അമ്പലനടയിൽ അയാളിരുന്നു.
പരന്ന നെറ്റിയിലൂടൊഴുകിയ നീർച്ചാലുകൾ നനച്ചിട്ടും അത് തുടക്കാതെ കണ്ണുകൾ പലവഴിക്കും സഞ്ചരിച്ചു.
നൊമ്പരങ്ങൾ വേലിയേറ്റം സൃഷ്ടിച്ച മിഴികൾ തുറന്നുതന്നെ പിടിച്ചു.
എങ്ങാനും കാണാതെ പോയാലോ..!
ദുഃഖ ഛവികൾ ചൂളം കുത്തിയൊഴുക്കിയ കാറ്റ് തഴുകി കടന്നുപോയി. നല്ല ഉഷ്ണം. മഴക്കാറ് മൂടിയ ആകാശം പെയ്തൊഴിയാതെ കിടന്നു.
മകളെയും ഭാര്യയെയും മുറിയിലിരുത്തി ഇപ്പൊ വരാമെന്നു പറഞ്ഞു ഇറങ്ങിയതാണ്. കാര്യമൊന്നും പറഞ്ഞില്ല. കണ്ടത് ഞാനല്ലേ ..!!
തോർത്തുമുണ്ട് ഇടതു തോളിലിട്ട് പെട്ടെന്നിറങ്ങി.
വൈകാരികത തളം കെട്ടിക്കിടന്ന മഞ്ഞു പാളികൾക്ക് കനം വെച്ചു. മഞ്ഞല്ല ലാവയാണ് ഒഴുകുന്നത് എന്ന് തിരിച്ചറിഞ്ഞു.
മുൻപില്ലാത്ത വേഗത കൈവരിച്ച കാലുകൾ കല്ലിൽ തട്ടി ചോര പൊടിഞ്ഞു.
ദേശാടനപ്പക്ഷികൾ കൂടണയുന്നതുപോലെ അമ്പലനടയിലേക്ക് ആളുകൾ ഒഴുകി.
ഞാനവളെ കണ്ടതാണല്ലോ..!
അല്പം നരച്ച നീണ്ട മുടിയിഴകൾ മാടിയൊതുക്കി.
മുഷിഞ്ഞ പൊടിക്കാറ്റ് വട്ടമിട്ടു. എന്താണെന്നറിയില്ല
ശുഭ സൂചനകൾ ഒന്നും കിട്ടുന്നില്ല. യാത്ര വെറുതെയാകുമോ !
അവളെ ഒരിക്കലെങ്കിലും കാണിച്ചു തരാൻ നിരന്തരം ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാറുണ്ട്. അതാവും നിഴൽപോലെ ഒരു നോട്ടം കണ്ടത്.
പഴഞ്ചൊല്ലും കൂട്ടിനു പോന്നു.
‘ ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നവരെല്ലാം അവനെന്ന് തോന്നും’
അങ്ങിനെ വിചാരിക്കണ്ട ‘നമ്മൾ ഒരുകാര്യം ശക്തമായി ചിന്തിച്ചാൽ പ്രപഞ്ചം തന്നെ കൂട്ടു നിൽക്കും’ എന്നുമുണ്ടല്ലൊ..!
മനസ്സിൽ നടക്കുന്ന വാദഗതികൾ തുടർന്നും വന്നുകൊണ്ടിരുന്നു. നടയെത്തിയപ്പോൾ മറഞ്ഞു കിടന്ന വിഷാദം തല പൊക്കി.
‘ ഒരിക്കൽ കൂടി … ഗുരുവായൂരപ്പാ..’
രണ്ടാം മുണ്ടുകൊണ്ട് നിലം തട്ടി പൊടി കളഞ്ഞു അവിടിരുന്നു. എത്രനേരമായി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് എന്ന് നിശ്ചയമില്ല.
ഓർമകൾക്ക് മരണമില്ലാത്തതുകൊണ്ടാവും കുത്തി നോവിക്കാൻ വരുന്നത്. എന്തെ നല്ല ചിന്തകൾ പൊടിഞ്ഞു പൊന്താത്തത് !
വാച്ചിലേക്ക് കണ്ണ് നട്ടു. സന്ധ്യ അതിന്റെ മുഖം കനപ്പിച്ചു തുടങ്ങിയിരിക്കുന്നു. മണിക്കൂറുകൾക്ക് വല്ലാത്ത കനം. ധ്വജഭംഗം വന്ന മോഹാശ്വം.
ഇരുണ്ട കാർമേഘത്തിനിടയിൽ വെള്ളിവരകൾ പോലെ മിന്നിത്തിളങ്ങിയ ദീപസ്തംഭ നാളങ്ങൾ.
ഇന്ദ്രജാലക്കാരന്റെ മെയ്‌വഴക്കത്തോടെ ചുറ്റുവിളക്കിൽ എണ്ണ പകരുന്ന വാര്യർ തന്നെ നോക്കി ‘ എന്താ പോണില്ലേ ‘ എന്നർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം കാട്ടി.
എനിക്കെങ്ങനെ പോകാനാകും. മനസ്സിൽ കുരുപ്പിടിപ്പിച്ച മോഹത്തിന് അറുതി വന്നിട്ടില്ല.
കണ്ടേ മടങ്ങൂ..! ഇല്ലെങ്കിൽ ഈ രാത്രിയെങ്ങിനെ ഞാനുറങ്ങും. നോവിന്റെ പടിപ്പുര വാതിൽ തുറന്നിട്ടിരിക്കയല്ലേ.
കണ്ണുകൾ ഈറനണിഞ്ഞുവോ ! ഒരു തുള്ളി നെഞ്ചിൽ വീണു പൊള്ളി. നടയിൽ നല്ല തിരക്ക്.
സമപ്രായക്കാർ കുട്ടികളെ കാണുമ്പോൾ കൊതിയോടെ നോക്കിയിരിക്കും. ഉള്ളം പകച്ചതുകൊണ്ടാവാം കണ്ണുകൾ ഉരുണ്ടു വലുതായി.
ഇതിലെവിടെയെങ്ങാനും ! ഉണ്ടാവും. കണ്ണുകൾ മൂടിയത് കൊണ്ടാവും. ഭഗവാൻ കാണിച്ചു തരട്ടെ !!
പുഴ താഴോട്ട് മാത്രമല്ലെ ഒഴുകു. മക്കളോടുള്ള സ്നേഹം വഴിമാറില്ല. ഇടിഞ്ഞു തുടങ്ങിയ കവിൾ തടങ്ങൾ ചോര വാർന്നു. തല തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു ഇമ വെട്ടാതെ.
സമയമേറെയായി അറിയാഞ്ഞിട്ടല്ല. ചാരക്കണ്ണുകൾ മൂടാൻ തുടങ്ങി. മനസ്സിന്റെ സ്ഥൈര്യം ചിന്തകളെ കടിഞ്ഞാണിട്ടു.
എന്നെ കാണാതെ അവർ വിഷമിക്കുന്നുണ്ടാവും!
അത്താഴ പൂജ കഴിഞ്ഞു നടയടച്ചു. എല്ലാവരും പിരിഞ്ഞു. വെള്ളമടിച്ചുള്ള ശുദ്ധിയും കഴിഞ്ഞു.
ദേവൻ നല്ല ഉറക്കത്തിലാണ്.
‘ അവളെ തിരിച്ചു തരില്ലേ ഗുരുവായൂരപ്പാ..’
പറഞ്ഞത് മനസ്സിലാണെങ്കിലും വാക്കുകൾക്ക് ശബ്ദ വീചി വെച്ചു. ചുറ്റും നോക്കി ആരെയും കാണുന്നില്ല. ഞാനെങ്ങനെ തനിച്ചായി ..മയങ്ങിപ്പോയോ..!
പെട്ടെന്ന് ഞരക്കത്തോടെ ശ്രീകോവിലിന്റെ നട തുറന്നു. ഒന്ന് ഞെട്ടി. വിശ്വരൂപം മിഴി തുറന്നു.
ചുവന്ന കണ്ണുകൾ. തികഞ്ഞ ശാന്തതയിൽ തന്റെ ശബ്ദം കേട്ടിട്ടാവണം.
‘ തന്നില്ലേ ഞാൻ …’
ഇടിമുഴക്കം പോലുള്ള ശബ്ദത്തിന്റെ ഗാംഭീര്യം ചെവിയടപ്പിച്ചു. ഒരു ഗർജ്ജനം. ആന്തരാഴങ്ങളിൽ നിന്നും പതഞ്ഞു പൊന്തിയ രോഷാഗ്നി. ഉള്ളാകെ ഉലഞ്ഞു. കണ്ണുകളിൽ നിന്ന് ചോര പൊടിഞ്ഞു. രോമകൂപങ്ങൾ എഴുന്നു നിന്നും. ശ്വാസ ഗതികൾ വ്യതിചലിച്ചു. അന്ധാളിപ്പ് ബാധിച്ചു എവിടേക്ക് പോകണം എന്നറിയാതെ വിറങ്ങലിച്ചു.
എത്ര വേഗമാണ് പടിഞ്ഞാറേ നട തുറന്ന് ഓടിയതെന്നറിഞ്ഞില്ല. കാലുകൾ നിലത്ത് തൊടുന്നില്ല.
‘ പാകിയ വിത്ത് മുളപൊട്ടിയിരിക്കുന്നു’ നീണ്ട പ്രാർത്ഥനയുടെ ഫലം. ഗദ്ഗദം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ല.
‘ ഇത്ര നേരം എവിടെയായിരുന്നു ?’ ഭാര്യയും മകളും ഒരേ നോട്ടം. ശ്വാസം അടങ്ങാൻ കാത്തു നിന്നു.
‘ ശരിയായി … എല്ലാം ശരിയായി ..അവൾ തിരിച്ചു വരുന്നു’
മകളെ ശ്രദ്ധിക്കാതെ ഭാര്യയുടെ വയറിൽ മുഖം ചേർത്തു. ഒരു കൈകൊണ്ട് മകളെ വാരിയെടുത്തു.
പിന്നെ വിതുമ്പി.
ഇനി കാത്തിരിപ്പ്.
മോഹൻ കർത്ത✍
(മികച്ച രചന: സംസ്കൃതി & ആർഷഭാരതി)