“ശരിയാണ്. ഹോമി. കെ. ഭാഭാ പറഞ്ഞത്.. ലോകത്തെ കലാപ്രദർശന
ങ്ങളിൽ വെനീസ് ബിനാലയോട് പോലും കിടപിടിക്കുന്നു കൊച്ചി മുസീരിയസ് ബിനാലെ എന്ന്….”
പ്രദർശന നഗരിയിലേക്ക് കാലുകുത്തിക്കൊണ്ട് ഗോപികൃഷ്ണൻ പറഞ്ഞതിന് ശരിവയ്ക്കുകയാണ് നീളൻ തലമുടിയും നീണ്ട താടിയുമുള്ള മിഹിർ സെൻ. ബിനാലയെപ്പറ്റി ഒരു ഫീച്ചർ എഴുതുവാനായിട്ടാണ് അയാൾ കൽക്കട്ടയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. വയസ്സ് നാല്പത്തി ആറായി. വെളുത്ത പൈജാമയും മുട്ടിനു താഴെ ഇറങ്ങിക്കിടക്കുന്ന സ്വർണ്ണ നിറമുള്ള ജുബ്ബയും ഒരു തോൾസഞ്ചിയും കറുത്ത ഫ്രെമുള്ള ഒരു കണ്ണടയും ആണ് വേഷം. തോൾസഞ്ചിയിൽ നല്ലൊരു ക്യാമറയും വരയ്ക്കാനുള്ള ക്യാൻവാസും മറ്റ് സാമഗ്രികളും എന്നും കൂടെയുണ്ടാവും..
. ഗോപീകൃഷ്ണൻ കൂട്ടിന് വന്നതാണ്. അയാൾ കലാകാരൻ ആണെങ്കിലും അതിൽ കൂടുതൽ ശ്രദ്ധ ചെലുത്താറില്ല. ആവശ്യത്തിന് മാത്രം വരയ്ക്കുന്ന ഒരാൾ.. ഗവൺമെന്റ് ജോലിയും ആയി മുന്നോട്ടുപോകുന്നു. സെന്‍ വരുന്ന കാര്യം അയാളെ വിളിച്ചറിയിക്കുകയായിരുന്നു. കുറേക്കാലം ഔദ്യോഗികമായി അദ്ദേഹത്തിന്റെ നാട്ടിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് സെന്നിനെ പരിചയമായത്.. സെന്നിന്റെ നാട്ടിലെ ചിത്രപ്രദർശനവുമായി പങ്കുചേർന്നപ്പോഴാണ് അയാളെ പരിചയപ്പെടാൻ സാധിച്ചത്….. കണ്ടാൽ ചിത്രകാരന്റെ ലക്ഷണം ഒന്നും ഗോപികൃഷ്ണനില്ല.. അലസമായ മുടിയും താടിയും വേഷവിധാനവും ഒന്നും അയാൾക്കില്ല.
. സെന്നിന്റെവരയെന്ന് പറഞ്ഞാൽ അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കുമെന്ന് അവനറിയില്ല.. നോക്കിനിൽക്കെ അയാൾ വരച്ചു കഴിയും. കാണുന്നതെന്തിനെയും വരയ്ക്കും.. ഒരു തെരുവിനെയോ, ഒരു ചന്തയോ , ഒരു പൂരപ്പറമ്പോ, ഒരു ഉത്സവാഘോഷമോ, പുലർ വേളയോ,സായം കാലമോ,ചെറുമഴച്ചാറ്റലോ, കാടോ കടലോ എന്തും വരയ്ക്കും….. എന്ന് പറഞ്ഞാൽ ഒരു മുഴുനീള ചിത്രകാരൻ…..
. പരിചയപ്പെട്ടതിനുശേഷം എത്രയെത്ര ചിത്രപ്രദർശനങ്ങൾ! സ്റ്റുഡന്റസ് ബിനാലെ യിലെ പരിശീലകൻ… പ്രത്യേകം ക്ഷണിക്കപ്പെട്ട “ഇൻവൈറ്റഡ് “പ്രദർശനങ്ങളിലും തിളങ്ങാറുള്ളവൻ…. കൊൽക്കത്തയിൽ എന്നല്ല ലോകത്തിലെ ഏവർക്കും അറിയാവുന്നയാൾ….
. പെറു മുതൽ ഇന്ത്യയുടെ അയൽവക്കത്തെ ബംഗ്ലാദേശിൽ നിന്ന് വരെയുള്ള കലാകാരന്മാർ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു… കണ്ടു കണ്ടു നിന്നിട്ടും മതിയാവാതെ ഓരോന്നിന്റെയും മേന്മകൾ വിവരിച്ചുകൊണ്ട് കാഴ്ചക്കാരുടെ ഇടയിൽ കൂടി നടക്കുകയാണ് രണ്ടുപേരും…..
എൺപത് വയസ്സുകാരിയാണ് അമേരിക്കൻ ചിത്രകാരി ജോവാൻ ജോനാസ്.. തെരുവിന്റെ കലാകാരിയാണ് അവർ.. തെരുവിന്റെ കലയൊന്നും കലാ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ ആർട്ട് പ്രദർശിപ്പിക്കുന്നത്..
. വിദേശ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും പ്രദർശന ചിത്രങ്ങൾ കണ്ടുകഴിഞ്ഞാണ് മലയാളി യിടത്തിലേക്ക് എത്തിയത്. ഈ ഇടത്തിൽ ആവട്ടെ ജീവിതം പറയുന്ന ചിത്രങ്ങളുമായി പത്തിരുന്നൂറ് ചിത്രങ്ങൾ… പത്തറുപതു കലാകാരന്മാർ…
പെണ്ണുടലിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രങ്ങൾ.. അർബുദം പഠിപ്പിച്ച പാഠങ്ങൾ ചിത്രങ്ങൾ ആക്കിയവ… മനുഷ്യമുഖം അധ്വാനത്തിന്റെ മുഖം ആക്കിയിരിക്കുന്നു ചില ചിത്രങ്ങൾ…. കണ്ടു കണ്ടു നടക്കുന്നതിനിടയിലാണ് സ്ത്രീ മുഖങ്ങളുടെ,ഉടലുകളുടെ വൈവിധ്യത എടുത്തു കാണിക്കുന്ന ഒരു നീണ്ട നിര കണ്ടത്… കണ്ടിട്ടും കണ്ടിട്ടും മതിവരാതെ മിഴിച്ചു നിന്നുപോയി സെൻ…. ഓരോന്ന് കാണുമ്പോഴും ഏതാണ് ഉത്തമം എന്ന് പറയാൻ പറ്റാതെ… ആസ്വദിച്ചാസ്വദിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഗോപികൃഷ്ണന് പറയാതിരിക്കാൻ കഴിഞ്ഞില്ല ” ഇതെല്ലാം എന്റെ നാട്ടുകാരി തേജാസ്വരൂപിന്റെ വരെയാണെടോ “എന്ന്.
” നാട്ടുകാരിയോ? അവൾ എവിടെ? ”
” ഇവിടെ എവിടെയെങ്കിലും കാണും. നിനക്ക് അവളെ കാണണോ? ”
” പിന്നെ….തീർച്ചയായും…” വല്ലാത്ത ഒരു ആകാംക്ഷയോടെയാണ് സെൻ അത് പറഞ്ഞത്. പിന്നെ അയാൾ നടക്കുന്ന വഴി മുഴുവൻ അവളെ തെരയുകയായിരുന്നു… അന്ന് അവർക്ക് അവളെ കാണാൻ പറ്റിയില്ല…
പ്രദർശന നഗരിയിൽ നിന്ന് വളരെ വൈകി ഗോപികൃഷ്ണൻ വീട്ടിലേക്കും സെൻ ഹോട്ടലിലേക്കും മടങ്ങി.
സെന്നിന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. തേജസ്വരൂപ്… അവളെ കാണണം എന്ന ചിന്ത അടങ്ങാത്ത ഒരു ആവേശമായി അയാളിൽ കൂടിക്കൂടി വന്നു. കൂടെ ആ ചിത്രങ്ങളിൽ ഓരോന്നിന്റെയും വിസ്മയവും…… സ്ത്രീയുടെ ഓരോരോ ഭാവങ്ങൾ എടുത്തു കാണിക്കുന്ന വരകൾ… പക്ഷേ വിഷാദഭാവങ്ങൾക്കായിരുന്നു കൂടുതൽ പ്രാധാന്യം…. അതാണല്ലോ ഏവരിലേക്കും കത്തിക്കയറുന്നതും…
ഒരുപക്ഷേ തന്റെ തനതായ ഭാവങ്ങളെ ആയിരിക്കും അവൾ വരയ്ക്കുന്നതൊക്കെയും. ഒരു ചിത്രകാരിയുടെ ഭാവനയിൽ വിടരുന്ന ചിത്രങ്ങൾക്ക് തന്റെ ജീവിതത്തിന്റെ ഛായ ഉണ്ടാവും എന്നത് സത്യമല്ലേ? കുറെ നിഷേധ ഭാവങ്ങളും, നിസ്സംഗതയും,നൈരാശ്യവും സന്തോഷവും രൗദ്രവും ചിത്രങ്ങളിൽ കൂടി കൈകാര്യം ചെയ്യുന്നത് ചിത്രകാരന്മാർ തന്നെയാവുമല്ലോ… അവരുടെ ചിന്തകൾ അധികവും കാടുകയറിയതാവും….
എപ്പോഴാണ് ഉറങ്ങിയതെന്നോ എപ്പോഴാണ് ഉണർന്നതെന്നോ അയാൾ നോക്കിയില്ല. പ്രാഥമിക ആവശ്യങ്ങളും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ഡ്രസ്സ് മാറി ബിനാലെയിലേക്ക് തന്നെയാണ് അയാൾ പോയത്. കൂടെ ഗോപീകൃഷ്ണൻ ഉണ്ടായിരുന്നില്ല. അയാൾക്ക് അന്ന് പ്രവർത്തി ദിവസം ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ അയാളെ അറിയിക്കാനും കൂട്ടാക്കിയില്ല. മനസ്സിൽ മുഴുവനും തേജാ സ്വരൂപ് തന്നെയായിരുന്നു, അവളെ കാണണം… കണ്ടുപിടിച്ചേ പറ്റൂ.. അത്രമാത്രം ആ ചിത്രങ്ങൾ അയാളെ സ്വാധീനിച്ച് കഴിഞ്ഞിരുന്നു….
ചെഗുവേരയുടെ കൊച്ചുമകൾ ബിനാലെ കാണാൻ വന്ന ദിവസമായിരുന്നു അത്. എസ്തഫാനിയ ഗുവേര… വെളുത്തു കൊലുന്നനെയുള്ള ഒരു മുപ്പതുകാരി.. ചെഗുവേരയുടെ മകളായ ഡോക്ടർ അലൈഡ ഗുവേരയുടെ മകൾആണ് എസ്തഫാനിയ. മാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ ആളുകൾ ദിവസവും ബിനാലേയിലേക്ക് എത്തിക്കൊണ്ടിരുന്നല്ലോ.. അതുകൊണ്ട് തിരക്ക് ഏറിയിരുന്നു ഈ ദിവസങ്ങളിൽ…. എസ്തഫാനിയയ്ക്ക് അകമ്പടിയായി ഫൗണ്ടേഷൻ പ്രസിഡണ്ടും കൂടെ ഉണ്ടായിരുന്നു..
മലയാളി ഇടത്തിൽ ചെന്നപ്പോൾ എസ്തഫാനിയ ഗുവേര ഒന്നു നിന്നു.. ചിത്രങ്ങൾ കണ്ടു കണ്ണുമിഴിച്ചു പോയ അവർ ചിത്രകാരിയെ അവിടെ തിരഞ്ഞു… അടുത്തുനിന്ന ചിത്രകാരനാണ് അവളെ ചൂണ്ടിക്കാണിച്ചത്… ദൂരേക്ക് എവിടെയോ നോക്കി തന്റെ വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ച് കാഴ്ചക്കാരെ നോക്കിയിരിക്കുന്ന കൊലുന്നനെയുള്ള ഒരു സ്ത്രീ….. തികച്ചും മലയാളി വേഷം… ഒരു സാരിയും ബ്ലൗസും…
ഗുവേര അവളുടെ അടുത്തുപോയി കുറെ നേരം സംസാരിച്ചു.. ദ്വിഭാഷി കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല….അവളുടെ തോളിൽ തട്ടി കവിളത്ത് ഒരു ഉമ്മയും കൊടുത്തിട്ടാണ് ഗുവേര നടന്നു നീങ്ങിയത്…..
അങ്ങനെയാണ് സെൻ തേടി നടന്ന ആളെ കണ്ടുമുട്ടിയത്. അയാൾ അറിയാതെ അയാളുടെ കാലുകൾ അവളുടെ അടുത്തേക്ക് നീങ്ങി…
” ഹായ്, ഗ്രേറ്റ് ആർട്ടിസ്റ്റ്. ”
“ഹായ് സർ ” അവൾ ചിരിച്ചുകൊണ്ട് കൈകൾ കൂപ്പി.. അങ്ങനെ പരിചയപ്പെടുകയായിരുന്നു… സംസാരിച്ചു നിൽക്കുമ്പോൾ അടുപ്പം കൂടുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അവൾക്കാണെങ്കിൽ ഒരു നിർവികാരതയും…. അത് അവളുടെ സ്ഥായിയായ ഭാവം തന്നെയെന്ന് സെൻ മനസ്സിലാക്കി..
ബിനാലെയുടെ നാളുകൾ നീങ്ങും തോറും അവളുടെ ചിത്രങ്ങൾ ധാരാളം വിറ്റു പോയതും അവളുടെ ബാങ്കിലേക്ക് പൈസ എത്തുന്നതും അറിഞ്ഞ ബന്ധുക്കളിൽ ചിലർ സംരക്ഷകരായി എത്തി തുടങ്ങി… ഗുവേര കുറേ ചിത്രങ്ങളുമായിട്ടാണ് പോയത്…. അതൊരു തുടക്കമായിരുന്നു… പിന്നെപ്പിന്നെ ചിത്രങ്ങൾ ഒഴുകാൻ തുടങ്ങി….. ഇന്ത്യൻ എക്സ്പ്രസിൽ സെൻ എഴുതിയ ഒരു റിപ്പോർട്ടും ഈ വില്പനയ്ക്ക് സഹായകമാവുകയായിരുന്നു എന്ന് അവൾ പിന്നീടാണ് അറിഞ്ഞത്….
ബിനാലെയുടെ നാളുകൾ അവസാനിക്കുമ്പോഴേക്കും അവൾ അയാളുടെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു. ചിത്രകല പഠനത്തിനിടെ ഉണ്ടായ ഒരു കടുത്ത പനി കാലുകളെ തളർച്ചയിലേക്ക് മാറ്റിയത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ തുടയ്ക്കാൻ അയാൾ മറന്നില്ല.. അതൊരു ആശ്വാസമായി അവൾക്ക് തോന്നിയേക്കാം.. അങ്ങനെ ഒരു ആശ്വാസം ആരിൽ നിന്നും കിട്ടാതെ വളർന്നതായിരുന്നല്ലോ അവൾ. പേരും പെരുമയും ധാരാളം ഉണ്ടായിട്ടും നാട്ടിലും വീട്ടിലും അവഗണനയുടെയും തിരസ്കരണത്തിന്റെയും കൈപ്പുനീര് കുടിച്ചു തീർക്കാൻ വിധിക്കപ്പെട്ടവളായിരുന്നു അവൾ. അമ്മയും അച്ഛനും ഇല്ലാതായപ്പോൾ പിന്നെ ആര് പിന്തുണയേകാൻ? ചെയ്യാവുന്നതെല്ലാം സ്വയം ചെയ്യാനും വരുന്നതെല്ലാം അനുഭവിക്കാനും പഠിപ്പിച്ചജീവിതം….
ബിനാലെ ആകെ കവർ ചെയ്ത് ഫീച്ചർ തയ്യാറാക്കുന്നതിനും വിശേഷപ്പെട്ട ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ഫോട്ടോകൾ എടുക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും വേണ്ടിയാണ് സെൻ ബിനാലെയിലെത്തിയത് തന്നെ. തന്റെ ദൗത്യം കഴിഞ്ഞ് തിരികെ പോകുന്ന കാര്യം ഗോപീകൃഷ്ണനെ അറിയിക്കാതിരുന്നില്ല….
പ്ലെയിൻ പുറപ്പെടുന്ന സമയത്തിന് മുൻപ് തന്നെ അയാൾ എത്തിയിരുന്നു.. തെരഞ്ഞുപിടിച്ച് സെന്നിന്റെ അടുത്തെത്തിയപ്പോൾ അയാൾ ഞെട്ടിപ്പോയി! വീൽചെയറിൽ പുഞ്ചിരിച്ച മുഖവുമായി സെന്നിന്റെ അടുത്ത് തന്നെ ഇരിക്കുന്ന തേജാസ്വരൂപ്.. സെൻ ആണെങ്കിലോ അവളുടെ ഇടതു കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..
” ഇവളാണ് ഞാൻ കാത്തു കാത്തിരുന്ന എന്റെ സ്വത്ത്.. ഇപ്പോഴാണ് എനിക്കിവളെ കണ്ടുപിടിക്കാനായത്… ഞാൻ ആഗ്രഹിച്ചതെല്ലാം തികഞ്ഞ ഒരുവൾ… ഇവളെ ഞാൻ കൂടെ കൂട്ടി…. ”
പറഞ്ഞുകൊണ്ട് മിഹിർ സെൻ ഗോപികൃഷ്ണന്റെ കൈപിടിച്ചു കുലുക്കി…. സെന്നിന്റെ കയ്യിലിരുന്ന ആനന്ദ് ബാസാർ പത്രിക (ബംഗാളിലെ ന്യൂസ് പേപ്പർ )തുറന്ന് തങ്ങളെ പറ്റിയുള്ള റിപ്പോർട്ട് കാണിച്ചുകൊടുത്തുകൊണ്ട് സെൻ ഗോപീകൃഷ്ണനെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു…. ഗോപീകൃഷ്ണന്റെ കണ്ണിൽ അത്ഭുതത്തിന്റെ പൂക്കൾ വിരിയുകയായിരുന്നു… ബംഗാൾ പത്രത്തിലെ തങ്ങളുടെ ഫോട്ടോയും റിപ്പോർട്ടും കണ്ട് തേജാകൃഷ്ണയ്ക്കും അത്ഭുതം തോന്നാതിരുന്നില്ല…
ഓമനശ്രീ.
Nice