സുധി ഉറങ്ങിക്കോളൂ….
ആദ്യരാത്രിയുടെ ഫോര്‍മാലിറ്റിയൊന്നും വേണ്ട…
വ്യക്തമായൊരു തീരുമാനമെടുക്കാന്‍ എനിക്കൊരാഴ്ചകൂടി സമയം വേണം….
ഓ…അതിതനെന്താ…
എങ്കില്‍പ്പിന്നെ പാല് കുടിച്ച് മിനിയും കിടന്നോളൂ …
ഉം….അങ്ങിനെയാവട്ടെ…
മോളേ….ചിന്തിച്ച് കൂട്ടിയത് മതി…
കേശവമാമ ധൃതി വയ്ക്കണൂ….
നമുക്കിറങ്ങാം…
വായിലിട്ടു ചവച്ച വെറ്റിലയുടെ ചുവപ്പ് തുപ്പി,അക്ഷമയോടെ വണ്ടിയിലേക്ക് കയറുമ്പോള്‍ അദ്ദേഹമിങ്ങനെ തുടര്‍ന്നു..
അതേയ്…
അമ്പലത്തിലേക്ക് രണ്ടുമണിക്കൂറ് ഓട്ടമുണ്ട്…
ഒന്നു കണ്ണടയ്ക്കണമെന്നവര്‍ക്കാവാം…
കേശവമാമ പറഞ്ഞതുകേട്ടില്ലേ..
മിനിമോള് ശരിക്കൊന്നുറങ്ങിക്കോ…
അല്ലെങ്കില്‍ തല ചുറ്റാനും സാധ്യതയുണ്ട്…
പകലുറക്കം എനിക്ക് പണ്ടേയില്ലല്ലോ…
അമ്മ വേണമെങ്കില്‍ ഒന്നു മയങ്ങിക്കോളൂ..
ശേഷം പതിമൂന്ന് സീറ്റുള്ള വണ്ടിയില്‍ നിന്നും അമ്പതിരിപ്പിടമുള്ള തന്റെ പത്താംക്ളാസ് മുറിയിലെ ജോസഫ്മാഷിന്റെ മലയാളം പാഠത്തിലേക്ക് മിനി വെറുതെയൊന്ന് ചേക്കേറി…
”’കുട്ടികളേ….
എല്ലാ മാസാവസാനവും ഞാനെന്റെ വീട്ടിലെ
വരവുചിലവുകള്‍ ഒത്തുനോക്കുന്നു…
ശേഷം ഭാവികാര്യങ്ങള്‍ അതിനനുസരിച്ച് മുന്നോട്ട് നീക്കുന്നു…
അതുപോലെ കുറഞ്ഞതൊരു വ്യാഴവട്ടം കൂടുമ്പൊഴെങ്കിലും നമ്മളനുഭവിച്ച ജീവിതത്തെയും ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്…
തെറ്റും ശരിയും പാപവും നന്‍മയും കൂട്ടിക്കിഴിക്കേണ്ടതുണ്ട്..
അങ്ങിനെ വരുമ്പോള്‍ ജീവിതം വീണ്ടും പുതുമയുള്ളതാവുന്നു…
നമ്മളിലെ നന്‍മയും സ്നേഹവും ഇരട്ടിയാവുന്നു…
പാപത്തില്‍ നിന്ന് മോചനം നേടുന്നു..
ഇത്തരത്തില്‍ നിങ്ങളും അനുകരിക്കണ
മെന്നണ് എന്റെ ഉപദേശം ”
സാറിന്റെ അന്നത്തെ
കണക്കുപ്രകാരം എന്റെ മൂന്നാമത്തെ വ്യാഴവട്ടം….
അഥവാ മുപ്പത്തിയാറ് വയസ്സ്.
മറ്റൊരു പ്രത്യേകതയെന്താണെന്നു വച്ചാല്‍ സുധിയെ വിവാഹം ചെയ്തിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷം..
കേശവമാമ ഉറങ്ങാനനുവദിച്ച രണ്ട് മണിക്കൂറിനകം, ജോസഫ്മാഷ് പറഞ്ഞതുപോലെ ജീവിതത്തെ വിശകലനം ചെയ്യാന്‍ മിനിയും തന്റെ കണ്ണുകള്‍ പാതിയടച്ചു..
സുധീ….
വിവാഹദിവസം നീയെനിക്കനുവദിച്ച ഉടമ്പടിയുടെ സമയം ഈ രാത്രിയവസാനിക്കുകയാണ്…
അതുകൊണ്ടെന്റെ തീരുമാനങ്ങള്‍ ഞാന്‍ തുറന്ന് പറയട്ടെ…
ഓ…അതിനല്ലെ ഞാനും കാത്തിരിക്കുന്നത്…
വേഗമറിയിച്ചോളൂ…
ചെറുപ്പത്തില്‍ ബാലരമയ്ക്കൊപ്പം അച്ഛനെനിക്കു സമ്മാനിച്ച പുസ്തകമാണ് നീതിസാരം…
അതില്‍ പഞ്ചമാതാക്കളെപ്പറ്റി വിവക്ഷയുണ്ട്…
അവരാരൊക്കെയാണെന്നറിയാവൊ ?
ഇല്ല…
സുധി കൗതുകം പൂണ്ടു..
ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി പത്നിമാത ,സ്വമാത .
അതുപോലെ പുരണാകഥാപാത്രങ്ങളില്‍ ഞാനേറ്റവും വെറുക്കുന്ന സ്ത്രീയേതാണെന്നറിയൊ ?
സ്തബ്ധനായ സുധി ഉത്തരമറിയാന്‍ മിനിയുടെ കണ്ണുകളിലേക്കുറ്റു നോക്കി…
അഞ്ച് സഹോദരങ്ങളെ ഭര്‍ത്താവാക്കിയ ദ്രൗപതി..
ഇനി ഞാനേറ്റവുമധികം ആരാധിക്കുന്ന വീരപുരുഷനേതാണെന്നറിയൊ ?
സീതയെ ദെെവത്തെപ്പോലെ കണ്ട ലക്ഷ്മണന്‍…
ഹൃദയത്തില്‍ കൂരമ്പ് തറച്ചതുപോലെ പിടഞ്ഞ സുധി കണ്ണ് നിറച്ച് കെെകൂപ്പി പറഞ്ഞു …
ചേച്ചി എന്നോട് പൊറുക്കണം…
എനിക്കും നിങ്ങളങ്ങിനെയൊക്കെത്തന്നെയായിരുന്നു.
നമ്മുടെ കുടുംബം ഒരു സദസ്സില്‍ വച്ചെടുത്ത കടുത്ത തീരുമാനം നിവൃത്തികേടുകൊണ്ട് തോളില്‍ വച്ചുപോയതാണ്….
കുറ്റക്കാരന്‍ നീ മാത്രമല്ല സുധീ…
മുതിര്‍ന്നവരെ എതിര്‍ത്തുപറയാനറിയാത്തത്
എന്റെയും കൊടിയ വീഴ്ച…
വെെകല്യമുള്ള മകളെ സംരക്ഷിക്കാന്‍ പ്രകാശന്റെ അനിയനോളം ഉത്തരവാദിത്വമുള്ള ആരെക്കിട്ടുമെന്ന ചോദ്യത്തില്‍ ഞാനും വീണു…
ഉദാത്തമായ സഹോദരബന്ധം മറന്ന് അവിഹിതം നടക്കുന്നത് നമ്മുടെ നാട്ടില്‍ പുതുമയല്ല…
പക്ഷേ…ഹൃദയംപൊട്ടി മരിച്ച പ്രകാശേട്ടന് പകരം അതേ അര്‍ത്ഥത്തില്‍ അനിയനായ സുധിയെ എനിക്കുള്‍ക്കൊള്ളാനാവില്ല…
നമ്മള്‍ വേര്‍പിരിഞ്ഞാല്‍ എല്ലാവരും കൂടി ചേച്ചിയെ ഒറ്റപ്പെടുത്തും…
അബോധമനസ്സുള്ള മോളെയും കൊണ്ട് ചേച്ചിയെങ്ങോട്ട് പോകും?
സുധീ…നമ്മുടെ നാട് വിട്ട് ഒളിഞ്ഞൊ തെളിഞ്ഞൊ നിനക്കൊരു വിവാഹമാവാം…
അതുമല്ലെങ്കില്‍ നിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനുതകുന്ന ഒരു സ്ത്രീബന്ധത്തെയും ഞാനെതിര്‍ക്കില്ല…
പുറത്ത് ദമ്പതികളായും മുറിക്കകത്ത് സഹോദരബന്ധം സൂക്ഷിച്ചും ആരെയും പിണക്കാതെ കുറച്ച് കാലം മുന്നോട്ട് പോവാം…
അതിനുശേഷം പുതിയൊരു കാരണം കണ്ടെത്തി നമുക്ക് വേര്‍പിരിയാം…
ചേച്ചീ സമ്മതം …പൂര്‍ണ്ണസമ്മതം…
പത്തുദിവസം കഴിഞ്ഞാല്‍ ഞാന്‍ മുംബെെയിലേക്ക് തിരിച്ചുപോകും..
ആറുമാസം കൂടുമ്പോള്‍ ആര്‍ക്കും സംശമില്ലാതെ ഞാന്‍ ചേച്ചിയുടെ അടുത്ത്, വന്ന് പോവാം…
മകളുടെ ഭാവിയോര്‍ത്ത് തീ തിന്നുന്ന മാതാപിതാക്കള്‍ക്കൊരാശ്വാസം…
അത്രയേ ഞാനിതില്‍ നിന്നാഗ്രഹിക്കുന്നൊള്ളൂ സുധീ …
പിന്നെയീ ചേച്ചിവിളി വേണ്ട..
മിനിയെന്നാല്‍ ചെറുത്…
അതുകൊണ്ട് ജ്യേഷ്ഠത്തിയെന്ന് നാമകരണം ചെയ്യില്ലെന്നും പണ്ട് നീ കുറേ കളിയാക്കിയതല്ലേ…
അറംപറ്റിയ അതേ മിനി തന്നെ മതി..
”പ്രകാശന്റെ മോള് പോയിട്ടിപ്പോ എത്ര്യായി ?
അടുത്ത മിഥുനത്തിലേക്ക് ആറാം ശ്രാദ്ധം…
”’അതേയ്…സുധി മരിച്ചത് പനികൊണ്ടല്ല, മറിച്ച് പരസ്ത്രീബന്ധത്താലുള്ള സൂക്കട് കൊണ്ടാണെന്നൊരു മുറുമുറുപ്പുമുണ്ടല്ലൊ ശ്രീധരാ”…
കേശവമാമേ…നിങ്ങളിങ്ങനെ വേണ്ടാധീനം പറയല്ലേ…
എന്റെ സുധി അങ്ങിനത്തെ കുട്ട്യല്ല…
ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ കേശവമാമ ഇങ്ങിനെ പറഞ്ഞൊപ്പിച്ചു…
നിര്‍ത്തി….ശോഭക്ക് പാമ്പിന്‍ചെവിയാണെന്ന കാര്യം മറന്നു…
അപ്പൊഴേക്കും ബസ്സിലുള്ള എല്ലാവരുമുണര്‍ന്നു…
എന്താ പ്രശ്നം ?
മിനിയല്‍പ്പം കടുപ്പത്തോടെ ചോദിച്ചു…
ഒന്നുല്ല്യ കുട്ടീ…..ശ്രീധരനോട് അമ്പലമെത്താറീയീന്ന് പറഞ്ഞതാ…
ഉം….
അവളൊന്നമര്‍ത്തി മൂളി…
ബലിക്കിരുന്നവരോട്
കര്‍മ്മി മരണപ്പെട്ട ആളുമായുള്ള ബന്ധം ചോദിച്ചു…
ഞങ്ങളുടെ മകന്‍, ഇവളുടെ ഭര്‍ത്താവ് …
ഇതുകേട്ടതും നിയന്ത്രണം വിട്ട
മിനി ഉച്ചത്തില്‍ പറഞ്ഞു..
ഭര്‍ത്താവല്ല…
എന്റെ അനിയന്‍…പേര് സുധി….
ഞെട്ടലോടെ തമ്മിത്തമ്മില്‍ നോക്കിയെങ്കിലും ആരും മറുത്തൊരക്ഷരം മിണ്ടിയില്ല….
കര്‍മ്മി മിനിയോട് സൗമ്യമായി തുടര്‍ന്നു…
കലഹിക്കേണ്ട…
ആരെന്ന് മനസ്സില്‍ കരുതിയാല്‍ മതി…
ആത്മാവിനുള്ള സ്ഥാനം ഹൃദയത്തില്‍ത്തന്നെയാണ്…
കെെകൂപ്പിക്കരഞ്ഞ അവള്‍ അനിയന്റെ മോക്ഷപ്രാപ്തിക്കായി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു…
ജയരാജ് പരപ്പനങ്ങാടി✍
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)