ഇന്നെന്റെ മാനസം തന്നിൽ വിടരുന്നു
മുന്നേ കൊഴിഞ്ഞൊരാ ഓർമ്മപ്പൂക്കൾ !
അന്നെനിക്കായില്ലയൊന്നുമേ ചൊല്ലുവാൻ
ഇന്നുമറിയില്ലെതിരു ചൊല്ലാൻ !
എന്നുമൊതുങ്ങി നടക്കുമെൻ ശീലവും
എന്നമ്മയിൽ നിന്നു പഠിച്ചതാകാം !
ഒന്നും പറയാതെ താതന്റെ വാക്കുകൾ
എന്നുമെന്നമ്മക്കു വേദവാക്യം !
എന്നിട്ടുമെന്നമ്മയെത്രയോ കണ്ണുനീർ
തന്നെയിരുന്നന്നു വീഴ്ത്തി നിത്യം!
ഇന്നും ഞാനോർക്കുന്നുയന്തിമവാക്കുകൾ
“എന്നുടെയെല്ലാം കഴിഞ്ഞു മോനെ!’
ഇന്നെന്റെ ജീവിതം മെച്ചമായി പക്ഷേ
എന്നുടെയമ്മയോ കൂടെയില്ല !
എന്നമ്മയെയൊന്നുയൂട്ടുവാൻ പോലുമീ
പൊന്മകനായില്ലയുണ്ടു ദുഃഖം !
ഇന്നുമെൻ മാനസം നിന്നു വിതുമ്പുന്നു
എന്നമ്മേ നിന്നുടെ ഓർമ്മകളിൽ !
ഇന്നുമെനിക്കുണ്ടുയുള്ളിലായാഗ്രഹം
എന്നും ജനിക്കണം നിൻ മകനായ് !!
എന്നും ജനിക്കണം നിൻ മകനായ് !!
പേരാമംഗലം ഗോപി✍