ഹിമശൈലസാനുക്കളുദയാഭ
പൂണ്ടവെൺ –
മലർമഞ്ജരിയായ്ത്തെളിഞ്ഞു
നിൽക്കേ
അലരിട്ട മോഹങ്ങളിഴകീറിനോക്കാനു-
മരുതാത്തൊരാന്ധ്യത്തിലാണ്ടു മുങ്ങി
അരുമക്കിടാവിനെയൊരുനോക്കു
കാണുവാ-
നളകങ്ങളിൽ ചുണ്ടു ചേർത്തീടുവാൻ
കുതറുംമനസ്സിൻ കടിഞ്ഞാണു
പൊട്ടുന്നു
ചുരമാന്തി നിൽക്കുന്നു മോഹങ്ങളും!
അതിരുകൾ കാക്കാനുമടരിൽ
ജയിക്കാനു-
മലിവിന്റെ സാന്ത്വനമേകിടാനും
അധിനിവേശങ്ങൾത
ന്നാവേശമുയിരാക്കി –
യലയുന്ന യോദ്ധാവിനെന്തു സ്വപ്നം?
പലനാളു
കാത്തുകാത്തകതാരിലുൽക്കട –
പ്രണയാഗ്നി പൂവിട്ട നാൾകളൊന്നിൽ
പ്രിയതതൻ കാതിലെ
മധുരാക്ഷരംപോലെ
പ്രിയമേറുമാ വാർത്ത പെയ്തിറങ്ങി!
“ഇനിവരും പുലരികളിലൊക്കെയും
മിഴിതുറ –
ന്നഴകിൻകതിർക്കുടം ചൂടി മെല്ലേ
പനിനീർദളംപോലെയണയുന്ന
പൈതലിൻ
പരിഭവപ്പൂക്കൾ വിടർന്നുനിൽക്കും!
ഇരുളിന്റെ ആഴമളക്കുന്ന രാവുകൾ
നിറത്തിങ്കൾത്തെല്ലിൽക്കുതിർന്നു
നിൽക്കും
നിറമുള്ള സ്വപ്നങ്ങളൂയലാടിത്തിമർ-
ത്തനിതരസൗഭാഗ്യസാരമാകും!”
പുണ്യമായ് വീർത്തുള്ളുദരത്തിൽ
കാതുചേർ –
ത്താ മൃദുസ്പന്ദനമേറ്റുവാങ്ങും!
പാരിതിൽ നീ വന്നുചേരും
ദിനത്തിനായ്,
പാരാതെ കാവലാളായിനിൽക്കും
വെടിയൊച്ച പൂത്തൊരതിർത്തികൾ
കനവിന്റെ
കലികകൾ തല്ലിക്കൊഴിച്ചതാണോ?
വ്രണിതമാം കരളിൻപിടച്ചിലായ്
നോവുകൾ
ചുഴികുത്തി പ്രളയം കുറിച്ചതാണോ?
ഇടനെഞ്ചുപൊട്ടി ഞാൻ
യാത്രയാകുമ്പോഴാ-
മിഴികളിൽ തുള്ളിത്തുളുമ്പിനിന്നു
“ഇനിയെന്നു കാണു” മെന്നാധി
തറയ്ക്കുന്നി –
തകതാരിൽ കൂർത്ത കഠാരമായി!
ഉരുളുന്ന ടാങ്കറിൻ ചക്രച്ചുവട്ടിലെ-
ച്ചതയുന്ന തേങ്ങലിൻചിത്രമായ് ഞാൻ
ഉരുകുന്ന വേളയിൽ ജീവകണങ്ങൾ
തൻ
വ്യഥയാറ്റി, നിൻ മൃദുസ്മേരമുണ്ണീ!
മങ്ങുന്നു കാഴ്ചകൾ ,പ്രാണന്റെ
രോദനം
മിന്നലായെൻ ബോധമണ്ഡലത്തിൽ
ചിന്നിച്ചിതറുന്ന നേരമെൻ നെറ്റിമേൽ
ചന്ദനമായി നിൻ സ്പർശപുണ്യം!
ആഞ്ഞൊന്നു
പുൽകുവാൻ ,ചുണ്ടിലൊരച്ഛന്റെ
ആയിരമുമ്മകൾ നൽകിടാനും
ഏറെക്കൊതിക്കുന്നിതോമലേ,
ഇത്രയ്ക്കു
ക്രൂരനോയീശ്വരൻ? ആരറിവൂ!
ഇനിവരും ജന്മത്തിലൊക്കെയുമച്ഛന്നു
കണിയായി മാറുകെന്നോമനേ! നീ
അതുമതി, ഈ ജന്മസാഗരം താണ്ടുവാ-
നപഭയം ലോകം വെടിഞ്ഞീടുവാൻ!!
അതിമനോഹരം ടീച്ചറേ ❤️❤️❤️🙏