ആശുപത്രിയിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ വെറുതെ ഉച്ചഭക്ഷണം സൗജന്യമായി നൽകുന്ന സ്ഥലത്തേയ്ക്ക് നോക്കി.
ഏകദേശമൊരു നൂറോളമാളുകളുണ്ട്.
ഭക്ഷണം വാങ്ങാൻ നിരയായി നിൽക്കുന്നവരിലൊരു മുഖം കണ്ടിട്ട് പരിചയംതോന്നി. അതുകൊണ്ട് അടുത്തേയ്ക്ക് പോയി. സുകുമാരൻചേട്ടൻ.
വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ അയൽപക്കമായിരുന്നു.
പിന്നീട് സ്ഥലംവിററ് കുറെ ദൂരേയ്ക്ക് പോയി അതിനുശേഷമിന്നാണ് തമ്മിൽക്കാണുന്നത്, അദ്ധേഹം ചോറുവാങ്ങി വരുന്നതുവരെ അവിടെ നിന്നു. അടുത്തുവന്നപ്പോൾ കയറി പരിചയപ്പെട്ടു.
ആരാ ? സുകുമാരൻ ചേട്ടാ ഇവിടെ കിടക്കുന്നത്.?
അത് ലക്ഷമിക്കുട്ടി,
അദ്ധേഹത്തിൻെറ ഭാര്യയാണ് എന്തുപററീ ?
ഷുഗർ ഭയങ്കരകുടുതലാടാ..
ഇടതേക്കാലിലെ നാലുവിരൽ മുറിച്ചുകളഞ്ഞു അത് ശരിയ്ക്കുമുണങ്ങിയിട്ടില്ല. കൂടാതെ പ്രഷറും ഇപ്പോൾ ഇവിടെ വന്നിട്ട് മൂന്നാഴ്ച്ചയായി..
ചേട്ടാ മധു..?
മധു ചേട്ടൻെറ ഒരേ ഒരു മോനാണ്.
നമുക്ക് എവിടേലുമൊന്നിരുന്നാലോ?
കാഷ്യാലററിയുടെ മുൻവശത്തെ
അരഭിത്തിയിൽ ഞങ്ങളിരുന്നു.
അവൻ ഒരു കല്യാണം കഴിച്ചു മൂന്നുവർഷം മുൻപ് ആദ്യമേ വീട്ടിൽ കുഴപ്പമൊന്നുമില്ലായിരുന്നു.
പിന്നീട് തള്ളേം മോളും തമ്മിൽ ചെറിയ ചെറിയ പിണക്കങ്ങൾ ഒന്നോ രണ്ടോ ദിവസം മിണ്ടാതിരിയ്ക്കും അത് കഴിയും, പിന്നീട് പിണക്കത്തിൻെറ നീളംകൂടിവന്നു ദിവസങ്ങൾ ആഴ്ച്ചകളും ആഴ്ച്ചകൾ മാസങ്ങളുമായി.
പ്രസവത്തിന് പോയ അവൾ പിന്നെ തിരികെ വന്നില്ല.
എന്തു പറയാനാ കുഞ്ഞിനെ കാണാൻ പോയിപ്പോയി അവനും അവിടെക്കൂടി .
പിന്നീട് ഒരുവാടക വീടെടുത്ത് അവിടെ അവര് ജീവിതം തുടങ്ങി. വല്ലപ്പോഴും വിളിച്ചോണ്ടിരുന്നതാ ഇപ്പോ ഒരു വർഷമായി അതുമില്ല.
അവൾക്ക് അവൻെറ കുഞ്ഞിനെ കാണാൻ വലിയ കൊതിയാ പക്ഷേ … അത് നടക്കില്ലാന്നാ തോന്നുന്നത്..
ഡോക്ടർ പറഞ്ഞത് ഇനിയധിക കാലമൊന്നുമില്ലന്നാ .. ആരേലുമൊക്കെ കാണാനൊക്കെയുണ്ടേൽ വലിയ താമസം കൂടാതെ വന്ന് കാണ്ടോട്ടെയെന്നാ..
വാർഡിലെ കട്ടിലിൽ ലക്ഷമിക്കുട്ടിച്ചേച്ചി. ശരീരമാകെ നീരുണ്ട്, സുകുമാരൻ ചേട്ടൻ എന്നെ പരിചയപ്പെടുത്തി സന്തോഷത്തോടെ കുറെ സംസാരിച്ചു .
ഏതാണ്ടൊക്കെ തിരാറായി ഇനി അവനേയും കൊച്ചിനേയുമൊന്നു കാണണം..
ഞാൻപറഞ്ഞു അവര് വരുമെന്നേ..
ആ.. വരും എനിയ്ക്ക് കൊള്ളിവെയ്ക്കാനേലും വന്നാമതിയായിരുന്നു.
ഫോൺ കേടായിപ്പോയി അല്ലേൽ വിളിയ്ക്കാമായിരുന്നു.
കുറച്ചു സമയംകൂടി അവിടിരുന്നശേഷം ഞാൻ പുറത്തേയ്ക്ക് നടന്നു .
സുകുമാരൻ ചേട്ടനും പുറത്തേയ്ക്ക് വന്നു.
ഞാനാ ഫോണിലെ ബാറററി ഊരിവച്ചതാ..അവള് വിളിയ്ക്കാതിരിയ്ക്കാൻ ഇന്നാള് ഞാൻ വിളിച്ചപ്പോ മരുമകളു പറഞ്ഞത് ആ തള്ളചാവട്ടെ.. എന്നിട്ട് വരാമെന്നാ അവള് വിളിയ്ക്കാതിരിയ്ക്കാൻ ഞാനത് മനപ്പൂർവ്വം ഊരിവച്ചതാ..
ഞങ്ങൾ പുറത്തെ ചായക്കടയിൽ പോയി ചായക്കുടിച്ചു.
മുററത്തെ ചെമ്പകമരച്ചോട്ടിൽ നിന്നും സംസാരിച്ചു ..
അവനെക്കാണാൻ കൊതിയാകുവാ മോനേ..
അവൻെറ കൂടെ ഇരുന്നൊരിത്തിരി ചോറുണ്ണണം..
അവൻെറ കൂടെ കൈയ്യിൽ പിടിച്ച് പറമ്പിലൂടൊന്നു നടക്കണം..
കുറച്ചുസമയം അവനെ കെട്ടിപ്പിടിച്ചൊന്നു കിടക്കണം..
പെട്ടന്നയാളുടെ തൊണ്ടയിടറി കവിളിലൂടെ കണ്ണുനീർ ചിറപ്പൊട്ടിയൊഴുകി..
അവൻെറ കവിളിലെനിയ്ക്കൊരു ഉമ്മകൊടുക്കണമായിരന്നു.
ഞാൻ പെട്ടന്നയാളെകെട്ടിപ്പിടിച്ചു. ആ ശരീരം വിറകൊള്ളുന്നത് തൊണ്ടഏങ്ങലടിയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.
പിരിയാൻ നേരം ഞാൻപറഞ്ഞു
സുകുമാരൻ ചേട്ടൻ അവൻെറ ഫോൺ നമ്പർ താ ഞാനവനോടൊന്ന് സംസാരിയ്ക്കട്ടെ..
എൻെറ ഫോൺ നമ്പരും കൊടുത്തു.
ഞാൻ പിന്നെ എൻെറ ജോലിയിലേയ്ക്കും തിരക്കുകളിലേയ്ക്കും മടങ്ങി.
സുകുമാരൻ ചേട്ടനും ചേച്ചിയും മധവുമെല്ലാം, ഞാൻ മറന്നും പോയി.
ഒരാഴ്ച്ചയ്ക്കശേഷം ആശുപത്രിമുററത്ത് നിന്ന് സംസാരിയ്ക്കുമ്പോളാണ് ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് പറയുന്നത് ഇന്നലെ വൈകിട്ട് ഒരു ബോഡിയും കൊണ്ട് പോയി ഒരു ചേച്ചിയുടെ,
അവരുടെ പ്രായമായ ഭർത്താവ് മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. ഒരു മലയുടെ മുകളിലാണ് വീട്, വണ്ടി അവിടെവരെ കയറിച്ചെല്ലില്ല.
കഷ്ട്ടപ്പെട്ടാണ് വീട്ടിലെത്തിച്ചത്,
ആര് ?
ഒരു സുകുമാരൻ ചേട്ടൻ ..അയാളുടെ ഭാര്യ ലക്ഷമിക്കുട്ടി..
അയ്യോ..
ഞാൻ ഞെട്ടിപ്പോയി..
ഞാനെന്നെത്തന്നെ ശപിച്ചു..
എപ്പോളാ അടക്കെന്നറിയാമോ ?
അതറിയില്ല ഇപ്പോകഴിഞ്ഞു കാണും ഇന്നലെ ഒരുനേരത്ത് മരിച്ചതല്ലേ.?
അന്ന് പകൽ മനസ്സ് കുററബോധത്താൽ നീറിക്കൊണ്ടിരുന്നു.
മധുവിനെ വിളിയ്ക്കുകയോ സംസാരിയ്ക്കുകയോ ചെയ്തില്ല അവൻ വന്നു കാണുമോ ആവോ…
ഉറങ്ങാൻ കടക്കുമ്പോളും ലക്ഷമിചേച്ചിയും, തേങ്ങിക്കരയുന്ന സുകുമാരൻ ചേട്ടനും, മാറിമാറി ഉറക്കത്തിൻെറ വാതിലിൽ വന്നു മുട്ടിക്കൊണ്ടിരുന്നു.
എന്തായാലും നാളെ രാവിലെ സുകുമാരൻ ചേട്ടൻെറ വീട്ടിൽ പോകാൻ തിരുമാനിച്ചു.
പിറേറന്ന് രാവിലെ ആ വീടന്വേക്ഷിച്ചുപോയി.
സുകുമാരൻ ചേട്ടൻ പറഞ്ഞ ഒർമ്മവച്ച് ആ വഴിയിലൂടെ …
മലകയറി ആ വീട്ടിലെത്തി മുററത്ത് കുറെയാളുകൾനിൽപ്പുണ്ട്.
ഞാൻ അമ്പരന്നു കാരണം ഇതേവരെ ലക്ഷമിക്കുട്ടിചേച്ചിയെ അടക്കിയില്ലേ ഇത് രണ്ടാം ദിവസമല്ലേ..?
എന്താ സംഭവം..
മുററത്തുനിന്ന ഒരാളോട് ഞാൻ ചോദിച്ചു
എന്താ..?
അത് ഇന്നലെ വൈകിട്ട് ആറുമണിവരെ അവരുടെ മകൻവരുമെന്ന് കരുതി ആ തള്ളയെ അടക്കാതെ വച്ചോണ്ടിരുന്നു. ഏഴുമണി രാത്രീലാ ചിതയില് വച്ചത് പത്തുമത്തുമണിവരെ ഇവിടെ ഒന്നുരണ്ട് പേരുണ്ടായിരുന്നു. അടുത്തവീട്ടിലെ ആൾക്കാര് പോയപ്പോൾ അങ്ങേരെ വിളിച്ചതാ..?
എന്നിട്ട് ..?
പുള്ളി പോയില്ല..
എന്നിട്ട് .. സുകുമാരൻ ചേട്ടനെവിടെ ?
അയാൾ മുൻപേ നടന്നു .വീടിന് പിറകിലെ തൊടിയിൽ കത്തിതീർന്ന ചാരം മൂടിയ ചിതയ്ക്കരുകിൽ വെറും മണ്ണിൽ ചുരുണ്ടുകുടി സുകുമാരൻ ചേട്ടൻ ..
ആരും ലക്ഷമിചേച്ചിയ്ക്ക് കൂട്ടില്ലാത്ത ആ രാത്രിയിൽ വഴിതെററിപ്പോയ മകൻ തിരിച്ചുവന്ന് അമ്മയെ എന്തിനാണ് ഒററയ്ക്കാക്കിയെതെന്ന് ചോദിച്ചാലോയെന്ന് ഭയപ്പെട്ടാവണം ആ ചിതയിലെ ചൂടിലലിഞ്ഞ് എപ്പോളോ അണഞ്ഞുപോയ, ആ പ്രകാശത്തിലദ്ധേഹവും ഉറങ്ങിപ്പോയിരിയ്ക്കുന്നു.
ഞാൻ ആ മുഖത്തേയ്ക്ക് നോക്കി രാത്രിയിലെപ്പോളോ പെയ്ത കണ്ണു നീർമഴയുടെ തിളങ്ങുന്ന ചാലുകൾ ആ ഒട്ടിയ നരച്ചരോമങ്ങൾ തെറിച്ചുനിൽക്കുന്ന മുഖത്ത് കാണാമായിരുന്നു.
പെട്ടന്നൊരു കാററുവീശി .
ചിതയിൽനിന്നും ആ കാററിൽ ചാരം ഉയർന്നു പറന്നു.
ഞാൻ തിരിച്ചു മലയിറങ്ങിക്കൊണ്ടിരുന്നു നടന്നാലും നടന്നാലും തീരാത്ത, മറുകര കാണാത്ത കണ്ടാലും കൊണ്ടാലും മനസ്സിലാകാത്ത വഴിയിലൂടെ..!!
ബെന്നി സെബാസ്റ്റ്യൻ✍
(മികച്ച രചന: സംസ്കൃതി & ആർഷഭാരതി)