തനിച്ചിരിക്കുമ്പോൾ ആരുടെയൊ ക്കെയോ മുഖങ്ങൾ തെളിഞ്ഞു വരും…
നേരം ഉച്ചതിരിയുന്നു തറവാട്ടിലെ വല്യമ്മ വെറ്റിലപാത്രത്തിൽ അടക്ക നന്നാക്കി വെയ്ക്കുന്നു……
“എന്തൊരു വെയിലാ അമ്മുട്ട്യേ…. പയേ പോലെ വെയിലത്തിറങ്ങി നടക്കാനൊന്നും വയ്യട്ടോ…. ”
നടുപ്പുരയിലെ ബീവാത്തുമ്മയാണ് പ്രായം 70 കഴിഞ്ഞിരിക്കുന്നു….
നടു കുറച്ച് വളഞ്ഞുള്ള നടത്തം…. എത്ര സുഖല്യങ്കിലും എന്നും ഉച്ചതിരിഞ്ഞാൽ വല്ല്യമ്മയെ കാണാൻ വരും…. ഏതെങ്കിലും കവുങ്ങിൻ്റെ ചുവട്ടിൽ നിന്നും കിട്ടിയ രണ്ടോ മൂന്നോ അടക്കയുണ്ടായിരിക്കും മടിയിൽ….. അതെടുത്ത് വെറ്റില പാത്രത്തിലിടും
”ബീവാത്തുമേ…. ങ്ങള് ങ്ങേട്ട് കേറിയിരുന്നോളി…. ”
വല്യമ്മ സ്നേഹത്തോടെ ക്ഷണിക്കും…..
ബീപാത്തുമ്മ വല്യമ്മയുടെ സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് ചാണകമെഴുകിയ നീണ്ട കോലായിൽ വിരിച്ചിട്ടപായയിൽ കാലും നീട്ടിയിരുന്നു…..
വെറ്റിലപാത്രത്തിൽ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പ് തേയ്ക്കുമ്പോൾ ബീപാത്തുമ്മ ചോദിച്ചു….
” ഇന്നെന്തെ….. മാളു കുട്ടിം അമ്മു ചേത്തിം വന്നില്ലെ…. മാളു കുട്ടി വന്നാല് നല്ലെ എളെ വെറ്റില ണ്ടാകും ഓളെ കയ്യില്….”
” വരും….. അപ്പുട്ടേട്ടൻ പാടത്തിന് വന്ന് നാക്കാലിനെ തൊഴ്ത്തിൽ കെട്ടി അയിറ്റിങ്ങൾക്ക് ന്തെലും വെള്ളം കൊടുത്തിട്ട് വേണ്ടെ അയിന് ഒന്ന് ഒഴിവാകാൻ…. ”
ഇങ്ങനെയാണവിടെ…. ഉച്ചതിരിഞ്ഞാൽ തറവാട്ടിൽ ബീപാത്തുമ്മയും സൈനതാത്തയും പാത്തൈ താത്തയും മാളുട്ട്യേടത്തിയും അമ്മു അമ്മയും എത്തും .പിന്നെ ആ കോലായിൽ എല്ലാരും കൂടി വട്ടമിട്ടിരുന്ന് ഒരു വെറ്റിലപാത്രത്തിൽ നിന്നും വെറ്റിലയെടുത്ത് നാലും കൂട്ടിമുറിക്കി മുറ്റത്തേക്കി നീട്ടി തുപ്പി നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും വെകുന്നേരം വരെ ഇരിക്കും…..
ചായ പീടിക നടത്തുന്ന മൊയ്തീൻകാക്കെൻ്റ പെണ്ണ്ങ്ങളാണ് പാത്തൈ താത്ത …
മൊയ്തീൻകാക്ക ഒരു രസികനാണ് അവിടെ ചായ കുടിക്കാൻ വരുന്നവർക്ക് മൊയ്തിൻ കാക്കയുടെ വക പാട്ട് ഫ്രീയാണ്
“വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പുതിവെച്ച്……. ”
അങ്ങനെ പഴയ കാലത്തെ ഹിറ്റ് മാപ്പിള പാട്ടുകൾ പാടും…. ഇതിനിടയിൽ മക്കളെ വിളിക്കും
” ഹൗ ഹൗൻ്റെ ബാവോ…. ങ്ങള് ല്ലാരും കൂടി ന്നെ ചുയിപ്പാക്കാ…..”
ഇതിനിടയിൽ പാത്തൈ താത്ത ചുറ്റിംപറ്റിംനിന്ന് മൊയ്തീൻ കാക്ക പിടികയിൽ തൂക്കിയിട്ട അശോകപാക്കിൽ നിന്നും ഒന്ന് മുറിച്ചെടുത്ത് ഒന്നും അറിയാത്തതുപോലെ അമ്മുട്ടി
വല്ല്യമ്മയെ ലക്ഷ്യമാക്കി നടക്കും….
” അല്ല…. അമ്മുട്ട്യേടത്ത്യേ….ശേഖരൻ്റോൾക്ക് പ്പത് എത്രാമാസാ,… ”
മാളുട്ട്യേടത്തിയാണ്
“ഈ കുംഭം കഴിഞ്ഞാൽ ഓള് പെറും…’
അമ്മുട്ടി വല്ല്യമ്മയ്ക്ക് ആ നാട്ടിലുള്ള എല്ലാവരുടെയും പ്രസവത്തിൻ്റെ കണക്കറിയാം.. ഇപ്പോഴത്തെ കുട്ട്യാളുടെ അമ്മമാരുടെ പ്രസവം കൈകാര്യം ചെയ്തതും വല്യമ്മയാണ്…. ഉച്ചവരെ വിശ്രമമില്ലാതെ അലക്ക് ജോലി ചെയ്തിരുന്ന ആളാണ് തറവാട്ടു വീടിൻ്റെ മുന്നിൽ കാണുന്ന ഒഴിഞ്ഞ പാറപ്പുറം നിറയെ ഓരോ വീടുകളുടെയും തുണി അലക്കി ആറിയിടും….. അതിനിടയിൽ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ പിടിച്ച് കൊണ്ടുപോയി ചകിരി കൊണ്ട് അമർത്തി തേച്ച് കൂടെ അമ്മയെയും അച്ഛനെയും ചീത്ത പറഞ്ഞ് കുളിപ്പിക്കും
“…. അതെങ്ങനെയാ തള്ളാര്ക്ക് ഒരു ബോധം വേണ്ടെ കുട്ട്യാളെ വൃത്തിലുംവെടുപ്പിലും നടത്തിക്കണംന്ന്… തന്തേ നന്ന് തള്ളെം നന്ന്…”
ഇങ്ങനെ പോകും വല്ല്യമ്മെൻ്റെ ചീത്ത പറച്ചില്
രാമൻകുറ്പ്പിൻ്റെ മോള് ഉണ്യാമൻ ചോപ്പൻ്റെ മോൻ്റെ കൂടെ ചാടി പോയതും… കമ്മുട്ട്യാ ക്കെൻ്റെ ചകിരി കടവത്ത് തമിഴൻമാര് പണിക്ക് വന്നതും അതിലെ കാമാക്ഷിനെ തോണിക്കാരൻ ചേക്കുട്ടി കണ്ണ് കാണിച്ചെന്നും തമിഴൻമാർ ലഹളയുണ്ടാക്കിയതും എന്ന് വേണ്ട നാട്ടിലെ എല്ലാ വിഷയങ്ങളെ കുറിച്ചും അവർ നാലഞ്ച് പേർ ആ കോലായിൽ ഇരുന്ന് ചർച്ച ചെയ്തിരുന്നു….
“ൻ്റെ അമ്മുട്ട്യേ… ന്നെലെ രാത്രി പത്ത് പന്ത്രണ്ടരായിട്ട്ണ്ടാകും മുത്തോൻ്റെ കുട്ടിക്ക് മൂത്രം പാത്താൻ ണ്ടന്ന് പറഞ്ഞപ്പം ഓനെ ആയിട്ട് പൊറത്തെറങ്ങ്യതാ….മൂടാം കല്ലിൻ്റെ വിട്ന്ന് ഒരാർപ്പ്….. ‘ബരി ബരിയായിട്ട് പന്തങ്ങള്
ഞമ്മള് പറയ്ണ് കേട്ടിട്ടെണ്ടായിരുന്നുള്ളൂ ഇപ്പം നേരിട്ട് കണ്ട്….. ഞമ്മളെ ഉള്ളിലൊരു ബെറയല് ബന്ന് …..ചെക്കൻണ്ട് പനിച്ച് കെടക്ക്ണ്
അൻ്റെ എളേച്ചനോട് പറഞ്ഞ് ഒരു ചരട് കെട്ടിക്കണം…. ”
” ന്നാലും പോണ പോക്കില് ഒന്ന് മുറുക്കി പൊയ്ക്കോളി കദീശുമ്മ’..”
ആക്ഷണം സ്വീകരിക്കാതിരിരിക്കാൻ കദീശുമയ്ക്ക് കഴിയില്ല….
ഒന്നിരുന്നു എല്ലാരെ കൂടെ വെറ്റില മുറുക്കി… അമ്മുകുട്ടി വല്യമ്മ മുറിച്ചു വെച്ച അടക്കയുടെ കൂടെ പാത്തൈ താത്ത മൊയ്തീൻകാക്കെ നെ കണ്ണ് വെട്ടിച്ച് കൊണ്ടുവന്ന അശോകപാക്കും കുറച്ച് വായിലേക്കിട്ടു… ചവച്ചരച്ച് നീട്ടി തുപ്പി പിന്നെ എണീറ്റ് ശ്രീധരൻ വല്യച്ഛൻ്റെ വീട് ലാക്കാക്കി നടന്നു……
കദീമ്മയെ പേടിപ്പിച്ച മൂടാംകല്ല് കാണാനൊരു ആഗ്രഹം… അപ്പോൾ സൈന താത്തയാണ് പറഞ്ഞത്….’
ആ കല്ലിനടിയിൽ പാത്തുമ്മയും കുണ്ടു നായരും ഉണ്ടന്ന്…. ചിലപ്പോഴൊക്കെ അവർ പുറത്ത് വരും കത്തുന്ന പന്തങ്ങളായും പൊട്ടി ചിരിക്കുന്ന രക്തരക്ഷസായും…’
കാലങ്ങൾക്ക് ശേഷമാണ് മുടാം കല്ലിൻ്റെ മാനുഷിക മുഖം മനസ്സിലായത് ഒരനശ്വരപ്രണയത്തിൻ്റെ ശിലാസ്മാരകം…..
അങ്ങനെ എത്ര എത്ര കഥകൾ നടുപ്പെരയിലെ ബീപാത്തുമയും സൈനതാത്തയും കദീമ്മയും പാത്തൈ താത്തയും അമ്മുട്ടി വല്ല്യമ്മയും മാളുട്ടേടത്തിയും അമ്മു അമ്മയും തറവാട്ടിലെ കോലായിലും ചേറ്റോംപടിയിലും ഇരുന്ന് എത്ര എത്ര കഥകൾപറഞ്ഞു തന്നിട്ടുണ്ട്….. കളിയാട്ടകാവിലെ കുഞ്ഞാം ചീരു അമ്മയുടെ കഥ, ആളാം ചിറയിലെ മുത്തപ്പൻ്റെ, കണ്ണാട്ടെ വെട്ടു മൂർത്തികളുടെ, ഓട്ട കാഞ്ഞിരത്തിൻ്റെ കഥ അങ്ങനെ എത്ര എത്ര കഥകൾ
‘ഈ കാഴ്ചകഇല്ലാം ഇപ്പോൾ ഓർമ്മയിൽ മാത്രമാണ്….
ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയല്ലാവരും ഓർമ്മയായി… ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകൾ…. ഇവിടെ ചാരുകസേരയിലിരുന്ന് ഓർത്തെടുക്കാം….