പൂവായി വിരിഞ്ഞ്
ഇതളടർന്ന് പോകേണ്ടിയിരുന്ന
സുഗന്ധമേറുന്ന
വാടിയ പൂമൊട്ട്..
ഉപേക്ഷിച്ച താളിലെ
അപൂർണ
ജീവിത കാവ്യം…
വേളി കഴിച്ചതിനാൽ
ശരശയ്യയിലമർന്നവൾ..
ഭ്രാന്തിയാക്കപ്പെട്ട
സന്യാസിനി……
കാലചക്ര ഭ്രമണത്തിനായി
സ്വയം ആടുന്ന പെന്റുലം….
കുടുക്കയിലിട്ടലടച്ച ചിരി
പൊട്ടിച്ച് പുറത്തെടുത്തവൾ….
ഇവൾ മോചിത…
ഇന്നിന്റെ പ്രതീകമായ
തന്റേടി….
കാറ്റിന്റെ ദിശക്കെതിരെ
കറങ്ങും കാറ്റാടി…
മൗനമായ് അസ്തിത്വം
കീഴടക്കിയ യുദ്ധപോരാളി…
കാമനകൾ കല്ലറയിൽ
അടച്ചുതക ക്രിയ ചെയ്ത കാമിനി…
ഓർമയുടെ ഓട്ടോഗ്രാഫ്
വലിച്ചെറിഞ്ഞ
സെൽഫി പ്രൊഫൈൽ…
താളം മുറിഞ്ഞ്
മരവിച്ച ദേഹിയിൽ
നിന്നടർത്തിമാറ്റി
എരിച്ചു ചാരമാക്കിയ
കോശങ്ങൾക്കുടമ…
ഇവൾ മോചിത…
സർവതന്ത്ര സ്വതന്ത്ര….
ഇവളെന്റെ കൂട്ടുകാരി…
ഇവളെന്റെ സഹോദരി.
✍ ശ്രീജ വിധു