സ്വാത്രന്ത്യം ലഭിച്ച് എഴുപത്തഞ്ച്
വർഷങ്ങൾ…
അന്ന് വിദേശാധിപത്യത്തിനെതിരെ
ശബ്ദമുയർത്തിയവരിൽ,
പോരാടിയവരിൽ
അധികം പേർ ഇന്നില്ല,
സ്വാതന്ത്ര്യ സമരവും നേരിട്ട
യാതനകളും
പീഡനങ്ങളും പോരാട്ട വീര്യവുമെല്ലാം
ഇന്ന് ചരിത്രം മാത്രം
യുവ തലമുറക്ക് രാഷ്ട്ര പിതാവായ
ഗാന്ധിജി പോലും
പുസ്തക താളിലെ ഒരപ്പുപ്പൻ
മാത്രമാണ്…
ഗാന്ധിയെന്നാൽ ഗാന്ധിജിയല്ലെന്ന്
വരുത്തുവാൻ
പെടാപാടുപെടുന്നവരെറെ
ഗാന്ധജി പ്രതിനിധാനം ചെയ്ത
പ്രസ്ഥാനത്തിനും
ഗാന്ധിജി പ്രചരിപ്പിച്ച ഖാദിക്കും
ഇന്നദ്ദേഹം ഒരു
ട്രേഡ് മാര്ക്ക് മാത്രം…
വിദേശികൾ തുടങ്ങി വെച്ച
വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം
നമ്മളാൽ തിരഞ്ഞെടുക്കപ്പെടുന്ന
ഓരോ ഭരണ വർഗ്ഗങ്ങളും തുടരുന്നു
അവരണിഞ്ഞ് നടന്നിരുന്ന
വേഷവിധാനങ്ങൾ
അതെ പടി തുടരുന്ന കോടതികൾ
സേവന തല്പരരെന്ന് ഉദ്ഘോഷിക്കുന്ന
സംഘടനകൾ
ഭാരതത്തിന്റെ അവസ്ഥ
അടുത്തറിഞ്ഞ്
ലളിത വസ്ത്ര ധാരിയായി മാറിയ
ഗാന്ധിജി
ഇന്ന്, കോട്ടണിയാതെ
പുറത്തിറങ്ങാത്ത
മനുക്ഷ്യവകാശ പദവിക്കാർക്ക്
അപമാനമാണ്
സ്വാതന്ത്രത്തിനായി പോരാടിയ
വാർത്താ മാധ്യമങ്ങൾ
മുൻ പേജിലെ പരസ്യങ്ങൾക്കായി
ഇന്ന് മൽസ്സരിക്കുന്നു
ആഗസ്ത് പതിനഞ്ചിന് നാം
സ്വാതന്ത്ര്യത്തെ കുറിച്ച്
വാ തോരാതെ പ്രസംഗിക്കും
എന്നാൽ നമ്മൾ സ്വതന്ത്രരാണോ?
നഗരത്തിലായാലും ഗ്രാമത്തിലും
വാതായനങ്ങൾ പോലും മലർക്കെ
തുറന്ന്
ഉറങ്ങുവാൻ നമുക്ക് കഴിയുന്നുണ്ടോ?
തെരുവ് നായ്ക്കളെ ഭയക്കാതെ
വഴി നടക്കുവാനുള്ള
സ്വാതന്ത്ര്യം നമുക്കൂണ്ടോ?
നിർബന്ധ പിരിവുകൾക്ക്
വിധേയനാകാതെ
സംഘടനാ ബലത്തിന് മുന്നിൽ
പതറാതെ
മുന്നേറുവാൻ നമുക്കാകുമോ?
ഇരുൾ വീണാൽ ആൺ പെൺ
ഭേദമില്ലാതെ
നിർഭയം നടക്കാൻ കഴിയുമോ?
നാം ഭരണത്തിലേറ്റിയവർ
നമ്മിലേൽപ്പിക്കൂന്ന
അപ്രായോഗിക പരിഷ്കാരങ്ങൾ,
നികുതികൾ
വൻ അഴിമതികൾ…
വിഷമയമായ ഭക്ഷണത്തിൽ നിന്നും
വൈകല്യം അടിച്ചൽപ്പിക്കുന്ന
മാരകമായ കീടനാശിനികളിൽ നിന്നും
നമുക്ക് മോചനമുണ്ടോ?
ജാതി വ്യവസ്ഥകളിൽ നിന്നും,
മത ഭീകരതയിൽ നിന്നും
മോചനമുണ്ടോ?
ചെവി പൊട്ടുന്ന ഉച്ചഭാഷിണികളിൽ
നിന്നും
വഴി തടയുന്ന ജാഥകൾ,
ഘോഷയാത്രകൾ
എന്നിവയിൽ നിന്നും മോചനമുണ്ടോ?
എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ
നിങ്ങൾക്കുമുണ്ടാവും
അറിയാൻ ആഗ്രഹമുണ്ടാവും
“എന്താണ് സ്വാതന്ത്ര്യം” ….
✍ വി.കെ. അശോകൻ