നിശയുടെ വാടിയിൽ
ഇളംതെന്നലായ് വന്നു
നിദ്രാമുകളങ്ങളെ
തഴുകിയുണർത്തി..
ഒരു സുഖശീതള
കുളിർമഴയിന്നിതാ
ഹൃദയത്തിലാകെ
പെയ്തിറങ്ങീടുന്നു..
ഇതുവരെ അറിയാത്തൊ-
രാനന്ദമെന്നുള്ളിൽ
ചെറുമിന്നൽ പോലെ
വന്നു മാഞ്ഞീടവേ
ജന്മസൃകൃതമായ്
ജീവന്റെ കണികയായ്
അമൃതൂട്ടാനെത്തിയ
സുന്ദര സ്വപ്നമേ..
മറയാതിരിക്കേണം
കൺമുന്നിലെപ്പോഴും
മായാത്ത ദീപമായ്
കതിരുകൾ വീശണം..
മോഹനരാഗത്തിൻ
സ്വരങ്ങളായ് നീയെൻ
സിരകളിലലിഞ്ഞമൃത
സംഗീതമാകണം..
നിനവുകൾ ചമക്കുന്ന
മണിമഞ്ചത്തേരിലൊരു
വർണ്ണശലഭമായിനി
അരികിലണഞ്ഞീടണം..
ജലജ മധുസൂദനൻ✍