ഇത് വെറും തമാശ അല്ലാട്ടോ.😂
പണ്ട് പണ്ട് നമ്മുടെ ആൾക്കാർ ഗൾഫിലേക്ക് ലോഞ്ചിന് പോയിരുന്ന കാലത്തെ സംഭവമാണ്. ആ സംഭവകഥ ചുരുക്കി പറയാം.
ഒരു കമ്പനിയിൽ തൊഴിലാളികളെ ജോലിക്ക് എടുക്കുന്ന രംഗം. മലയാളികൾ അടക്കം ഒത്തിരിപേർ അവിടെ കൂടി നിൽക്കുന്നുണ്ട്.
അറബി ഉറക്കെ വിളിച്ചു പറഞ്ഞു : പഠിപ്പും സർട്ടിഫിക്കറ്റും ഉള്ളവർക്ക് കൂടുതൽ ശമ്പളം തരാം. അല്ലാത്തവർക്ക് ശമ്പളം കുറയും.
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
അതിൽ ഒരുത്തൻ കൂട്ടുകാരനോട് പറഞ്ഞു : എന്റെ കൈയ്യിൽ നാട്ടിലെ നാടക മത്സരത്തിന് കിട്ടിയ സർട്ടിഫിക്കറ്റ് ഉണ്ട്. തൽക്കാലം അതങ്ങു കാണിച്ചു കൊടുത്താലോ. അറബിക്ക് മലയാളം അറിയില്ലല്ലോ.
രണ്ടാമൻ : അതൊരു ഐഡിയ ആണല്ലോ. എന്റെ കൈയ്യിലും ഉണ്ട് ഓട്ടമത്സരത്തിനു പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ്.
അങ്ങനെ എല്ലാവരും അവരുടെ മുറികളിൽ പോയി ആർട്സ് / സ്പോർട്സ് സർട്ടിഫിക്കറ്റുകൾ പരമാവധി എടുത്തു. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അവർ വീതിച്ചു കൊടുത്തു. (പണ്ടത്തെ സ്നേഹവും ഒത്തൊരുമയും അങ്ങനെയായിരുന്നു).
അതിൽ ഒരുവൻ കൊണ്ടുവന്നതാവട്ടെ അയാളുടെ കല്യാണത്തിന് കിട്ടിയ മംഗളപത്രം. നല്ല വലിപ്പവും കാണാൻ നല്ല ചന്തവുമുള്ള തിളങ്ങുന്ന മംഗളപത്രം.
എല്ലാവരും അവരുടെ കൈയ്യിൽ ഉള്ള സർട്ടിഫിക്കറ്റുകൾ അറബിക്ക് കൊടുത്തു. അറബി “വായിച്ചു നോക്കി”. എഴുത്തും വായനയും ഇല്ലാത്ത അറബിക്ക് എന്ത് മനസ്സിലാവാൻ!
അങ്ങനെ “സർട്ടിഫിക്കറ്റുകൾ” ഉള്ള എല്ലാവരേയും ഉയർന്ന ജോലിക്ക് വെച്ചു.
അതിൽ മംഗളപത്രം അറബിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അറബി വിചാരിച്ചു, അതായിരിക്കും മുന്തിയ ഡിഗ്രി എന്ന്. അങ്ങനെ മംഗളപത്രത്തിന്റെ ഉടമക്ക് മാനേജർ പോസ്റ്റ് നൽകി.
എല്ലാവരും ഹാപ്പി. അറബി അതിലേറെ ഹാപ്പി.
ഇത് ചുമ്മാ തമാശയല്ല. ഉണ്ടായ സംഭവമാണ്. പണ്ടത്തെ പലരും ഇതുപോലെയുള്ള സംഭവങ്ങൾ പറഞ്ഞിട്ടുണ്ട്.
മലയാളികളുടെ കാഞ്ഞ ബുദ്ധി ഒന്നുവേറെ തന്നെയാണല്ലോ.
പോൾസൺ പാവറട്ടി ദുബായ്✍