ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ
നോവിന്റെ കടൽ ഇളകി മറിയുന്നു,
ചിത്തത്തിൽ പേര് പറയാനാവാത്ത
എതോ വിഷാദം
കരൾ കൊത്തി പറിക്കുന്നു,
കഥ പറയാത്ത ചുമരുകളും
ചിരിക്കൊരു മറുചിരി തരാത്ത
വീടിന്റെ അകത്തളങ്ങളും…
മടുപ്പേറിയ ദിനങ്ങൾ
സമ്മാനിക്കുന്ന
മനസ്സിന്റെ താളപ്പിഴക്കു
അടുക്കളച്ചുമരുകൾ സാക്ഷി,
പാത്രങ്ങളുടെ മുഖങ്ങൾ
ഒട്ടിയതും പൊട്ടിയതും
എന്റെ കളിയാട്ടത്തിന്റെ
നേർക്കാഴ്ചകൾ…
സ്നേഹിക്കാൻ
ആരുമില്ലാത്തവളുടെ
ഗദ്ഗദങ്ങൾക്ക്
പല്ലിയും പഴുതാരയും
മാത്രം സാക്ഷി..
നിന്നെ പ്രണയിച്ച് പ്രണയിച്ച്
ആകാശം സ്വപ്നം കണ്ടവൾക്ക്
മാനത്തെ എത്തിപ്പിടിക്കാനാവാത്ത
പൂ തിങ്കളാണെന്ന് അറിയാൻ
കാലങ്ങൾ ഏറെ വേണ്ടി വന്നു,
നെഞ്ച് പിടയുന്ന വേദനയിലും
പുഞ്ചിരിയോടെ നേരിട്ടവൾ
മറന്നു എന്ന് നടിക്കുമ്പോഴും
നിന്റെ ഓർമ്മകൾ
തീ മഴയായി എന്നെ
പൊള്ളിയടർത്തുന്നു.
നീ കൂടെയില്ലന്ന സത്യത്തെ
അംഗികരിക്കുമ്പോഴാക്കെ
പനിച്ചൂടിൽ പിച്ചും പേയും പറഞ്ഞു
ഞാൻ ഭ്രാന്തിയെന്നു പേരും
ചാർത്തി വാങ്ങി.
സ്നേഹത്തിനും
സാമീപ്യത്തിനും
മാറ്റാൻ കഴിയാത്ത
ഭ്രാന്തെനിക്കില്ലെന്ന നേര്
നിനക്കറിയാതെ പോയല്ലോ
അനിത പൈക്കാട്ട്✍
രചന നന്നായിട്ടുണ്ട്. അഭിനന്ദനം