ഹൃദയത്തിൻ ഛായ പകർത്തുവോൾ
വിഷാദത്തിര നനമുക്കി
കണ്ണിലണിയുവോൾ
ആത്മവിപഞ്ചിക മീട്ടും മിഴികളിൽ
നിസ്സംഗത തൻ മൂടുപടമണിയുവോൾ
ഉത്തരം കിട്ടാത്ത
ചോദ്യത്തിനൊക്കെയും
ഉദാസീനയായ് ചാരത്തു ഛായാമുഖി.
ഉള്ളിലെ ചിത്രത്തെ പകർത്തുവോൾ
തെല്ലൊരാകാംക്ഷ
വഴിയൊരുക്കുവോൾ
ഇല്ലില്ലന്തരംഗം തുടിക്കുന്നിതെത്ര
ചിത്രമായ് വിചിത്രമായ്
മനസ്സാം മാന്ത്രികയശ്വം കുതിയ്ക്കും
വഴികളിൽ സത്യം
പകർത്തുവോൾഛായാ മുഖി.
കരങ്ങൾ പലതും കൈമാറി
എന്നടുത്തെത്തുന്നു ഛായാമുഖി.
ഞാനതെന്നോടു ചേർക്കവേ,,,
കാണുന്നു ഞാനതിലാത്മനാഥനെ
ഹൃദ്യമാം ആത്മഹർഷം
പൂക്കുന്നെന്നിൽ
ശ്രൃംഗാരച്ചിരിയോടെ പ്രിയൻ,
കരം ഗ്രഹിക്കുന്നു വിശിഷ്ടമാം
ദർപ്പണം അവനേകി ചിരിച്ചു
നിൽക്കുന്നരികിൽ ഞാൻ.
നോട്ടമയച്ചവനാഛായാ
മുഖിയിലേക്കഹോ കഷ്ടം!
ഞാനല്ലതിലൊട്ടും എൻ്റെ
രൂപവുമില്ലതിൽ
ഭാവവുമെൻ ഭാഷയുമില്ലതിലെൻ
രാഗമേയൊട്ടുമില്ലതിൽ
വേച്ചൊന്നിടറി വീഴുന്നു ഞാനെൻ്റെ
ചുമലിലെ സ്വപ്നക്കെട്ടുകൾ
ചിതറിത്തെറിക്കുന്നു ചുറ്റും
അലറിയസ്തമിക്കുന്നു പ്രപഞ്ചസത്യം
മുന്നിലിങ്ങനെ ഛായാമുഖിയായ്
ഹിഡുംബിക്ക് വേദന കൊടുത്തു ആ
ഭീമൻ്റെ
ഛായാമുഖീ ചിത്രം പാഞ്ചാലിയായതും
പാഞ്ചാലി വീക്ഷിച്ചതിൽ ഭീമനില്ല
അർജുനനെന്നറിഞ്ഞ ഭീമൻ്റെ ദുഃഖവും
ചരിത്രം തീർത്തെഴുതിയന്നേ…
നാം സ്നേഹിക്കുന്നവരല്ല നമ്മെ
സ്നേഹിക്കുന്നതെന്നാഴമായി.
തിരുത്തിക്കുറിക്കുന്നു തീർത്തിതാ
ഞാനും
ഹൃദയവിപഞ്ചിക
മീട്ടുവോർക്കിനിയെന്തിനു ഛായാമുഖി.
ആത്മാനുരാഗത്തിന്നാസക്തിയറി
വോർക്കാവില്ല ഛായാമുഖി ചിത്രം
വിഭിന്നമാകുവാൻ
നീയെന്നിലlഴമായി,, ഞാൻ
നിന്നിലേകമായി തെളിയുന്നു
ഹൃദയചിത്രമായി,
ഛായാമുഖി അതാ ദൂരെ!