ഇത് വ്യത്യസ്ത കാലഘട്ടത്തിൽ നടന്ന ഒരു കഥയാണ് ; ഒരാൾ സൈലൻറ് വാലിയിൽ നിന്ന്, മറ്റൊരാൾ സൈലൻറ് വാലിയിലേക്ക്.
പാലക്കാട് ജില്ലയിലാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ബോർഡിന്റെ പാലക്കാട് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആണ് 1973 ൽ ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചത്. സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ പദ്ധതി സ്ഥാപിക്കാനുള്ള പ്ലാനിങ് കമ്മീഷന്റെ പച്ചക്കൊടി ലഭിച്ചു. 1970 കളിൽ അവിടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി ചാർജ് എടുത്ത ആളായിരുന്നു ശ്രീ. ടി. ആർ. ജോണി. സർക്കാർ ഏൽപ്പിച്ച ജോലികൾ -റോഡുകൾ എല്ലാം ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നിർമ്മിച്ചു.
ഹെക്ടർ കണക്കിന് മഴക്കാടുകൾ വെള്ളക്കെട്ടിന് അടിയിൽ ആകും എന്ന കാരണത്താൽ സുഗതകുമാരി ടീച്ചറടക്കം കുറെ പ്രകൃതിസ്നേഹികൾ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരുന്നു. വനമേഖലയിലെ സർവ്വസാധാരണമായ ചീവീടുകളുടെ ശബ്ദം ഈ താഴ്വരയിൽ ഇല്ല. അതുകൊണ്ടാണ് ഇതിന് നിശബ്ദ താഴ്വര എന്ന പേര് ലഭിച്ചത്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ ഇവിടെ മാത്രമാണ് ഉള്ളതെന്നായിരുന്നു അവരുടെ വാദം. ആയിരത്തിൽപരം സസ്യ വംശങ്ങളെ🥀🌲🌳🌴🌱 കണ്ടെത്തിയിട്ടുണ്ട്. 108 തരം ഓർക്കിഡുകളും🌷170 ഇനം പക്ഷികളും🐦🐧🦜 നൂറിലധികം ചിത്രശലഭങ്ങളും 🦋400 ഇനം മറ്റു ശലഭങ്ങളും ഈ കാടിൻറെ മാത്രം പ്രത്യേകതയാണ്. സൈലൻറ് വാലിയിൽ നിന്ന് ഓരോ വർഷവും ഓരോ പുതിയ ചെടികൾ🌵🍁🍀🌿 എങ്കിലും കണ്ടെത്താറുണ്ട് . പ്രദേശത്തിൻറെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണത്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ചില സസ്യങ്ങളും തവളവായൻ കിളി എന്ന അത്യപൂർവ്വ പക്ഷിയും കരിങ്കുരങ്ങുകളും🦍🐒 യഥേഷ്ടം ഉണ്ട്.
1977 ഇൽ തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ് എത്തി. സർക്കാർ ഏൽപ്പിച്ച ജോലി സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്തെങ്കിലും സ്ഥലംമാറ്റ ഉത്തരവ് എത്തിയപ്പോൾ ‘ഉർവ്വശീശാപം അർജ്ജുനന് ഉപകാരം ആയതു പോലെയായി എനിക്ക്’ എന്ന് അദ്ദേഹത്തിൻറെ സർവീസ് സ്റ്റോറിയിൽ പ്രത്യേകം എഴുതിയിട്ടുണ്ട്.
ദേവസദസ്സിൽ നൃത്തം ചെയ്യുമ്പോൾ ഉർവശി എന്ന അപ്സരസ്സിനെ അർജ്ജുനൻ സൂക്ഷിച്ചുനോക്കി. ഉർവശിക്ക് അർജുനനോട് അനുരാഗം തോന്നി. അവൾ അർജുനനെ തേടി മുറിയിലെത്തി. അദ്ദേഹം ബഹുമാനത്തോടെ ഉർവശിയെ സ്വീകരിച്ചു. സൂക്ഷിച്ചു നോക്കിയത് ഭക്തി മൂലമാണെന്നും തൻറെ വംശത്തിന്റെ മാതാവ് എന്ന നിലയിലാണ് ഉർവശിയെ കരുതുന്നതെന്നും അർജുനൻ പറഞ്ഞു. ഇതുകേട്ട ഉർവശി “നിന്നെ ആഗ്രഹിച്ചു വന്ന എന്നെ സ്വീകരിക്കാത്ത നീയൊരു നപുംസകമാകട്ടെ എന്ന് ശപിച്ചു.”
തിരുവനന്തപുരത്തേക്കുള്ള സ്ഥലംമാറ്റം അദ്ദേഹത്തിനു ഉപകാരപ്പെട്ടു. ഒരിക്കൽ ഊരും പേരും ഇല്ലാത്ത ഒരു പരാതിയുടെ പേരിൽ സൈലൻറ് വാലിയിൽ ജോലിചെയ്തിരുന്ന മുപ്പതിലധികം ആളുകളെ ഒറ്റയടിക്ക് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്യുകയുമുണ്ടായി.അത് കാണാനുള്ള ദുര്യോഗം അദ്ദേഹത്തിനുണ്ടായില്ല. രണ്ടാമത് മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അവരുടെ കുഞ്ഞുങ്ങളുടെ പിറവികൾ വരെ തിരുവനന്തപുരത്ത് ആയിരിക്കുമ്പോൾ നടത്താൻ സാധിച്ചു. ഇത് സൈലന്റ് വാലിയിൽ നിന്നും സന്തോഷത്തോടെയുള്ള ഒരാളുടെ മടക്കയാത്രയുടെ കഥ.
🥀🌷♥️❤️💙💜💚💛💗💖🥀🌷
“ശ്യാമയാം നിശബ്ദകാനനമേ,
നിന്നെയാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽ ഞാനൊന്നുഴിഞ്ഞു കൊള്ളട്ടെ,
കരംകൂപ്പി ഞാനൊന്നു കണ്ടു നിന്നോട്ടെ മതിവരെ?”
സൈലൻറ് വാലിയെ സംരക്ഷിക്കാനുള്ള സമര മുഖങ്ങളിൽ ഒന്നായിരുന്നു സുഗതകുമാരി എന്ന കവയിത്രി.
അയ്യപ്പപണിക്കർ, ഒ. എൻ.വി., വിഷ്ണു നാരായണൻ നമ്പൂതിരി എന്നീ സാഹിത്യകാരന്മാരുടെ ഒരു നിരതന്നെ സൈലൻറ് വാലിയ്ക്ക് എതിരായി രംഗത്തെത്തി. പദ്ധതി അനുകൂലികൾ അവരെ ‘മരക്കവികൾ’ എന്ന പരിഹാസവുമായി നേരിട്ടെങ്കിലും അവരുടെ ഇച്ഛാശക്തിക്ക് മുന്നിൽ അധികൃതർ മുട്ടുമടക്കിയത് ചരിത്രം.
ഇനി പി. പി. രാജൻ എന്ന വനം വകുപ്പ് വാച്ചറുടെ സൈലന്റ് വാലിയിലേക്കുള്ള മടക്കയാത്രയുടെ മറ്റൊരു കഥ.
1984 ൽ സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. വൈദുതി ബോർഡ് തുടങ്ങിയ പണികൾ മുഴുവനായും നിറുത്തി. പ്രകൃതി സ്നേഹിയായ പി. പി. രാജനെ 1999ൽ വനംവകുപ്പ് വാച്ചർ ആയി താത്കാലികകരാർ പ്രകാരം നിയമിച്ചു. കഴിഞ്ഞ 23 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴികൾ എല്ലാം മനഃപാഠമാണ്. 23വർഷം കഴിഞ്ഞപ്പോൾ താൽക്കാലിക ജീവനക്കാരനായിരുന്ന രാജനെ സ്ഥിരപ്പെടുത്തുന്നതിനു പകരം പിരിച്ചുവിട്ടു കൊണ്ടുള്ള ഓർഡർ ആണ് അദ്ദേഹത്തിന് കിട്ടിയത്. ജോലിയിൽ നിന്നും നീക്കിയത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. സൈരന്ധ്രി വനത്തിലെ ഓരോ ചെടിക്കും🌳🌲🌴☘️🌿 വൃക്ഷത്തിനും രാജനെയും രാജന് അവരെയും അറിയാം. അദ്ദേഹം ഒരു പക്ഷിനിരീക്ഷകൻ🐧🐦🦜🦉 കൂടിയായിരുന്നു. ആ പക്ഷികളുടെ കൂടുകൾ മറ്റ് വന്യമൃഗങ്ങളിൽ നിന്ന് അദ്ദേഹം സംരക്ഷിച്ചിരുന്നു. പക്ഷിനിരീക്ഷകർ, ശാസ്ത്രജ്ഞർ, ട്രെക്കേഴ്സ്……. അങ്ങനെ സൈലൻറ് വാലിയിൽ എത്തുന്ന ഓരോ വിഐപി ക്കും കാടിൻറെ മുക്കുംമൂലയും അറിയുന്ന രാജന്റെ സഹായം ഉണ്ടായിട്ടുണ്ട്. ആ ഉദ്യാനത്തിലെ🌸💮🌼🌻🌺 ഓരോ ചെടികളെയും അദ്ദേഹം പരിപാലിച്ചിരുന്നത് സ്വന്തം മക്കളെ പോലെ ആയിരുന്നു.
വലിയ പ്രകൃതി സ്നേഹിയായിരുന്ന രാജന് ജോലി നഷ്ടപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയത് ഇരുട്ടടി കിട്ടിയതു പോലെ. കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥ. ജൂൺ11, 2022 നു നിശ്ചയിച്ച അദ്ദേഹത്തിൻറെ ഇളയ മകളുടെ വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത് അവളെ ഏൽപ്പിച്ച് അത്യാവശ്യം കല്യാണഒരുക്കങ്ങൾ ഒക്കെ ചെയ്ത് അഞ്ചു ദിവസത്തിനു ശേഷം അദ്ദേഹം സൈലൻറ് വാലിയിലേക്ക് തന്നെ മടങ്ങി. ഇതുവരെ രാജൻ തിരിച്ചു വന്നിട്ടില്ല. നൂറ്റമ്പതോളം വനംവകുപ്പുകാർ നിബിഡ വനത്തിൽ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അദ്ദേഹം താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് അടുത്ത് നിന്ന് ഏകദേശം രാത്രി എട്ട് മണിയോടെ കാണാതാകുകയായിരുന്നു. വന്യജീവി🐗🐈🐆 ആക്രമണ സാധ്യതകൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ11, 2022 കല്യാണമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിന്ന മകൾ ആൾക്കൂട്ടത്തിനിടയിൽ അച്ഛനെ അന്വേഷിച്ചു.വരനെ കൈ പിടിച്ചേല്പ്പിക്കാൻ അച്ഛൻ, ആ സമയത്തെങ്കിലും എത്തുമെന്ന മകളുടെയും ബന്ധുക്കളുടെയും പ്രതീക്ഷ അസ്ഥാനത്തായി. അദ്ദേഹത്തിൻറെ തിരോധാനത്തിൽ ഉള്ള ദുരൂഹത തുടരുന്നു. അദ്ദേഹത്തിനത് സന്തോഷമായിരിക്കാം. എങ്കിലും ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണുനീരിലാഴ്ത്തിയാണ്😪😪അദ്ദേഹം കാടിനോടുള്ള സ്നേഹം കാരണം കാട്ടിൽ തുടരുന്നതെന്ന സത്യം വൈകാതെ തിരിച്ചറിയട്ടെ എന്ന് മാത്രമേ നമുക്കിപ്പോൾ ആശിക്കാനാകു.
ജോലിയുടെ ഭാഗമായി ചിന്നക്കനാൽ, മൂന്നാർ, ആനയിറങ്കൽ, ആനത്തോട്….. ഇങ്ങനെ 14 വർഷത്തോളം കാട്ടിലെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് ഒരാൾ സന്തോഷത്തോടെ മടങ്ങി എന്ന് പിന്നീട് സർവിസ് സ്റ്റോറിയിൽ വെളിപ്പെടുത്തുമ്പോൾ മറ്റൊരാൾ കാട്ടിലേക്ക് മടങ്ങിയത് സന്തോഷത്തോടെയോ അതോ കാടിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളാണെന്ന് അറിയാവുന്നതുകൊണ്ട് മാവായിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതോ? എത്ര വലിയ പ്രകൃതിസ്നേഹിയെങ്കിലും സ്വന്തം മകളുടെ വിവാഹത്തിനെങ്കിലും പങ്കെടുക്കാൻ വരാതിരിക്കുമോ? ഈ ഉത്തരങ്ങൾക്കായി നമുക്ക് കാത്തിരിക്കാം. കാലം തന്നെ അതിനുത്തരം തരട്ടെ !
✍മേരി ജോസി മലയിൽ, തിരുവനന്തപുരം