തുടിച്ചു കുളിച്ചൊരുങ്ങും തിരുവാതിരേ
നിൻ്റെ കളിമുറ്റമാണെൻ്റെ കേരളനാട്
പടിവിളക്കെരിയുന്ന കാവുമുറ്റങ്ങളിൽ
തെയ്യങ്ങൾ തിറയാടും മാമലനാട് !
ഇളനീർക്കുടങ്ങളിൽ അമൃതുമായെന്നും
കാവടിയാടുന്ന കേരകേദാരം
കതിരുലഞ്ഞാടുന്ന വയലേലകളിൽ
തത്തമ്മക്കൊഞ്ചലിൻ ശ്രുതിമധുരം!
പൂരക്കളിയുടെ താളച്ചുവടുമായ്
പൂരം കൊടിയേറും കാവുമുറ്റങ്ങൾ
മേളപ്പെരുമതൻ പൂരക്കാഴ്ചയിൽ
കുടമാറ്റച്ചന്തമോടെ
തിടമ്പെഴുന്നള്ളത്ത് !
കണിക്കൊന്ന പൂത്തൊരുങ്ങി
കണിനിരത്തും
മേടപ്പൂക്കണിക്കാഴ്ചയായ് മലനാട്
പൂത്താലമോടെയെത്തും
ആവണിപ്പെണ്ണിന്
പൊന്നോണക്കോടി നല്കും കേരളനാട്
എൻ്റെ കേരളം (കവിത) ✍മധു വി മാടായി മധുരിമ
മധു വി മാടായി മധുരിമ✍