ബസിറങ്ങിയാൽ റോഡിന് ഇടതുവശത്തായൊരു പെട്ടിക്കടയുണ്ട് , അതിൻെറ പലകകൊണ്ടുള്ളമറയിലാകെ ചുണ്ണാമ്പിൻെറ വിരൽപ്പാടുകളാണ്,
റോഡിൻെറ സൈഡിൽ അവിടവിടായി മുറുക്കിതുപ്പിയതിൻെറ അടയാളങ്ങളും കടയുടെ മുൻവശത്തെ ചെറിയ കയറിൽ മനോരാജ്യവും മനോരയും മംഗളവും സഖിയും സിനിമാനടികളുടെ പടവുമായി നിരന്നു കിടക്കും.
താഴെ നീളംകൂടിയ ഡസ്ക്കിൽ അനേകഭരണികളിൽ പാരീസ് മിഠായികളും പോപ്പിൻസും പുളിമിഠായിയും പഞ്ചസാരമിഠായിയുംകപ്പലണ്ടിമിഠായിയും വഴിയെപോകുന്ന കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ട് പലനിറങ്ങളിലും വർണ്ണങ്ങക്കടലാസിലും ഇളംവെയിലേററ് മയങ്ങിക്കിടക്കും.
റോഡ് മുറിച്ചു കടന്നുമൂന്നുനാല് നടക്കല്ലിറങ്ങിയാൽ ഇടവഴിയിലേയ്ക്ക് കാലു കുത്താം.
ഇരുവശത്തുമായി നാലടിയോളമുയരത്തിൽ കെട്ടിയ കയ്യാലകളുടെ നടുവിൽ വലിയൊരു പെരുമ്പാമ്പിനെപ്പോലെയത് നീണ്ടുകിടക്കുന്നു കുറേദൂരം ചെന്നശേഷമത് ഇടതേയ്ക്ക് വളഞ്ഞ് വീണ്ടുംനീണ്ട് നീണ്ട് പോകും ഈ വളവിൽ നിന്ന് നോക്കിയാലേ ഇടവഴിയുടെ ഇരു വശവും കാണാൻ പററൂ.
അയാൾ നടക്കാൻ തുടങ്ങിയ കാലംമുതൽ നടക്കുന്നവഴിയാണ് അച്ഛൻെറ കൈയ്യിൽ തൂങ്ങി ആശാൻ കളരിയിൽപ്പോയകാലംമുതൽ..ഇപ്പോളും ഈ വഴിയിലൂടെ.
വേനൽക്കാലത്ത് ഇടവഴി കരിയില മെത്തവിരിച്ച് നടക്കുമ്പോൾ കിരു കിരാശബ്ദം കേൾപ്പിച്ച് ഉണങ്ങിപ്പൊടിഞ്ഞ് കിടക്കും..
വഴിയുടെ ഒരുവശം റബ്ബർതോട്ടവും മറുവശം കാപ്പിത്തോട്ടവുമാണ്..
രണ്ട് ദിവസങ്ങൾക്ക് മുൻപാണവളെ സ്വപ്നംകണ്ടത് മയിൽപ്പീലികണ്ണിൻെറ നിറമുള്ള നീളൻപാവാടയും മഞ്ഞബ്ളൗസുമിട്ട് അവളാ ഇടവഴിയിലെ വളവിൽ നിൽക്കുന്നു. ഇടവഴിക്കയ്യാലയുടെമുകളിൽ നിൽക്കുന്ന ഈന്ത് മരത്തിൻെറ ചുവട്ടിലെ പരന്ന കല്ലിനടിയിലവളെന്തോ ഒളിച്ചുവെയ്ക്കുന്നുണ്ട്. താൻവരുന്നവഴിയുടെ ഭാഗത്തേയ്ക്ക് നോക്കിയിട്ട് അവൾ വേഗത്തിൽ നടന്നു പോയി.. പെട്ടന്നയാൾ ഞെട്ടിയുണർന്നു. ഫാൻകറങ്ങുന്ന ശബ്ദംമാത്രം..
കണ്ണുതുറന്ന്കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ ഇരുട്ടിൽ കണ്ണുകൾ പൊരുത്തപ്പെട്ടു മുറിയിലെ അലമാരയും മേശയുമെല്ലാം മങ്ങിയ ഇരുളിൽ കാണാറായി..
അയാൾ അഞ്ചാം ക്ളാസിൽപഠിയ്ക്കുന്ന കാലത്താണവർ നാട്ടിൻപുറത്ത് നിന്നും കടം കേറിമുടിഞ്ഞ് മലകേറിയവിടെ എത്തിയത് നാട്ടിലെസ്ഥലംവിററ് കടമെല്ലാംതീർത്തുകഴിഞ്ഞ് മിച്ചംവന്ന പണം കൊണ്ട് കുറച്ച് സ്ഥലം ഈ നാട്ടിൽ വാങ്ങിയത് അന്നു തുടങ്ങിയ കൂട്ടാണ് സ്ക്കൂളിലേയ്ക്കവളാണ് ആദ്യം പോയതെങ്കിൽ ഇടവഴിയാരംഭിയ്ക്കുന്നിടത്ത് കൈയ്യാലപ്പുറത്ത് വഴിയരുകിലെ കമ്യൂണിസ്ററ് പച്ചില പറിച്ചുവയ്ക്കും. അവനാണെങ്കിൽ തിരിച്ചും.
അവൻ ഐററിഐക്ക് പഠിയ്ക്കുമ്പോളാണവളൊരുദിവസം പറഞ്ഞത് ഇടവഴി നടുവിലെ ഈന്തുമരച്ചോട്ടിലെ പരന്ന കല്ലിനടിയിലൊരു സാധനം വച്ചിട്ടുണ്ടെന്ന്, ഒരു പുളിമിട്ടായിയോടൊപ്പം ചെറിയ പേപ്പറിൽ ഇഷ്ടമാണ് എന്ന ഭംഗിയുള്ളഅക്ഷരങ്ങൾ.. പിന്നിട് ആകാശത്തിന് തെളിമയുണ്ടായി പൂവുകൾക്ക് സുഗന്ധവും വണ്ടുകളൂടെ മൂളിപ്പാട്ടുകൾക്ക് താളവും..
അങ്ങിനെ ഇരിയ്ക്കയാണവൾ പറയുന്നത് ഇടവഴിയിലെ കരിയിലകൾക്കിടയിലൊരു തലപരന്ന പാമ്പുണ്ടെന്ന്. പലപ്പോളും അവളെ നോക്കിയത് കരിയിലമെത്തമേലോ കയ്യാലപൊത്തുകളിലൊയിരിയ്ക്കുമെന്ന്..
അവൻ ചിരിച്ചു. ഞാനിന്നേ വരെ കണ്ടിട്ടില്ലല്ലോയെന്നും .
അന്ന് പകലവനും അവളും ചേർന്ന് ഇടവഴിയിലെ കരിയിലയെല്ലാം പല ഭാഗത്തായിതൂത്തുകൂട്ടി കത്തിച്ചു .
വഴിയരുകിലെ റബ്ബറിൻെറ ഉണങ്ങിയ ഇലകൾ പൊഴിയുംപോലാണ് ദിവസങ്ങൾക്കടന്നു പോകുന്നത്.
മൂന്നു നാല് വർഷത്തിന് ശേഷം അവൻ അക്ഷരനഗരിയിലുള്ളൊരു ഐററിഐൽ അധ്യാപകനായി.
അവൾ ടൈപ്പറററിംഗ് തൈയ്യലും പഠനവും ആടും കോഴിയുമായിമുൻപോട്ടും.
എല്ലാ വെള്ളിയാഴ്ച്ചകളിലും അവൻ നാട്ടിലെത്തും അങ്ങിനിരിക്കെ ഒരുനാൾ,
സ്ക്കൂളിൽ നിന്നും കുട്ടികളുമായി ടൂർപോയിട്ട് പുലർച്ചയാണ് സ്ക്കൂളിൽ തിരിച്ചെത്തിയത്. രാവിലെ വീട്ടിൽപ്പോകണം.
നാട്ടിൽ ബസ്സിറങ്ങുമ്പോൾ ഉച്ചയായി ജോസഫ് ചേട്ടൻെറ പെട്ടിക്കടയിൽ നിന്നും ജോസഫ് ചേട്ടനിറങ്ങിവന്നു.
നീയെവിടാരുന്നു ?
ഞങ്ങൾ സ്ക്കുളിൽ നിന്നും ടൂർപോയിരുന്നു.
അതയോ?മെമ്പർ നിൻെറ സ്ക്കുളിലേയ്ക്ക് വിളിച്ചിരുന്നു.
എന്തിന്..?
എടാ ആ പിഴകിലെ പെങ്കൊച്ചില്ലേ അത് പാമ്പ് കടിയേററ്മരിച്ചത് നീയറിഞ്ഞില്ലേ.?
എന്താ.എന്താപറഞ്ഞത്..?
റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന ലോറിക്കാരൻ ചീത്തവിളിച്ചു.
ഇടവഴിയിലേയ്ക്കിറങ്ങുമ്പോൾ കാലിടറി കയ്യാലയിൽ പോയി തോളിടിച്ചു.
കൈയ്യാലയിലെ ഈന്തിൻച്ചോട്ടിലെ കല്ലിനടിയിൽ പ്ളാസ്ററിക്ക് കടലാസ്സിൽ പൊതിഞ്ഞ നാരങ്ങമിഠായിയിരുപ്പുണ്ട്.
അയാൾ ദിക്കറിയാത്തപ്പോലെ കണ്ണുകെട്ടിയപോലെ ദിശയറിയാതെ പതറിപതറി നടന്നു.
അയാൾ മുററത്തേയ്ക്ക്കയറുമ്പോൾ അമ്മ മുററമടിയ്ക്കുകയാണ് അയാളുടെ വരവുകണ്ട് കൈയ്യിലിരുന്ന ചൂല് താഴെയിട്ട് അവരോടിവന്ന് പിടിച്ചു.
സമയം കടന്നു പോയി..
അയാളെക്കാണാതെ അമ്മ വീടും മുററവുമെല്ലാം തിരഞ്ഞു അപ്പോളാണ് അവളുടെ അമ്മഅങ്ങോട്ട് ഓടിവന്നത്
ചേച്ചിപെട്ടന്നു വാ..
എന്താ?
വാ..വേഗം വാ.
കപ്പക്കാലായിലൂടെ ഓടിയും നടന്നും അമ്മമാർ ആ പറമ്പിൽ എത്തി.
അവിടെ അവളുടെ കുഴിമാടത്തിൻെറ തലയ്ക്കലിരിയ്ക്കയാണവൻ.
എന്തൊക്കയോ അവൻ പറയുന്നുണ്ട് അമ്മ എടാ മോനേയെന്നു വിളിച്ചു .
അവൻ തലതിരിച്ചു.
അതവരുടെ മകനല്ലായെന്നവർക്ക് തോന്നി..
അമ്മേ ദേ നോക്കിക്കേ അമ്മ പറഞ്ഞിട്ടില്ലേ പണ്ട് പാമ്പുകടിയേററ് മരിച്ചാൽ ഏഴുദിവസം കഴിഞ്ഞേ ജീവൻ പോകൂയെന്ന് അപ്പോൾ കുഴിമാടം വിണ്ടുകീറുമെന്ന് അമ്മനോക്കിക്കേ..ഒന്നും സംഭവിച്ചിട്ടില്ല അവളുടെ ജീവൻപോയിട്ടില്ല വാ വന്ന് മണ്ണ് മാററ്..
അവൻ രണ്ട് കൈയ്യുംകൊണ്ട് കുഴിമാടത്തിൻെറ മണ്ണ് വാരിയെറിയാൻ തുടങ്ങി..
അവരോടിച്ചെന്നു പിടിച്ചപ്പോഴേയ്ക്കും കൈവിരലിലെ നഖങ്ങളെല്ലാം ഇളകി രക്തംഒഴുകി.
രണ്ട് മാസത്തെ ചികിത്സകഴിഞ്ഞാണ് അവൻ വീണ്ടും വീട്ടിലെത്തിയത്.
ആകെ ക്ഷീണിച്ചുപോയിരുന്നു എപ്പോഴും മൗനം. കഴിയ്ക്കാൻ എന്തേലും നൽകിയാൽ അതിൽ വിരലിട്ടിളക്കി എങ്ങോട്ടോ നോക്കിയിരിയ്ക്കും.
മീനമാസത്തിലെ വെയിൽ ചത്തപ്പോലെ റബ്ബർതോട്ടത്തിലും, കൊക്കോകരിയിലകൾക്കിടയിലും, റബ്ബർത്തോട്ടത്തിനരുകിലൂടെ മെലിഞ്ഞ് വെള്ളിയരഞ്ഞാണംപ്പോലെ നേർത്തൊഴുകുന്ന നീർച്ചാലിലും , വീണുകിടക്കുന്ന സമയത്താണ് ഇടവഴിയ്ക്ക് തീ പിടിച്ചത്, ആദ്യം നാണിച്ച് നിന്ന ചെറുതീയ് അവളുടെ കാമുകനായ കാറെറത്തിയതോടുക്കൂടി നൃത്തമാരംഭിച്ചു ഉണങ്ങിയ കരിയിലകളിലൂടെ, വേനൽച്ചൂടിൽമയങ്ങിയാടിയ വാഴകച്ചികളിലൂടെ, അവർ പിണഞ്ഞുകയറി.
കൊക്കോയും ചെറുമരങ്ങളുമെല്ലാം അവരുടെ പ്രണയനൃത്തംകണ്ട് മിഴികളടച്ചു.
റബ്ബർമരത്തിന് മേലെ പുകയുയർന്നു.
ഇലകൾ കത്തിയ കരികഷ്ണങ്ങൾ തോട്ടത്തിനു മേലെ കറുത്തശലഭങ്ങളെപ്പോലെഉയർന്നുതാഴ്ന്നു.
എവിടെ നിന്നെന്നറിയില്ല പുകയൂണിപ്പക്ഷികൾ ഇണകളായ്പുകയിലൂടെ ചിലച്ചുകൊണ്ട് താഴ്ന്നും ഉയർന്നും പറന്നുകൊണ്ടിരുന്നു.
അലമുറയിട്ടുകൊണ്ട് അവൻെറ അമ്മ അവൻെറ പിറകെഓടി അവനാവിളിയൊച്ചകേട്ടില്ല.
തിയിലൂടെ ഇഴഞ്ഞുപോകുന്ന ആ തീ പാമ്പിൽ മാത്രമായിരുന്നവൻെറ ശ്രദ്ധ.
അവൻെറ കണ്ണിൽ വെള്ളിക്കൊലുസ്സണിഞ്ഞ പാദത്തിലെ ഉപ്പൂററിയോട്ചേർന്നുള്ള പാമ്പ് ഉമ്മവച്ചരണ്ട് ചെറിയ പാടുകൾമാത്രമേയുണ്ടായിരുന്നുള്ളൂ..
ഓടിക്കൂടിയ ആളുകളുടെ ആരവം കേൾക്കാഞ്ഞിട്ടോ, മനസ്സിലാവാഞ്ഞിട്ടോ, എന്തോ അവനത് ശ്രദ്ധിക്കാതെ തീയുടെ നടുവിലുണ്ടായ മാളത്തിലൂടെ, പാമ്പിൻെറ പിറകെ..പിറകെ പുകയുടെ ആഴത്തിലേയ്ക്ക്ഇറങ്ങിപ്പൊയ്ക്കൊണ്ടേയിരുന്നു.!!
ബെന്നി സെബാസ്റ്റ്യൻ ✍
(മികച്ച രചന: സംസ്കൃതി + ആർഷഭാരതി)