കൊണ്ടുപോകരുതെന്നെ
എവിടേയ്ക്കുമീ
അന്ത്യനാളിലായെന്നുണ്ണീ..
മരിച്ചുറങ്ങുന്നെന്റെ
കാലടിപ്പാടുകൾ
ചുറ്റുമണ്ണിലായെന്നുമേ…
ചെമ്പകം പൂത്ത നാളിലായിരുന്നുഞാൻ
ഉമ്മറപ്പടികടന്നതും
അന്നുമുക്കുറ്റിമന്ദാരമരിമുല്ല
മന്ദഹാസം തൂകിനിന്നതും,
തൊടിയിലങ്ങിങ്ങു
നിഴലുകൾ തമ്മിൽ
അടക്കം പറഞ്ഞു
നാണിച്ചൊളിച്ചതും,
രാവുറങ്ങുന്നതറിയാതെ
നേരംപുലരുവോളമിരുന്നതും
ഇന്നലെയിലെന്നപോലോർ –
മ്മകളിൽ മധുനിറച്ചെന്റെ
ചാരത്തായണയുന്നെന്നെ വീണ്ടും
പിന്നിലേക്ക്
വിളിയ്ക്കുന്നു.
നിത്യശയ്യയിൽ പൂകും നിന്നച്ഛന്റെ
മൺകൂന തിരിവെട്ടം തേടുന്നു
ഒരു ദിനം പോലുമാ
വെളിച്ചത്തിലെരിയാതെ !
അമ്മയ്ക്കിനിവയ്യെന്റെ പൊന്നേ….
എന്റെ ശ്വാസമിറ്റിച്ചു
വാനോളം മുട്ടിനിൽക്കുന്ന തരുക്കളും
എന്നുമെന്നോടു
കിന്നരിയ്ക്കുവാൻ
ശാഖികൾ നീട്ടിക്ഷണിയ്ക്കുന്നു.
പൊൻവെയിൽനാളം
ഉമ്മവച്ചെന്റെ പടിവാതിൽക്കലായ്
കാത്തുനിൽക്കുന്നു
പൊൻമഴച്ചാർത്തു
കുളിരണിയിയ്ക്കുന്നെന്നെ….
കൊണ്ടുപോകരുതെന്നെയുണ്ണീ!
അത്രമേൽ സ്നേഹമാണൊരു
കുഞ്ഞുപുൽക്കൊടിതുമ്പിനോടും.
ഇനിയെനിക്കൊന്നും
വെടിഞ്ഞകലുവാനാകില്ല
എന്റെയീജന്മമൊടുങ്ങുംവരെയും.
✍ ജസിയഷാജഹാൻ