അറ്റുപോയ ചിറകിന്റെ അറ്റം
കാണാനും
പറ്റിയാൽ ഒരു തൂവലെടുക്കാനുമാണ്
പലപ്പോഴുമവിടെയവർ തടിച്ചു
കൂടിയത്..
അറ്റം തുന്നിച്ചേർക്കാൻ എടുത്ത
നൂലിന് ബലമില്ലായിരുന്നു..
പല തവണയത് പൊട്ടിപോയിരുന്നു.
ഓരോ പൊട്ടലിന്റെയും ശക്തിയിൽ
വിരലിന്ററ്റത്തേക്ക് സൂചി എത്രയോ
വട്ടം തുളഞ്ഞു കയറിയിരിക്കുന്നു..
ചോപ്പു നിറത്തിലൊരു നനവ്
പടർന്നൊഴുകിയിരിക്കുന്നു..
തടിച്ചു കൂടിയവർക്കിടയിലേക്ക്
അതെന്താണെന്ന് നോക്കാൻ
ഒന്ന് രണ്ടു പേർ ഇടിച്ചു കയറി വന്നു..
അവരാണ് മുറിവ് വെച്ചു കെട്ടി തന്നത്
അവരാരും
ആതുരശുശ്രൂഷകരായിരുന്നില്ല..
മുൻപവരിലും ചിറക് മുറിഞ്ഞു
പോയിരിക്കണം..
തുന്നി ചേർക്കുന്നതിനിടയിൽ
സൂചി തുളഞ്ഞു കയറിയിരിക്കണം…
ജീവിച്ചിരിക്കാൻ സഹായിച്ചതിന്
നന്ദി പറഞ്ഞിറങ്ങി പോരേണ്ട
ചില മനുഷ്യരുണ്ട്..
തുന്നികെട്ടേണ്ട മുറിവായിരുന്നെങ്കിലും
ചോര വാർന്നു പോകാതെ ഒരു
കീറതുണി കൊണ്ടെങ്കിലും തത്കാലം ഒന്ന്
കെട്ടിത്തന്ന മനുഷ്യർ..
ഒറ്റക്ക് നോക്കിനിന്നപ്പോഴൊക്കെയും
ആകാശത്തിന്റെയങ്ങേയറ്റം
ചിത്രത്തിലൂടെയെങ്കിലും കാണിച്ചു
തന്നതവരായിരുന്നു…
അലീഷ മാഹിൻ✍