ആനന്ദദായിനിയാത്മപ്രസാദമായർഘ്യം
കൊതിയ്ക്കുന്ന രാവിൽ
ആമോദമേകുന്ന ഗന്ധർവ്വനായ് മാരി
ഗ്രീഷ്മക്കൊടും
താപമാറ്റീ
ആപാദചൂഡം നനച്ചവനെന്നിലിന്നാ –
വേശമാകെയുണർത്തീ
തോരാതെ പെയ്തു നീ
എന്നിലൂറുന്നൊരീയൂഷ്മത്തെ
ശീതളമാക്കീ
ദാഹം ശമിച്ചൊരെൻ
ഹൃത്തോരമാകെയും
താമരപ്പൂപ്പൊയ്കയായി
പ്രേമം പകർന്നു നീ
വർഷമേ നിർത്താതെ
വാരിപ്പുണർന്നെങ്ങുപോയി
ആകെ നിറഞ്ഞൊരെൻ
മാൻമിഴിപ്പൂവുകൾ
വീണ്ടുംകലങ്ങിച്ചുവന്നു
ധാരയായ് നിർത്താതെ നീങ്ങവേ
കേട്ടൊരാരോദനം നെഞ്ചൊന്നുലച്ചു.
ദേഹം നനഞ്ഞൊട്ടി നിന്നൊരാനേരത്ത്
വാനിന്റെ ജാലകം നീക്കി
ആദിത്യബിംബത്തിന്നാശകൾ പോൽ
വിശ്നമാകെത്തഴുകിത്തലോടി
.
വൃശ്ചികക്കാറ്റുവന്നെന്നെയോ
മെല്ലെയായ് തൊട്ടുരുമ്മുന്നൊരാനേരം
മണ്ഡനമെല്ലാമഴിച്ചെറിഞ്ഞെന്തിനോ
മഞ്ഞിൻ തണുപ്പിൽ മയങ്ങി
അന്തിക്ക് പുഞ്ചിരിപ്പൂവുമായ്
കാനനമുല്ലതൻ ഗന്ധംനിറഞ്ഞു.
അംബരത്തമ്പിളി ചന്ദനംതൊട്ടുടൻ
മിന്നും നിലാദീപമേന്തി
കുഞ്ഞിക്കിളിപെണ്ണ് വന്നെന്റെ
കൈകളിൽ പൊന്നോലയാൽ കൂട്
കൂട്ടി
കണ്ണും തുറന്നു ഞാൻ കമ്പളം മാറ്റിടേ
കുഞ്ഞുങ്ങൾ കൂട്ടമായ് പാറി.
നെഞ്ചിൽ നിറഞ്ഞാ
പ്രണയക്കുളിരിന്റെ നൊമ്പരം
മാറ്റീടാനായി
കുംഭം കുടഞ്ഞിട്ട വർണ്ണങ്ങൾ കണ്ടു
ഞാനമ്പേയതിശയം പൂണ്ടു.
വാസന്തമെത്തിയെൻ
വാർമുടിയാകെയും വാസനത്തൈലം
തളിച്ചു.
വാസരമേറേയും വർണ്ണാഭമായ് മാറി
വാതായനങ്ങൾ തുറന്നു.
തേനുണ്ടു സാമോദമാകെപ്പറന്നൊര
പൂമ്പാറ്റകൾ ഹർഷമേകി
ഗാനങ്ങൾ പാടുന്ന കോകിലജാലമോ
മോഹനരാഗങ്ങൾ മൂളി
കാലം കുതിയ്ക്കുന്ന പാതകൾ
കാണാതെ
കണ്ണും മിഴിച്ചു ഞാൻ നിന്നു
താലം നിറച്ചങ്ങുമായുന്നൊരോർമ്മയെ
ഓർത്തെടുക്കാൻ
ഞാൻ കൊതിച്ചു.
ഷീബ K.N✍