കാലനേമി മൊഴിതൻ സമസ്യയായ്
കാലചക്രം തിരിയുന്നതിദ്രുതം
കാലമണിയും വേഷവിധാനങ്ങൾ
കാലത്തിൻ ദൃഷ്ടാന്തമായിമാറുന്നു
കർണ്ണികാരം വിരിയും വസന്തമേ
കാലദൂതിലും നറുമണമേകിയോ
കണ്ട കിനാവിൽ വിടരും വസന്തം
കാലമേന്തി തപിക്കും ഗ്രീഷ്മത്തെ
കണ്ട കാഴ്ചകൾ വറ്റി വരളുമ്പോൾ
കാവലാളായ് ശവം തീനിപ്പക്ഷികൾ
കാലമേറെയകലാതെ നനയുന്നു
കാർവർണ്ണമാകും വർഷകാലത്തിലും
കീറപ്പായ തന്നോരത്തു പാത്രങ്ങൾ
കാറും കോളും ചുരത്തി നിറച്ചു
കഞ്ഞി കുടിക്കാനില്ലാതെ ദാരിദ്ര്യം
കുടിയിരിക്കുന്നു ഇറയത്തിറങ്ങാതെ
കാഴ്ചകൾ ഇനിയുമേറെ വഹിച്ചിടും
കാലം പിന്നെയുമുരുളും തിടുക്കമായ്
കാത്തു നിന്നീടും
ശരത്തിലേക്കെത്തവെ
കനത്തു നിന്നൊരാ വർഷവും മാഞ്ഞു
കതിരവൻ തലപൊക്കി നോക്കിയ
നേരം
കാണ്മു മേഘങ്ങൾ മുളപൊട്ടി നില്പതും
കാർകൂന്തൽ അഴിച്ചിട്ട് നീഹാരമേന്തി
കാലം വിരുന്നെത്തും ഹേമന്ത രാവിൽ
കാലം പണിതീർത്ത ശിശിരത്തിലും
കേൾക്കാം ചക്രം തിരിയുന്ന താളം
കൈകളിൽ പുഷ്പതല്പമകലുന്നു
കിനാക്കളേകിയ പൂവാകയിൽ നിന്നും
കാലമില്ലാ കാലം അകലെയായാൽ
കാലചക്രമുരുളുമോ പ്രകൃതീ
✍ സംഗീത മോഹൻദാസ്