നേരു പറയട്ടെയെന്റെയുള്ളിൽ
ആരോടുമില്ലൊട്ടു പരിഭവവും !
നേരായി ചൊല്ലും ഞാൻ കണ്ട കാര്യം
ആരോ ചിലർക്കത് കൊള്ളും നേരേ !
ആരെയും നോവിച്ചു ശീലമില്ലാ
നേരു മറയ്ക്കാനും വയ്യെനിക്കു !
നേരിന്റെ പാതയാണെന്റെ മാർഗ്ഗം
നേർവഴി വിട്ടു നടക്കില്ല ഞാൻ!
ആരാന്റെ വാക്കുകൾ കേട്ടയുടൻ
നേരെ ഞാൻ ചാടില്ല കൂപം തന്നിൽ !
നേരായി ചിന്തിച്ചു വേണം നമ്മൾ
ഓരോന്നും ചെയ്യുവാനെന്നറിയൂ !
തെരുവിലിറങ്ങുന്നണികളൊക്കെ
ഒരു മാത്ര ചിന്തിക്കു കാര്യമായി !
തീരെ വിയർക്കാത്ത നേതാവിന്നായ്
കുരുതി കൊടുക്കല്ലേ സ്വന്തം ജന്മം !
നേരു പറഞ്ഞാലോ പൗരധർമ്മം
നേരായറിയണം നമ്മളെന്നും !
നേരല്ല സാരഥിയെന്നാകിലോ
തീരെ മടിക്കാതെ തൂത്തെറിയൂ !!
പേരാമംഗലം ഗോപി✍