“ജമീല താൽ ഹിന സുറ സുറ ”
യജമാന സ്ത്രീ അറബിയിൽ ജമീലയെ ഉറക്കെ വീണ്ടും വീണ്ടും വിളിച്ചു.
അടുക്കളയിൽ നിലം തുടച്ചുകൊണ്ടിരുന്ന ജമീല വേഗം മുറ്റത്തേക്ക് ചെന്നു.
പഴുത്ത ചെറുനാരങ്ങ വെയിലിൽ ഉണങ്ങാനായി നിരത്തിയിടുവാൻ അറബാബിന്റെ ഭാര്യ വിളിച്ചതാണ്.
മുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന കജൂർ മരത്തിനപ്പുറം പടർന്നിറങ്ങിയ തീ പോലെ വെയിൽ നാളങ്ങൾ. ജമീല കുട്ടയിൽ നിറച്ച ചെറുനാരങ്ങയുമായി ആ കത്തുന്ന വെയിലിന്റെ മടിയിലേക്ക് ഇറങ്ങിച്ചെന്നു.
നിലത്തിരുന്നുകൊണ്ട് നാരങ്ങ നിരത്തിയപ്പോൾ പുറം വേദന അൽപ്പം കൂടിയോ, അതോ ദുൽഹജ്ജ് മാസത്തിലെ ഈ പൊള്ളുന്ന ഉച്ചവെയിൽ കൊണ്ടപ്പോൾ ഒന്നു ശമിച്ചിരുന്ന വേദന പതിയെ വീണ്ടും തുടങ്ങിയതോ.
“ജമീല സുറ സുറ ”
വേഗം വേഗം ജോലി ചെയ്യാൻ എ സി മുറിയുടെ ചെറിയ ചില്ലു വാതിൽ തുറന്ന് യജമാനത്തി ആക്രോശിക്കുന്നു. ഇത് നിരത്തിയതിനു ശേഷം ഉച്ചക്ക് കഴിക്കാനുള്ള ചിക്കൺ മക്ബൂസ് തയ്യാറാക്കണം. അടുക്കളയിൽ ഇതുവരെ നിലം തുടച്ചു കഴിഞ്ഞില്ല. തുണികൾ കഴുകുവാൻ മക്കീനയിൽ ഇട്ടത് ഇതുവരെ വിരിച്ചില്ല. ജമീല നാരങ്ങ വെയിലിൽ നിരത്തി വേഗം എഴുനേറ്റു.
“യാ അള്ളാ”
നടുവിന്റെ വേദനയിൽ പുളഞ്ഞുകൊണ്ട് അവർ ദൈവത്തെ വിളിച്ചു പോയി. ആ വേദന വകവെയ്ക്കാതെ ജമീലയെന്ന അറുപത്തി രണ്ടു വയസുള്ള ആ അറബിയുടെ വീട്ടിലെ വേലക്കാരി ധൃതിയിൽ അടുക്കളയിലേക്ക് നടന്നു.
വേദന വകവെയ്ക്കാതെ രാത്രി പതിനൊന്നു മണിവരെ ആ വലിയ വീട്ടിലെ ജോലികളൊക്കെ ചെയ്തു തീർത്തു അടുക്കളയോട് ചേർന്നുള്ള സ്റ്റോർ മുറിയുടെ പിന്നിലെ ആ കുടുസ്സ് മുറിയിൽ എത്തിയപ്പോൾ ജമീല ക്ഷീണം കൊണ്ട് വല്ലാതെയായിരുന്നു.
മുറിയിലെ പഴയ എ. സി. പേരിന് തണുപ്പ് നൽകുന്നുണ്ട്. പക്ഷേ അതിന്റെ ഒച്ച വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നിരുന്നാലും ആ കുഞ്ഞു മുറി ഒന്നു തണുത്തു കിട്ടാൻ എ സി കൂടിയേ തീരു എന്നറിയാവുന്നതിനാൽ ജമീല അത് ഓൺ ചെയ്തു.
കട്ടിലിൽ ഇരുന്നുകൊണ്ട് നടുവിന് അൽപ്പം ടൈഗർ ബാം പുരട്ടാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ആ പ്രയത്നം അത്ര വിജയിച്ചില്ലങ്കിലും ജമീല വേദനയോടെ ആ പ്രവർത്തി തുടർന്നു.
കാലത്ത് ആറ് മണിക്ക് വീണ്ടും അടുക്കളയിൽ കയറണം. ശരീരത്തിന്റെ ക്ഷീണമൊക്കെ ഈ കുടുസ്സുമുറിയിൽ ഉപേക്ഷിച്ചു വേണം രാവിലെ ജോലിയിൽ പ്രവേശിക്കാൻ. പ്രായം പലതിനും തടസ്സമാണ്. പക്ഷേ കഷ്ടപ്പെടാതെ വയ്യ. നാട്ടിൽ ഒരു ചെറിയ കൂരയുണ്ടാക്കാൻ ഇനിയും ഇത് തുടർന്നേപറ്റൂ. പക്ഷേ എത്രനാൾ??
കട്ടിലിൽ കാലു നീട്ടിയിരുന്നുകൊണ്ട് അവർ തലയിണയുടെ അടുത്തു വച്ചിരുന്ന ഒരു ചെറിയ ബുക്ക് എടുത്തു. അതിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ ഫോട്ടോ, തൻറെ കൊച്ചുമക്കളുടെ ഫോട്ടോ ജമീല നിറകണ്ണുകളോടെ നോക്കി.
ഉതിർന്നു വീണ നെടുവീർപ്പിന്റെ നൊമ്പരം അവരുടെ കണ്ണുകളെ നിറക്കുകയും, നെഞ്ചിൽ ഗൃഹാതുരത്വം നിറഞ്ഞ ഒരു വേദനയെ ഉണർത്തുകയും ചെയ്തു.
എത്ര ശ്രമിച്ചാലും ഉറങ്ങാൻ കിടക്കുമ്പോൾ തികട്ടി വരുന്ന ഈ ഓർമ്മകൾ. നിറഞ്ഞ മിഴികളോടെ കൊച്ചുമക്കളുടെ ചിത്രത്തിൽ ഉമ്മവച്ച് ജമീല വീണ്ടും നെടുവീർപ്പിട്ടു. ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവർ തുടച്ചുകളയാൻ ശ്രമിച്ചില്ല. കാരണം ഈ കണ്ണുനീർ തുടച്ചാലും നെഞ്ചിൽ പുകഞ്ഞു കത്തുന്ന ആ വേദന എങ്ങനെ ഒതുക്കാൻ.
ഓർമ്മകൾ,അതിലെങ്ങും ഒരാഹ്ലാദവും ജമീലക്ക് ഉണ്ടായിരുന്നില്ല. നാലു പെൺകുഞ്ഞുങ്ങളെ സമ്മാനിച്ച് ചെറു പ്രായത്തിൽ ഭർത്താവ് അപകടത്തിൽ മരണപ്പെട്ടപ്പോൾ ജീവിതത്തിൽ പതറിപ്പോയതാണ്. ആ ദുഖത്തിൽ നിന്നും കര കയറാൻ നാളിതേവരെ കഴിഞ്ഞിട്ടില്ല.
നാലു പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. പക്ഷേ എത്രനാൾ മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയും. പ്രിയപ്പെട്ടവർക്കും സഹായിക്കുവാൻ പരിമിതികൾ ഏറെയാണ് എന്ന് മനസിലാക്കിയപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ജോലി എന്നുള്ള ചിന്ത ഉയർന്നത്
ഇത്തയുടെ ഭർത്താവാണ് സൗദിയിലേക്ക് വീട്ടുജോലിക്കായി സ്ത്രീകളെ ആവശ്യമുണ്ട് എന്നറിയിച്ചത്. മലപ്പുറത്തെ ഏജൻസി വഴി ഇരുപത്തി എട്ടാം വയസ്സിൽ സൗദിയിൽ ഗദ്ദാമ ആയി എത്തിച്ചേർന്നു.
മക്കളെ നാട്ടിൽ ഉപേക്ഷിച്ചു പോരാൻ തീരെ മനസ്സുണ്ടായിരുന്നില്ല,. എന്നിട്ടും അവരുടെ ഭാവിയേക്കരുതി അതു സാധിച്ചു രണ്ടു വർഷത്തിൽ ഒരിക്കൽ മുപ്പതു ദിവസത്തെ അവധിയിൽ നാട്ടിൽ മക്കളുടെയടുത്തു വന്നു പോയി. നീണ്ട മുപ്പതു വർഷക്കാലം അങ്ങനെ ഒരടിമയെപ്പോലെയല്ല, ഒരു അടിമയായിത്തന്നെ ജീവിച്ചു.
നാലു പെണ്മക്കളെയും പഠിപ്പിച്ചു, നാലു പേർക്കും നല്ല പുയ്യാപ്ലമാരെ കണ്ടെത്തി നിക്കാഹ് ചെയ്തു കൊടുത്തു. നാലുപേരുടെയും ജീവിതം കരക്കടുപ്പിച്ചപ്പോൾ ജമീല മാത്രം കരയിൽ നിന്നും ഒത്തിരിയകന്നു നടുക്കടലിൽ പെട്ടുപോയി.
ഓർമ്മവച്ച നാളുമുതൽ മക്കൾ ഗൾഫ്കാരിയായ ഉമ്മയുടെ മക്കളായി ഒരല്ലലും ഇല്ലാതെ വളർന്നു. ഉമ്മ മരുഭൂമിയിലെ അറബിയുടെ അടുക്കളയിലെ ചൂടും, വേദനയും, അവഗണനയും, പരിഹാസവും വേണ്ടുവോളം ഏറ്റുവാങ്ങി നാട്ടിലേക്ക് കൃത്യമായി പൈസ അയച്ചു കൊടുത്തു.പക്ഷെ പതിറ്റാണ്ടുകൾ മൂന്നു കഴിഞ്ഞപ്പോഴേക്കും ആ ഉമ്മ ആകെ തളർന്നിരുന്നു എന്ന വസ്തുത മാത്രം ആരും മനസ്സിലാക്കിയില്ല .
ആവോളം വെയിലേറ്റ് ജീവിതം മുരടിച്ചു . ശരീരവും മനസ്സും ഏകാന്തതയും, വേദനയും, രോഗവും കൊണ്ട് തളർന്നുപോയിരുന്നു . ഒരു ജന്നത്തിലേക്ക് എത്തുന്ന സന്തോഷത്തോടെയാണ് ജോലി മതിയാക്കി മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ഇനിയുള്ള കാലം ജീവിക്കാൻ കൊതിയോടെ നാട്ടിൽ എത്തിയത്.
പക്ഷേ തകർന്നു പോയി. ഒന്നും ജമീല കരുതിയത് പോലെ ആയിരുന്നില്ല. നാട്ടിലെത്തി നാലുമാസം കഴിഞ്ഞപ്പോൾ മക്കൾക്ക് ജമീല അധികപ്പറ്റായി. ഒരു മാസത്തിൽ കൂടുതൽ ഉമ്മയെ നോക്കാൻ, അതും ഒരു വരുമാനവും ഇല്ലാത്ത ഉമ്മയെ നോക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. കൈനിറയെ സമ്മാനങ്ങളും, പണവുമായി രണ്ടു വർഷത്തിലൊരിക്കൽ നാട്ടിൽ വിരുന്നു വരുന്ന ആ ജമീലയെ മതിയായിരുന്നു അവർക്ക്. പക്ഷെ ഇപ്പോൾ അവർക്ക് ഉമ്മ കറവ വറ്റിയ അറവു മാടായി കഴിഞ്ഞിരുന്നു.
തനിക്ക് അന്തിയുറങ്ങാൻ ഒരു കൂരയില്ലന്ന്, തനിക്ക് സ്വന്തമായി ഒരടി മണ്ണില്ലെന്ന്, തനിക്ക് തന്റെതായി സമ്പാദ്യം യാതൊന്നും ഇല്ലന്ന്, തന്നെ സ്നേഹിക്കാൻ ആരുമില്ലെന്ന് വേദനയോടെ ജമീല തിരിച്ചറിഞ്ഞു. അതും ഏറെ ഹൃദയവ്യഥയോടെ
മക്കൾ വിദേശത്തുനിന്നും മടങ്ങിയെത്തിയ ഉമ്മക്ക് യത്തീംഖാനയിൽ സ്ഥലം അന്വേഷിക്കുന്നു എന്ന് കേട്ടപ്പോൾ തകർന്നു പോയി. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. യത്തീം ഖാനയിൽ കൊണ്ടാക്കിയില്ലെങ്കിലും മക്കളുടെ നാവിൽ നിന്നും അവർ പരസ്പരം ചർച്ചചെയ്ത ആ വാക്കുകൾ കേട്ടപ്പോൾ, അവരുടെ മനസ്സറിഞ്ഞപ്പോൾ മുപ്പതു വർഷം സഹിച്ച വെയിൽ നാളങ്ങൾ തന്നെ ഉണക്കി പൊടിച്ചു കളയുന്നതായി തോന്നി.
ജീവിതത്തിൽ തീരെ നിരാലംബയായി തീർന്ന ഒരു സ്ത്രീയാണ് താനെന്ന് ജമീല തിരിച്ചറിഞ്ഞു. ഇളയ മകളുടെ വീട്ടിൽ നിന്നും എവിടേക്ക് പോകണം എന്നറിയാതെ ഇറങ്ങി. തിരൂർ ബസ് സ്റ്റാൻഡിൽ പോകാൻ ഒരിടവുമില്ലാതെ നുറുങ്ങുന്ന ഹൃദയത്തോടെ ഉള്ള് തേങ്ങി നിസ്സഹായയായ മനസ്സോടെ, ശൂന്യത നിറഞ്ഞ, ചിന്തകളോടെ ഇരിക്കവേയാണ് സൗദിയിൽ ജോലിചെയ്തിരുന്ന സൈനബയെ യാദൃശ്ചികമായി കണ്ടുമുട്ടിയത്.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ സൈനബ കരുത്തു നൽകി. അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീണ്ടും ഗൾഫിൽ പോയി പറ്റുന്നപോലെ ജോലിചെയ്ത് ആരെയും ആശ്രയിക്കാതെ അന്തിയുറങ്ങാൻ ഒരു വീട് ഉണ്ടാക്കും വരെ തുടരാൻ പറഞ്ഞു ജമീലക്ക് ഉൾക്കരുത്തേകി.
അറുപതു കഴിഞ്ഞ ഗദ്ദാമയെ ആർക്കും വേണ്ടായിരുന്നു. എങ്കിലും സൈനബയുടെ വീട്ടിൽ താമസിച്ചുകൊണ്ട് ഏജൻസി വഴി പരിശ്രമം തുടർന്നു. അവസാനം വീണ്ടും സൗദിയിലേക്ക് വാതിൽ തുറന്നുകിട്ടി.
എല്ലാ പ്രയാസങ്ങളും മറന്ന് തനിക്ക് താൻ മാത്രം എന്നു തിരിച്ചറിഞ്ഞു പുതിയ ജോലിയിൽ കയറി എന്നറിഞ്ഞപ്പോൾ സ്നേഹത്തിന്റെ പുതിയ ചിറകുകളുമായി മക്കൾ അടുക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ അകന്നുതന്നെ നിന്നു.
ഒരമ്മയുടെ, അമ്മൂമ്മയുടെ മനസിലെ വാത്സല്യത്തിൽ പലപ്പോഴും മനസ്സു പതറി. അപ്പോഴൊക്കെ നോട്ടുബുക്കിൽ ഒളിപ്പിച്ച മക്കളുടെ പഴയ ചിത്രത്തിലും കൊച്ചുമക്കളുടെ ചിത്രത്തിലും ആവോളം ഉമ്മകൾ നൽകി വെറുക്കാനാവാത്ത മാതൃത്വത്തെ തളച്ചിട്ടു. ആർക്കും വേണ്ടാത്ത അമ്മമനസിനെ നൊമ്പരങ്ങളുടെ കൂട്ടിൽ ഒളിപ്പിച്ചു വച്ചു.
ഈ ഏകാന്തത എത്രനാൾ എന്നറിയില്ല. നാട്ടിൽ ഒരു ചെറിയ വീട്. മരണം വരെ ആരും ഇറക്കിവിടാത്ത ഒരു ആശ്രയം. അതു വേണം. ആ ഒരത്താണീ തളർന്നു കിടക്കുമ്പോൾ ആവശ്യമാണ്.
രാവേറെ വൈകി ശരീരത്തിന്റെ അസ്വസ്ഥതകളും, മനസ്സിന്റെ നൊമ്പരങ്ങളും സഹിച്ച് ഉറങ്ങുമ്പോൾ ജമീലയുടെ കിനാവിൽ വെയിലു നിറയും. അത് മരുഭൂമിയിലെ പൊള്ളുന്ന വെയിലാണോ, മലപ്പുറത്തെ ഒരു ചെറിയ വീട്ടുമുറ്റത്തെ സ്നേഹവെയിലാണോ എന്ന് ജമീല തിരിച്ചറിഞ്ഞിരുന്നില്ല. എന്തു തന്നെയായാലും ആ വെയിൽ നാളെങ്ങളെ കിനാവിൽ നിറച്ച് ജമീലയെന്ന അറുപത്തി രണ്ടുകാരി ഉറങ്ങി. അത് സന്തോഷത്തിന്റെ സ്നേഹവെയിലായിരിക്കട്ടെ.
സുനു വിജയൻ✍
(കുറിപ്പ് :– ഈ കഥക്ക് പല ജമീലമാരുടെയും ജീവിതത്തോട് കടപ്പാടുണ്ട് )