പണ്ടൊക്കെ എന്നു പറയുമ്പോൾ എന്റെ ബാല്യ കൗമാരകാലങ്ങളിൽ എന്റെ അയൽപക്കക്കാർ സ്നേഹ സമ്പന്നരും, ധാനശീലരും, പരസ്പര സൗഹൃദവും, വാത്സല്യവും നിലനിർത്തി പോരുന്നവരുമായിരുന്നു –
കൊണ്ടും കൊടുത്തും എന്നു പറയുമ്പോൾ ഉള്ളവൻ ഇല്ലാത്ത വന് മനസ്സറിഞ്ഞ് ചെയ്യുമായിരുന്നു
അങ്ങനെ പരസ്പര ധാരണയിൽ ജീവിച്ചവരായിരുന്നു.
അന്നും ജന്മികൾ ധാരാളം ഉണ്ടായിരുന്നു.
ദാനധർമ്മങ്ങൾ നടന്നു പോന്നു. അതിനാൽ ഓരോ അടുപ്പും പുകഞ്ഞിരുന്നു.
അടുത്ത വീട്ടിൽ ഒരു വിരുന്നുണ്ടെങ്കിൽ ചിലപ്പോളവിടെ ഒന്നും കാണില്ല അതിഥികളെ സത്കരിക്കാൻ.
എങ്കിലും, അടുക്കള ഭാഗത്തുകൂടി ആരുംകാണാതെ അടുത്ത വീട്ടിലെ ഇന്ദിരമ്മയുടെ അടുക്കളയിലെത്തും വീട്ടിലെ കാര്യം പറയും.
അവിടുന്ന് പലഹാരത്തിന്റെ കാര്യത്തിൽഒരുഉറപ്പ് കിട്ടും.
അതു കേട്ട്തിരിച്ച് വീട്ടിലെത്തി അടുപ്പത്ത് ചായ തളപ്പിക്കുമ്പോഴേയ്ക്കും
ഇന്ദിരാമ്മയുടെ അമ്മ ചീരു അമ്മ മടിക്കുത്തിൽ ആരും അറിയാതെ പലഹാരമെത്തിയ്ക്കും.
ചിലപ്പോ അപ്പുറത്തെ കാർത്തിയമ്മയുടെ മുരിങ്ങയില കണ്ടാവും രാധേച്ചി ചക്കക്കുരു അടുപ്പത്ത് വെക്കുക.
രാഘവേട്ടന്റെ ഓള് ഉപ്പിനു പാഞ്ഞു വരുന്നുണ്ടാവും. കൂട്ടത്തിൽ കഴിഞ്ഞ ആഴ്ച്ച വാങ്ങിയ വെളിച്ചെണ്ണ ഒരു ക്ലാസ്സിലാക്കി പിടിക്കാനും മറന്നില്ല.
അന്ന് മതിലൊന്നും കെട്ടിത്തിരിച്ച് ശ്വാസം മുട്ടി കഴിഞ്ഞിരുന്നില്ല. ഒരു വേലിയുണ്ടാവും ചില സ്ഥലത്ത്.
അതും ചാടിക്കടന്ന് പൊളിയാറായത്.
സ്നേഹത്തിന്റെ വൻ മതിലാണവിടെ പണിതത്.
സുകന്യ ഒരുചുരിദാറു വാങ്ങിയാൽ ആദ്യം ഇടുന്നത് ചിലപ്പോൾ അയൽപക്കത്തെ രുഗ്മിണിയുടെ മോളാവും.
പിന്നെ പറ്റാത്ത കുപ്പായങ്ങളൊക്കെ എടുത്തു വെക്കും മാസത്തിൽ വരുന്ന ഒരു കൈ നോട്ടക്കാരിയുണ്ട് അവൾക്ക് മക്കള് അഞ്ചാ അത്ങ്ങൾക്ക് കൊടുക്കും.
അത് കിട്ടുമ്പോ അവളെ ഒരു ചിരിയുണ്ട് പാവം, ലോട്ടറി അടിച്ച പോലെയാ..
അടുത്തെങ്ങാനും ആരെങ്കിലും പ്ലാവില് ചക്ക വിരിഞ്ഞാല് എല്ലാർക്കും പെരുത്ത് സന്തോഷാ ഒന്നിച്ചിരുന്ന് സൊറപറഞ്ഞ് പണിത്തരാക്കാലോ. പയ്പ്പും മാറും.
കുഞ്ഞിരാമേട്ടന് ഒരു നേരത്തേക്കായെന്ന് ദേവകിയേട്ടത്തി ചിരിച്ചു കൊണ്ടു പറഞ്ഞു-
ചക്ക കൊയ്തതായത്താക്കിയ പാച്ചുവിനും കിട്ടി കാൽ ഭാഗം
നാളേയ്ക്ക് കറിക്കുള്ള ചക്കക്കുരുവും കിട്ടിയല്ലോന്ന്
ങ്ങക്ക് ചക്ക ഉണ്ടാവുന്നുണ്ടെന്ന് രാധേച്ചിയുടെ പ്ലാവിലേക്കൊരു നോട്ടമെറിഞ്ഞ് പോന്ന പോക്കില് പാച്ചു
നിന്നെ വിളിക്കാമെന്ന് പെണ്ണുങ്ങള് എല്ലാരും പറഞ്ഞ്.
ഓന് സന്തോഷായി.
ഇതൊക്കെ ഇന്നത്തെ കുട്ടികൾക്ക് അന്യം വന്ന കാഴ്ച്ചകളാ..
മറ്റൊരാൾക്ക് കൊടുക്കണത് തന്നെ കണ്ടു കൂടാത്തവിധം സ്വാർത്ഥ സ്വഭാവമാണവർക്കിടയിൽ വളർന്നു വരുന്നത്.
ഞാനൊക്കെ എന്റെ കുട്ടിക്കാലത്തെ ഈ വക കഥകളൊക്കെ പറയുമ്പോൾ മോളു പറയും. അമ്മ ഒന്ന് നിർത്തുന്നുണ്ടോ ഈ പഴമ്പുരാണംന്ന്.
ഞാൻ വേഗം വായ മൂടിക്കെട്ടും.
അവൾക്ക് താത്പര്യമില്ലാത്തത് വിളമ്പണ്ടല്ലോന്ന് കരുതും –
നിങ്ങൾക്കൊന്നും അതു പറഞ്ഞാൽ മനസ്സിലാവില്ല
കുട്ടി നിങ്ങൾക്കൊക്കെ ഇതൊക്കെ ഒരു കുറച്ചിലാനിറഞ്ഞ കളമായിരിക്കണം വീട്.
മറ്റുള്ളവരോട് അയൽപക്കത്തുന്ന് വാങ്ങുന്നത് ഇമേജിന് ചേരാത്തതാണെന്നാ ധരിച്ചു വെച്ചിരിക്കുന്നത്
അതൊക്കെ ഒരുസുഖമുള്ള കാലമായിരുന്നു.
ഇനി ആ നല്ല കാലത്തിന്റെഓർമ്മകൾ അയവിറക്കി കഴിയാം അതെന്നെ.
സുജ ശശികുമാർ✍