അനാഥത്വത്തിൻ്റെ അപകർഷതാ
ഭാരത്തിലതിജീവനം തേടിയഭിമാനം
നേടാനൊരുങ്ങിയോരനാഥനാണു
ഞാൻ.
അമ്മയുടെ വാൽസല്ല്യമമൃതു
നുകരാതെ ചീന്തിയ പായയുടെ
ചൂടിലതിജീവനം തേടിയോരനാഥനാണു
ഞാൻ
അച്ഛൻ്റെ കരുതലും
തണലുമില്ലാതെയീ നേർവഴി
കാട്ടുവാനാരുമേയില്ലാതെയതിജീവനം
തേടിയോരനാഥനാണു ഞാൻ
നീട്ടിയ
കൈകളെയാട്ടിയോടിക്കുമ്പോളശ്രു
ബിന്ദുക്കളിലതിജീവനത്തിൻ്റെ
വേരുകള്‍ തേടിയോരനാഥനാണു
ഞാൻ
അപമാനചുഴിയിലൂടൊഴുകി
മടുത്തപ്പോളെതിരിടാൻ പൊരുതിടാൻ
അതിജീവനം തേടിയോരനാഥനാണു ഞാൻ
ഒറ്റപ്പെടലിൻ്റെ കഷ്ടതയ്ക്കുള്ളിലും
വിധിയോടു പൊരുതുവാൻ
അതിജീവനം നേടാൻ കാലം
പെറ്റിട്ടൊരനാഥനാണു ഞാൻ
അവഗണനയിലാത്മാഭിമാ
നമെരിയുമ്പോൾ അഭിനവ
കുന്തിയുടെ മാതൃത്വമറിയുവാൻ
അതിജീവനം നേടാൻ പൊരുതുന്നു
കർണ്ണനെപ്പോലെ.
ആയുധമില്ലാതെ
കവചങ്ങളില്ലാതെയനാഥത്തിൻ
രണാങ്കണങ്ങളിലതിജീവനത്തിനായ്
പൊരുതുന്നൊരാനാഥനാണു ഞാൻ.
✍️ രാജേഷ് മാടക്കൽ