ജീവിതമെന്നൊരീ യാത്ര തന്നിൽ
കാണുന്നു നാമെത്ര യാത്രികരേ !
ഓർമ്മയിൽ നിൽക്കുന്നോർ ചിലരു മാത്രം
മറ്റുള്ളോർ മറയുന്നു വിസ്‌മൃതിയിൽ!
യാത്രയിൽ കാണുന്നുയെത്ര കാഴ്ചാ
ഓടിമറയുന്നു സ്വപ്നം പോലേ !
സർവ്വതും ഓർത്തിടാൻ തക്ക വ്യാപ്തി
കാണില്ല മാനവയിന്ദ്രിയത്തിൽ !
അല്ലേലുമെന്തിനായോർക്കണം നാം
അല്ലലുണ്ടാക്കുന്ന സംഭവങ്ങൾ ?
നല്ലതും ചീത്തയും കണ്ടറിഞ്ഞു
വേണ്ടതു മാത്രമെടുക്ക വേണ്ടേ?
സ്വാർത്ഥത മുറ്റുന്ന ചെയ്‌തിയാലേ
സ്വായത്തമാക്കണോ സർവ്വം വൃഥാ ?
നിസ്വാർത്ഥ സേവനം ചെയ്തു നിത്യം
സാന്ത്വനമേകുക മർത്യധർമ്മം !
മാറ്റമനിവാര്യമല്ലേ സത്യം
മാറ്റണം വൈകൃത ചട്ടങ്ങളും !
മാറ്റത്തിൻ പേർ ചൊല്ലിയിന്നു കാട്ടും
തെറ്റായ മാർഗ്ഗേ ചരിക്കണോ നാം?
യാത്ര തുടരേണം ലക്ഷ്യം പൂകാൻ
തന്മാത്ര മാത്രമീ ജീവിതവും !
ആത്മാർത്ഥ സ്നേഹത്താൽ ദീപ്തമാക്കാം
പുരുഷാർത്ഥം` തേടുമീ പുണ്യയാത്രാ !!
പേരാമംഗലം ഗോപി✍