നന്മ നിറഞ്ഞ ഒന്നും കാണാത്തതിനാൽ മനം മടുത്തു അവൻ മുഖപുസ്തകതിൽ നിന്നും മുഖമുയർത്തി പുറത്തെയ്ക്കു നോക്കി. എവിടെയോ പെയ്യുന്ന മഴയുടെ തണുത്ത ഇളം കാറ്റു പതുക്കെ തടവി കടന്നു പോയി. മാനം ഇരുളടഞ്ഞു കിടപ്പുണ്ട്.
“നാശം ഇന്നും മഴ തന്നെ? ” – മനസ്സിൽ ശപിച്ചു. സ്വാഭാവികം, അല്ലെങ്കിൽ പിന്നെ എന്തു മലയാളി. വേനലിൽ മഴയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുകയും, മൺസൂണിൽ മഴയെ ശപിക്കുകയും ചെയ്യുന്ന ഏക ജീവി മലയാളി ആണല്ലോ.
“അച്ഛാ…… ”
പിന്നിൽ നിന്നുള്ള 5 വയസ്കാരി മോളുടെ വിളിയിൽ തിരിഞ്ഞു നോക്കി. അടുക്കളയിൽ നിന്നും അമ്മ കൊടുത്തു വിട്ട ചായ കൊണ്ട് വന്നതാ ആശാട്ടി. ഇന്നെന്താ പറയാതെ ചായ കൊടുത്തു വിട്ടത് എന്ന ചോദ്യം തിരിച്ചും മറിച്ചും ആത്മഗദം പറഞ്ഞു, അടുക്കളയിൽ ദോശ മറിച്ചിടുന്ന ഭാര്യയെ എത്തിനോക്കി. ഇന്നലത്തെ പിണക്കം ലേശം കൂടെ മാറാന്‍ ഉണ്ട് എന്ന് മറിഞ്ഞു വീഴുന്ന ദോശയുടെ ആഘാതത്തിൽ നിന്നും മനസിലായി.
“ഡി…, നീ കുടിച്ചോ.. ”
“എനിക്ക് ബൂസ്റ്റാ… ” ഒരു കൊതി ചിരി ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.
ആഹാ നല്ല കടുപ്പമുള്ള ചായ, ശ്രീമതി ചായ കുടിക്കില്ലേലും ഇടാൻ സ്പെഷ്യലിസ്റ് ആണ്. എന്തോ, ഞായറാഴ്ച ആയതു കൊണ്ടും മഴക്കാർ കണ്ടത് കൊണ്ടും ആവാം അവൻ കുറച്ചു പഴയ കാലത്തേക്ക് പോയത്..
എല്ലാരുടെയും ചികഞ്ഞു നോട്ടം എത്തും എന്നറിഞ്ഞു കൊണ്ട് തന്നെ മനസ്സിൽ തോന്നിയ ആ പ്രണയത്തെ, ഏറെ കടമ്പകൾ മറികടന്നു അവളെ സ്വന്തമാക്കിയ, ഇപ്പോ ദേ അപ്പുറത് എന്നോടുള്ള ദേഷ്യത്തെ പാവം ദോശയോട് കാണിക്കുന്ന, എന്റെ സ്വന്തം പാതിയെ പ്രണയിച്ച കാലം…
ഒരിക്കൽ ഒരു നഷ്ട ദാമ്പത്യത്തിന്റെ പടിക്കൽ സന്തുഷ്ട കുടുംബം ഒരു മിഥ്യയാണ് എന്ന ധാരണയുമായ് നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിനയിച്ചു മടുത്തപ്പോൾ പങ്കാളിയുടെ വായിൽ നിന്നും പല തവണ കേട്ടുമടുത്ത ചോദ്യമാണ്, “ഇത് നിർത്താം” എന്ന്. കുടുംബ ചുറ്റുപാടുകളിൽ കണ്ടു പരിചയമില്ലാത്തതു കൊണ്ടാണോ എന്തോ മനസ് മടിച്ചു വർഷങ്ങളോളം നിന്നപോൾ ഒന്നുറപ്പായിരുന്നു ഇത് അധിക നാൾ മുന്നോട്ട് പോകില്ല എന്ന്. ഒടുവിൽ ഒരു ലോക്‌ഡോൺ കാലത്തെ കടുത്ത മാനസിക സമ്മർദ്ദത്തിന് ഒടുവിലും ആഴമേറിയ ചിന്തകൾക്ക് ഒടുവിലും ആ തീരുമാനം എടുത്തു. “മതി, ഇനി വയ്യ”. പിന്നെ ഒരു യുദ്ധം ആയിരുന്നു… പല സൗമ്യ മുഖങ്ങളുടെയും മുഖം മൂടി അഴിഞ്ഞു വീണു, യഥാർത്ഥ സുഹൃത്തുക്കളെ, ബന്ധുക്കളെ തിരിച്ചറിഞ്ഞു.
അങ്ങനെ കാറും കോളും നിറഞ്ഞ ഇരുളടഞ്ഞ ആ മാനത്തേക്കു ഒരു ഇളം സൂര്യ രശ്മി കടന്നു വന്നു. കസേരയിൽ തല ചാരി, കണ്ണടച്ചു, കാർമേഘങ്ങളിലൂടെ ചിന്തകളുടെ ഇരുട്ട് മനസ്സിൽ കയറും എന്ന് തോന്നിയ നിമിഷത്തിൽ ആ ഇളം വെട്ടം അവന്റെ മുഖത്തേക്ക് തെന്നി വീണു. പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ, ദോശ ചട്ടുകവും പിടിച്ചു നിൽക്കുന്ന പ്രിയതമയെ കണ്ടു. കാഴ്ച അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും, ആ ഇളം രശ്മി വന്ന പോലെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്. അതോർത്തപ്പോൾ, ചട്ടുകം ഒരു പൂച്ചെണ്ടായി തോന്നി, നൈറ്റി ഒരു കടും ചുവപ്പ് സാരി ആയും…
“വിശപ്പൊന്നും ഇല്ലായിരിക്കും…”
രണ്ടു വാക്കേ ഉള്ളൂ പക്ഷെ അതിനു ഒരുപാട് അർഥങ്ങൾ ഉണ്ട് എന്നറിയാവുന്നത് കൊണ്ട്,
“ദാ വന്നു… ഇന്നു നല്ല മഴയുണ്ട്… ചുമ്മാ കുറെ പഴയ കാര്യങ്ങൾ ഓർത്തു ഇരുന്നതാ…”
“അയ്യോ എന്റെ ദോശ…”
തലയിൽ കൈ വെച്ച് തിരികെ ഓടുമ്പോൾ, ഒരു പാതി ചോദ്യം ചുണ്ടിൽ ഉണ്ടായിരുന്നു.
കാലി ചായ ഗ്ലാസുമായി പുറകെ ചെന്ന് കരിഞ്ഞ ദോഷയെ കുറ്റം പറയുന്ന അവളെ കെട്ടിപിടിച്ചു ചോദിച്ചു,
” എന്തോ പറയാൻ വന്നതാണല്ലോ? എന്തെ പറയാഞ്ഞേ?”
Beautifully written