നാട്ടു നാട്ടു…നാട്ടുചരിത്രം
“വന്നേരിനാട്ടില് വടക്കും തലയ്ക്കല്‍
പാഴായ്കിടക്കുന്ന പാഴ്പ്പറമ്പത്ത്
പാപികളേ പത്തു തൈ വെച്ചു കൊള്വിന്
പാടമേ പോകുന്ന പെരുംകണിയാരേ
തൈവെപ്പാന്‍ മൂര്‍ത്തം വിധിച്ചല്ലേ പോന്നു
മറ്റന്നാളുച്ചക്ക് മകരവും രാശി
തൈ വെച്ചാലുള്ള ഫലങ്ങളെ ചൊല്ലാം
രാജാവു പോകുമ്പോള്‍ തണ്ടതു ചാരാം
വേശ്യമാര് പോകുമ്പോള്‍ കാതോല ചീന്താം
ഏറ്റം വലിക്കുന്ന കൂറ്റനെ കെട്ടാം
മടലിടും മുമ്പേ കുലയിടും തെങ്ങും
മന്നിങ്ങ തിന്നാ,മിളന്നീരും കുടിക്കാം
മടലിടെ ചോരുന്ന നീര്‍ക്കെന്തു ദോഷം”
നോക്കൂ, നാടന്‍ പാട്ടിലൊളിഞ്ഞിരിക്കുന്ന ചരിത്രവും സാംസ്കാരികഛായകളും! വന്നേരി നാട് ഒരു വെറും നാടല്ല. അത് പെരുമ്പടപ്പു സ്വരൂപത്തിന്റെ, (കൊച്ചിരാജാവിന്റെ,) സങ്കേതമാണ്. അതുകൊണ്ട്തന്നെ കൊച്ചിരാജ്യക്കാര്‍ക്കതൊരു വികാരമാണ്.അത് കേവലമൊരു ഭൂപ്രദേശമല്ല ഒരു സംസ്കാരത്തിന്റെ ഘനീകൃതഭൂപടമാണ്. നാലപ്പാടും ബാലാമണിയമ്മയും കമലാദാസും അതിന്റെ ആള്‍രൂപങ്ങളാണ്.
മദ്ധ്യകാലത്തെ (15_18 നൂറ്റാണ്ടുകളിലെ ) മദ്ധ്യകേരള ഗ്രാമത്തിന്റെ നേര്‍ചിത്രം നമുക്ക് വന്നേരിനാട്ടില്‍ കാണാം. അതാ,ആ പാടവരുമ്പൂടെ പോണതാരാ ? നമ്മുടെ പെരുംകണിയാരല്ലേ ?’കണിയാരേ, കണിയാരേ തെെവെപ്പാന്‍ മുഹുര്‍ത്തം (മൂര്‍ത്തം ) കുറിച്ചു പോണേ !’
‘അതാണോ വലിയ കാര്യം ! മറ്റന്നാളുച്ചക്ക് മകരംരാശികൊണ്ട് തെെവച്ചാല്‍ ഫലം വിശേഷാവും.
മഞ്ചലില്‍ എഴുന്നള്ളണ രാജാവിന് തണ്ടു ചാരാം;
വേശ്യമാര്‍ക്ക് കാതോല ചീന്താം;
ഏറ്റം വലിക്കണ കൂറ്റനെ കെട്ടിയിടാം (തെങ്ങു വീഴില്ല).
മടലിടും മുമ്പെ കുലവിരിയണ തെങ്ങുകളുണ്ടാവും.
ഇളന്നീരും മന്നിങ്ങയും ആര്‍ക്കാ ഇഷ്ടമല്ലാത്തത് !
പിന്നെ ഒരു സ്വകാര്യം..മടലിനിടേല് ചോരുന്ന നീരുണ്ടല്ലോ, അതും ഒട്ടും മോശമല്ലാ ട്ടോ ! ”
മദ്ധ്യകേരളത്തിലെ തിരുവാതിരക്കളിയില്‍ സ്ത്രീകള്‍ കെെകൊട്ടികളിച്ചിരുന്ന ഒരു പാട്ടാണ് ഇത്. വേശ്യകളെ പറ്റിയുള്ള പരാമര്‍ശമോ മടലിടെ ചോരും നീരിന്റെ സൂചനയോ സദാചാരലംഘനമായി പ്രൗഢസ്ത്രീകള്‍ പോലും അന്ന് കണ്ടിരുന്നില്ല എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. രാജാവിന്റെ മഞ്ചലിറക്കുന്ന അതേ ഇടത്തിലാണ് വേശ്യമാരും കാതോല ചീന്താന്‍ ഇറങ്ങുന്നത്. രണ്ടുപേര്‍ക്കും സമുദായത്തില്‍ മാന്യതയുണ്ട്. അച്ചീചരിതങ്ങളുടെയും ചന്ദ്രോത്സവത്തിന്റെയും അക്കാലത്ത് അച്ചിമാര്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടായിരുന്നു.ആ സ്ഥാനം നാടന്‍പാട്ടുകള്‍ പാടിയാടിയിരുന്നവര്‍ അടുത്തകാലംവരെ സങ്കോചംകൂടാതെ മാനിച്ചിരുന്നു.
.ചരിത്രപുസ്തകങ്ങളില്‍ കാണാത്ത ചരിത്രമാണിത്. യുദ്ധങ്ങളും പടയോട്ടങ്ങളും എത്രയേറെ അരങ്ങേറിമറഞ്ഞിറങ്ങുമ്പോളും പാടത്തൂടെ കവടിസഞ്ചിയും തൂക്കി ഒരു കണിയാരു പോകുന്നുണ്ടാവും.ഒരു പെരുമ്പടപ്പിന്റെ മഞ്ചല് തെങ്ങിന്‍ചോട്ടിലിറങ്ങുന്നുണ്ടാവും. ഒരു അഭിസാരിക തെങ്ങിന്റെ ഓലയില്‍നിന്ന് കാതോല ചീന്തുന്നുണ്ടാവും.
പാഴ്പ്പറമ്പില്‍ തൈവെക്കാത്ത പാപികളേ, കേള്‍ക്കുന്നില്ലേ ?
രാജൻ പടുതോൾ✍