പ്രിയപ്പെട്ട നന്ദിതേ ജനുവരിയുടെ
മഞ്ഞിൽ മാഞ്ഞുപോയൊരു
വയലറ്റുപൂവാണ് നീ,
കവിതയുടെ വർണ്ണത്താളുകളിൽ
പ്രതീക്ഷയുടെ ഒറ്റത്തുരുത്താണ് നീ
നിഗൂഢതയുടെ മരണനിഴലിൽ
തീക്കാറ്റായി നെഞ്ചിൽ വഴി തെറ്റി
വന്നണഞ്ഞ കൂട്ടുകാരനിന്നും
അജ്ഞാതനായി മേഘപാളികളിൽ
ഒളിച്ചിരിപ്പു.
മധുരമില്ലാത്ത ദാമ്പത്യത്തിന്റെ
കൈയ്പ്പുക്കുടിച്ചിട്ടു കവിതകളിലെല്ലാം
പ്രണയത്തിന്റെ കാറ്റ്
ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നു
ഇരുട്ടിൽ തനിച്ചാക്കിയ പ്രണയത്തിനു
തണുപ്പിന്റെ എകാന്തതയിൽ
ജീവന്റെ ചൂടേകി.
ആൾക്കൂട്ടത്തിൽ തനിച്ചായ ഈയ്യാം
പാറ്റയായിരുന്നു നീ പ്രിയപ്പെട്ടവളേ
കടലോളം പരന്ന സ്നേഹത്തിന്റെ
അക്ഷയപാത്രം തേടി മൂകമായി
മണ്ണിൽ നിന്നിറങ്ങി
വിണ്ണിലഭയം പ്രാപിച്ച പൊൻതാരകം
ഹൃദയരേഖയിൽ പ്രണയം കൊരുത്ത
നിശാഗന്ധിപ്പുവിന്റെ സ്നേഹം തേടി
മരണത്തിന്റെ
കയങ്ങളിലൊളിച്ചപ്പോളും
മറുപടിയില്ലാത്ത ചോദ്യങ്ങളുമായി
പ്രിയപ്പെട്ടവളേ നിന്നിലെ നിന്നെതേടി
പിൻതലമുറയും യാത്ര തുടരുന്നു.
പ്രീതി രാധാകൃഷ്ണൻ✍