ഇത്രനാൾ നീയെന്നെ സ്നേഹിച്ചു,
ഇത്രനാൾ നീയെന്നെ സേവിച്ചു,
എന്നിട്ടും നിന്നെ ഞാനറിഞ്ഞില്ല
അറിയാനിത്രനാൾ തുനിഞ്ഞുമില്ല.
ആർക്കോ വേണ്ടി,
എന്തിനോ വേണ്ടി,
അവർ സുഭിക്ഷരാകാനോടിത്തീർത്തയെൻ
ജന്മം,
എപ്പോഴുമെൻ ചാരേ ചരിച്ച നിന്നെയറിയാത്ത
ഞാനെത്ര ദരിദ്രൻ.
പകൽവെളിച്ചത്തിന്നോട്ടം തികയ്ക്കാനെൻ
പേശികൾ ബലമാക്കിയതറിയാതെ,
ക്ഷീണിച്ചവശനാം നേരങ്ങളിൽ കാറ്റായ് തഴുകി
സ്വേദകണം ഒപ്പിയതറിയാതെ,
ഉറങ്ങുംവേളകളിലെൻ ശ്വാസം
ചലിപ്പിച്ചതറിയാതെ,
പ്രാർത്ഥനപ്പക്കിപോൽ കാമം വിഴുങ്ങിയ
നാൾകളിലും
ചിലന്തിപോൽ രതിയന്ത്യം ഇണയെ തിന്ന
നാൾകളിലും
കാട്ടുകഴതപോൽ കാമത്താൽ നിലവിളിച്ച
നാൾകളിലും ആശ്വാസമേകിയെന്നെ
പരിപാലിച്ചതോർത്താൽ
ഞാനെത്ര ദരിദ്രൻ.
ആർക്കോ വേണ്ടി,
എന്തിനോ വേണ്ടി,
അവർ സുഭിക്ഷരാകാനോടിത്തീർത്തയെൻ
ജന്മം,
ഹോ, ഞാനെത്ര ദരിദ്രൻ.
രുചിയേറും വിഭവങ്ങൾ ഒരുക്കി നീ
മണിവാതിൽ തുറന്നപ്പോൾ നിദ്രയിലാണ്ടെന്നു നടിച്ച ഞാനിന്ന്,
ഇലകൾ കൊഴിഞ്ഞൊരുണക്കമരം
സ്വജനം മതിക്കാത്ത സിംഹഗർജ്ജനം.
ഇനിയുമോടാൻ എത്ര കാതം
ബാക്കിയെന്നറിയാതെ ബലഹീനമാകുന്ന
പേശികളിൽ
അനുതാപമോടെയറിയുന്നു ഞാനിന്ന്,
നീ മാത്രമെൻ പരിപാലകൻ.
എനിക്ക് ചുറ്റും പുഷ്‌പങ്ങൾ വിടർന്നതും
പഴങ്ങൾ പൊഴിഞ്ഞതും കുളിർകാറ്റ്
വീശിയതും
നക്ഷത്രങ്ങൾ ചിരിച്ചതും
ചന്ദ്രൻ പ്രകാശം ചൊരിഞ്ഞതും
നദികൾ നീരാട്ടിയതും
മഴ എന്റെ വയലുകളിൽ വിളവ് നൽകിയതും
കിളികൾ എനിക്കായ് ആരവം മുഴക്കിയതും
ഇനി ഞാനറിയില്ല.
ഇത്രനാൾ
എന്നെ സ്നേഹിച്ചു
പരിപാലിച്ച
നിന്നെയറിയാതെ പോയത്,
എന്നെ ഞാനറിയാതെ പോയതുപോൽ
മറവിയിൽ മായുന്നു.
ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര✍