പഴം തരുന്ന മാവല്ലേ
അതെ അച്ഛനെ ചിതയൊരുക്കാൻ വേണ്ടിയാ വെട്ടിയത് നമ്മുക്ക് അച്ഛനെ തമ്പായിടെ അടുത്തേക്ക് വിടണ്ടെ…
എന്തിനാ അച്ഛൻ ഇപ്പോൾ തമ്പായിടെ അടുത്തേക്ക് പോകുന്നത് ഉണ്ണി വലുതായിട്ട് പോയ പോരെ മാമ..
അച്ഛൻ തമ്പായിടെ അടുത്തു പോകുന്നത് ഉണ്ണിനെ നല്ലവണ്ണം പഠിപ്പിക്കണം പിന്നെ ഉണ്ണിനെയും അമ്മയേയും നല്ല വണ്ണം നോക്കണം എന്നൊക്കെ പറയാനാ
മാമ അങ്ങനെയെങ്കിൽ അച്ഛൻ്റെ കൂടെ ഉണ്ണീം പോയ്ക്കോട്ടെ
ഉണ്ണിക്ക് ഇപ്പോൾ പോകാൻ പറ്റില്ല പഠിച്ച് വലിയ ആളാവണ്ടെ അതു കഴിഞ്ഞിട്ട് പോകാമല്ലോ..
ശരി മാമ നമുക്ക് മാമ്പഴം പെറുക്കാം..
ഉണ്ണിക്ക് മാമൻ പെറുക്കി തരാം ഇവിടെ നിന്നോളു..
മാമൻ പെറുക്കി കൊടുത്ത മാമ്പഴം കൊണ്ട് ഉണ്ണി ഓടിച്ചെന്ന് അച്ഛൻ്റെ കൈയ്യിൽ വച്ച് കൊടുത്തിട്ടു പറഞ്ഞു
അച്ഛൻ തമ്പായിനെ കാണാൻ പോകാല്ലെ ഈ മാമ്പഴംതമ്പായിക്ക് കൊടുത്തിട്ട് പറയണം ഇത് ഉണ്ണികുട്ടൻ തന്നതാണെന്ന് എന്നിട്ട് തമ്പായോട് പറയണം ഉണ്ണിക്കുട്ടൻ്റെ അച്ഛൻ പാവമാണെന്നും അച്ഛനെനല്ലവണ്ണം നോക്കണമെന്നും.. വേഗം വരണം കേട്ടോ ഇവിടെ ഉണ്ണികുട്ടനും അമ്മേം തനിച്ചൊള്ളു എന്ന് പറയണം അപ്പോൾ തമ്പായി വേഗം വിടും. അവൻ അച്ഛനെ കെട്ടിപ്പുണർന്ന് കിടന്നു ഈ ലോകത്ത് നിന്ന് സ്നേഹനിധിയായ ഉണ്ണിക്കുട്ടൻ്റെ അച്ഛൻ പോയതറിയാതെ..
എളവൂർ വിജയൻ
(മികച്ച രചന: സംസ്കൃതി & ആർഷഭാരതി)