നിർത്താതെയുള്ള
കുര ….
കിതപ്പ് കൊണ്ട് നടക്കാൻ
കഴിയുന്നില്ല …
ഇന്ന് ഞായറാഴ്ച ആയതു കൊണ്ട് അവൻ
അവിടെ ഉണ്ടാവും…
അവന് രണ്ട് കുട്ടികളായി …
ഇതുവരെ അവരെ കണ്ടിട്ടില്ല …
നല്ല ചൂട്…
തണലില്ല …
പിന്നിൽ നിന്ന് ആരോ
കൈമുട്ടി വിളിക്കുന്നത്
കേട്ടു …
തിരിഞ്ഞു നിന്നപ്പോൾ
അവൻ്റെ അടുത്ത
വീട്ടുകാരൻ പണിക്കരാണ്…
“എന്താ ഇങ്ങോട്ടൊക്കെ ?”
”ഏയ് ഒന്നൂല്ല..
ഒന്ന് അവനെ കാണണമെന്ന് തോന്നി.. ”
” ഇന്ന് ലീവായത് കൊണ്ട്
വീട്ടിൽ തന്നെ ഉണ്ടാവും.
ഞാൻ നടക്കട്ടെ …”
അയാൾ ധൃതിയിൽ നടന്നു പോയി…
കൊല്ലങ്ങൾക്ക് മുമ്പ്
അന്ന് കനാൽ ഇല്ലായിരുന്നു …
അന്ന് ഇടവഴിയായിരുന്നു …
രുക്മുണിയെ താലികെട്ടാൻ വന്ന ദിവസം മാലയിട്ട് തിരിച്ച് വരുമ്പോൾ കൂട്ടുകാർ
ഇടയിൽ വെച്ച് പടകം
പൊട്ടിച്ചതും വീട്ടിലെത്തിയപ്പോൾ അമ്മയും ഇളയമ്മയും അടുത്ത വീട്ടിലെ പ്രായമുള്ള മുത്തശ്ശിയും ഞങ്ങളെ അനുഗ്രഹിച്ചു …
അവളുടെ കൈപിടിച്ച്
അമ്മ അകത്തേക്ക് കയറി…
ഇളയ സഹോദരി ഭർത്താവുമായി പിണങ്ങി
വീട്ടിൽ തന്നെ ആയിരുന്നു …
അവൾ രുക്മിണിയുടെ കഴുത്തിലെ മാലയും
കൈയിലെ വളയും നോക്കി അമ്മയോട് പറയുന്നത് കേട്ടു …
” ഇത് അമ്മ വിചാരിച്ചത് പോലെ ഒന്നും ഇല്ല…
ഇപ്പോൾ മുക്കുപണ്ടം കൊടുക്കുന്നവരുമുണ്ട്…
നാളെ സറാപ്പിൻ്റെ അടുത്ത് കൊണ്ടുപോയി ഒന്ന് ഉരച്ച് നോക്കുന്നത് നല്ലതാണമ്മേ ….”
അമ്മ അവളെ ചീത്ത പറഞ്ഞു…
“നീ മിണ്ടാതിരിയ്ക്ക് ആ കുട്ടി കേൾക്കെണ്ട… കയറി വന്നിട്ടേയുള്ളൂ… അതിന് മുമ്പ് പ്രശ്നമുണ്ടാക്കരുത്…”
രുഗ്മിണി പറഞ്ഞു:
“എനിക്ക് അധികം ആഭരണങ്ങളൊന്നുമില്ല…
അതിനുള്ള കഴിവൊന്നും ഞങ്ങൾക്കില്ല… മുക്കല്ല …
സ്വർണ്ണമാണ് ….. ”
കൊല്ലം ഒന്നു കഴിഞ്ഞു ….
രുഗ്മിണി ഗർഭിണിയായി…
അവൾ വരുമ്പോൾ തന്നെ ഛർദ്ദി ഉണ്ടായിരുന്നു എന്ന് സഹോദരി എല്ലാവരോടും പറഞ്ഞു…
നാട്ടിൽ പാട്ടായി …
പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി…
അവളെ അവളുടെ വീട്ടിൽ കൊണ്ടു പോയാക്കി ..
പിന്നെ അങ്ങോട്ട് പോയിട്ടില്ല.
അവൾ പ്രസവിച്ചു.
കുട്ടി ചെലവിന് അവൾ കേസ് കൊടുത്തു…
ജയിലിൽ കിടക്കേണ്ടി വന്നു…
അമ്മ മരിച്ചു…
സഹോദരി മാത്രമായി വീട്ടിൽ …
കനാലിൻ്റെ പണിക്ക് വന്ന
ഈ ചെറുപ്പക്കാരൻ
അവളെ കല്ലാണം കഴിച്ചു …
അയാൾക്ക് നാട്ടിൽ ആരും ഇല്ലായിരുന്നു ….
അയാളും ഞങ്ങളുടെ കൂടെ താമസിച്ചു.
ജോലിക്ക് പോകാൻ വയ്യാതായി…..
എത്രയോ ദിവസങ്ങൾ പട്ടിണി കിടന്നു.
സഹോദരിയുടെ സ്വഭാവത്തിന് മാറ്റം വന്നു…
”ജോലി എടുത്ത് എന്തെങ്കിലും പൈസ തരണം … ഭക്ഷണം തരാൻ… അല്ലാതെ ഭക്ഷണം തരാൻ കഴിയില്ല …”
അവൾ പറഞ്ഞു.
അങ്ങാടിയിൽ പച്ചക്കറി പീടികയിൽ സഹായത്തിന് നിന്നു…
ചായയും ചോറും അവിടെ നിന്ന് കിട്ടും…
രാത്രി ഉറങ്ങാൻ മാത്രം വീട്ടിൽ വന്നു…
അടുത്ത വീട്ടുകാരെല്ലാം മകനെ കാണാൻ പോകണമെന്ന് പറഞ്ഞു…
“നിങ്ങൾക്ക് പ്രായമായി വരികയാണ്… ഇനി നിങ്ങൾക്ക് അവനും നിങ്ങളുടെ ഭാര്യയും മാത്രേ
ഉണ്ടാവൂ.കഴിഞ്ഞതെല്ലാം അവര് മറക്കും ….”
ശരിയാണെന്ന് തോന്നി…
എന്നാലും അവൻ പഠിക്കുമ്പോൾ ഒരു പെന്ന് പോലും വാങ്ങി കൊടുത്തിട്ടില്ല ….
കാണാറുമില്ല…
ഇന്നവൻ ബേങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്…
നല്ല നിലയിൽ അവനും ഭാര്യയും കുടുംബവും ജീവിക്കുന്നു…
ഇന്ന് രാവിലെ തീരുമാനിച്ചു;
അവനെ കാണാൻ പോവാമെന്ന്.
ഓരോന്ന് ഓർത്ത് അവൻ്റെ വീടെത്തിയത് അറിഞ്ഞില്ല…
ഗൈറ്റ് തുറന്ന് വീട്ടിലേക്ക് കയറി…
മുറ്റത്ത് എത്തിയപ്പോൾ കണ്ടു….
അവൻ കസേരയിലിരുന്ന് പത്രം വായിക്കുന്നത് …
മുറ്റത്തു നില്ക്കുന്ന എന്നെ കണ്ട് അവൻ അകത്തേക്ക് നോക്കി വിളിച്ചു..
”അമ്മേ ആരോ ഒരാൾ വന്നിരിക്കുന്നു…. ചില്ലറ പൈസ കൊടുത്ത് ഒഴിവാക്കു …”
അവൾ ഉമ്മറത്ത് വന്ന് എന്നെ സൂക്ഷിച്ച് നോക്കി…
“എന്താ അവിടെ നിന്നു കളഞ്ഞെ … ഇങ്ങോട്ട് കയറിക്കോളൂ …”
“ആരാണമ്മേ ഇയാൾ .?”
“നിൻ്റച്ഛനാണ് മോനേ…”
” അച്ഛനോ…? ഇവിടെ അങ്ങനെയൊരാളെ പറ്റി അമ്മ പറഞ്ഞിട്ടില്ലല്ലോ …
ഇത്രയും കാലം എവിടെയായിരുന്നു അച്ഛൻ …. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ വരണ്ട …”
അവൾ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു:
“പോട്ടെ മോനേ… എത്രയായാലും അച്ഛനല്ലെ…?”
”നിങ്ങൾ പറഞ്ഞാൽ പോരല്ലോ … ഇറങ്ങി പോയ്ക്കോളാൻ പറ…. ”
പിന്നെ അവിടെ നിന്നില്ല ….
തിരിഞ്ഞ് നടന്നു….
ഗൈറ്റിൻ്റെ അടുത്തെത്തിയപ്പോൾ
ഒന്നു തിരിഞ്ഞു നോക്കി….
അവൻ വിളിക്കുമെന്ന് കരുതി…
എല്ലാം ഞാൻ ചെയ്ത തെറ്റ്….
നേരെ അങ്ങാടിയിലേക്ക് നടന്നു…
വല്ലാത്ത ക്ഷീണം…
പൂട്ടിക്കിടക്കുന്ന പീടികയുടെ വരാന്തയിലിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു…
കുറച്ചു കഴിഞ്ഞപ്പോൾ വടക്കോട്ടുള്ള ഒരു വണ്ടി വന്നു…
വണ്ടിയിൽ കയറി ഇരുന്നു …
പാപം തീർക്കാൻ കാശിയിലേക്ക് ….
ജനിച്ച നാട്ടിനോട് യാത്ര പറഞ്ഞു …
മകനേ മാപ്പ്….🖋️
പള്ളിക്കര കരുണാകരൻ.✍