നിശയുടെ പൂമുഖവാതിൽ തുറന്നു
വാനിൽ താലവൃന്ദവുമായ്
നക്ഷത്രക്കുഞ്ഞുങ്ങൾ
നീളേ നിരക്കവേ,
കാണാം
വെണ്ണിലാവൊളിചിക്കി
ഇരുളിൻതണലിലൊരു
കാണാച്ചിന്തിൻ
ശുഭ്രവസ്ത്രജാലം!
തണുപ്പിൻ
നീർക്കമ്പളപുതച്ചാ,ത്മാവിൻചിരി
വദനത്തിൽ നിറയാതെ
വിരിയും
പാതിരാപ്പൂക്കൾ!
ഇഴചേർന്നൊഴുകും
രാവിൻ
രാഗമാധുരി ചേർന്നലിയും
തേങ്ങലിൻ
ഹൃദയരേണുക്കൾ
നിലാവിൽ നിറയ്ക്കും
നിത്യകന്യകമാർ!
വാസന്തമകരന്ദവശ്യത
യാർന്നൊരു
ചൊടികളിൽ
മാദകത്തുടിപ്പിനെ
നിഴൽക്കിന്നരിയായണിയും
നിരുപമസൗന്ദര്യധാമങ്ങൾ
അൽപ്പായുസ്സു
വിധിഹിതമെങ്കിലും
സുഗന്ധപൂരിതമാം
ജീവിതം
മഹിതമായ്ക്കാണുവോർ!
പകലിൻ കുത്തക
പാടേ കെടുത്തുവാൻ
സുഖനിദ്ര
വെടിഞ്ഞതിവിജനമാം
രാത്രിയിൽ
വിരിയുവോർ!
കരക്കാറ്റണഞ്ഞു
മുകരാൻ ശ്രമിക്കവേ
മിഴികൾ കൂമ്പി
മൗനനൊമ്പരത്തിൽ
മുങ്ങിപ്പിടയുവോർ!
യാമാന്ത്യവെട്ടത്തിൽ
മനമുരുകി
ആരാരുമറിയാതെ
ജീവന്റെ ദാഹം വെടിഞ്ഞീ
രാവിന്റെ
നെഞ്ചിലുറങ്ങും.
അവർ
നീറും ശോകമായ്ത്തീരും.